തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളെ സംബന്ധിച്ച് പരാതികൾ വർധിച്ചതോടെ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നീക്കവുമായി ആരോഗ്യ വകുപ്പ്. പ്രത്യേക വിജിലൻസ് വിഭാഗം ആരോഗ്യ വകുപ്പിൽ രൂപീകരിക്കും.

വകുപ്പിൽ നിലവിലുള്ളത് ഒരു ജോയിന്റ് ഡയറക്ടർ മാത്രമുള്ള വിജിലൻസ് ആണ്. ഇതിനു പകരം ശക്തമായ വിജിലൻസ് വിഭാഗം രൂപീകരിക്കുന്നതു സംബന്ധിച്ചു ശുപാർശ നൽകാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി ആശ തോമസിനെ ചുമതലപ്പെടുത്തി.

നാല് വർഷത്തിനിടെ സർവീസിൽ നിന്നു വിരമിച്ച സ്‌പെഷലിസ്റ്റ് ഡോക്ടർമാർ, ആശുപത്രി അഡ്‌മിനിസ്‌ട്രേഷൻ വിദഗ്ദ്ധർ എന്നിവർ ഉൾപ്പെടുന്നതാകും വിജിലൻസ് സംഘം. ഇവർക്ക് മിന്നൽ പരിശോധന നടത്തി അപാകതകൾ കണ്ടെത്തി സർക്കാരിലേക്കു റിപ്പോർട്ട് നൽകാൻ അധികാരം നൽകും.

കാഷ്വൽറ്റിയിൽ പ്രവേശിപ്പിച്ചിട്ടു പോലും അടിയന്തര ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതികളും മന്ത്രിക്കു കിട്ടുന്നുണ്ട്. ഇത്തരം പരാതികൾ ജില്ലാ മെഡിക്കൽ ഓഫിസർക്കു കൈമാറുകയാണ് ആരോഗ്യ വകുപ്പ് ചെയ്യുന്നത്. ഡിഎംഒ വകുപ്പിന്റെ വീഴ്ച മറച്ചുവച്ചു റിപ്പോർട്ട് നൽകുന്നതായും പരാതിയുണ്ട്.

മന്ത്രി ആശുപത്രികളിൽ സന്ദർശനം നടത്തിയപ്പോഴാണ് ഇത്തരം പരാതികൾ നേരിട്ടു കേൾക്കാനിടയായത്. പല പരാതികളിലും നടപടി ഇല്ലെന്നു വകുപ്പിലെ ഫയലുകൾ പരിശോധിച്ചപ്പോഴും മനസ്സിലായി. കാഷ്വൽറ്റിയിൽ മിക്കപ്പോഴും പ്രധാന ഡോക്ടർമാർ ഉണ്ടാകാറില്ലെന്നാണു പരാതി. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തിയ മന്ത്രിക്ക് ഇക്കാര്യം നേരിട്ടു ബോധ്യപ്പെട്ടിരുന്നു.