തിരുവനന്തപുരം: കടം വാങ്ങിയും ഭാര്യയുടെ സ്വർണം വിറ്റും ആകെയുള്ള കിടപ്പാടം പണയം വച്ചും ഉപജീവനത്തിന് വേണ്ടി വാങ്ങിയ ഓട്ടോറിക്ഷ അന്നം മുടക്കിയ കഥയാണ് നേമം ശാന്തിവിള സ്വദേശി അൽ അമീന് പറയാനുള്ളത്. ശരിക്കും പറഞ്ഞാൽ ഓട്ടോറിക്ഷ അല്ല, ഡീലർമാരായ ഉള്ളൂർ ടിവി എസ് കോൺസെപ്റ്റ് ആണ് അൽ അമീൻ എന്ന അർദ്ധപഷ്ണിക്കാരന്റെ വയറ്റത്തടിച്ചത്. ജീവിതമാർഗത്തിന് വേണ്ടി എടുത്ത ഓട്ടോറിക്ഷ തിരിച്ചുകൊടുത്ത് നൽകിയ പണം തിരിച്ചുകിട്ടാൻ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് അൽ അമീൻ. ആകെയുണ്ടായിരുന്ന സമ്പാദ്യവും കടം വാങ്ങിയ പണവും ടിവി എസ് കോൺസെപ്റ്റ് എന്ന സ്ഥാപനം ചതിച്ച് തട്ടിയെടുത്തപ്പോൾ പറക്കമുറ്റാത്ത രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയുമടങ്ങിയ കുടുംബം ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ്.

വാങ്ങിയ അന്നുമുതൽ തന്നെ തകരാറുകളും ആ വാഹനത്തിന്റെ കൂടപ്പിറപ്പുകളായിരുന്നു. ഓഗസ്റ്റ് 6-ാം തീയതി ഷോറൂമിൽ നിന്നും ഓട്ടോറിക്ഷ ഇറക്കികൊണ്ടുവരുമ്പോഴാണ് ആദ്യമായി വണ്ടി ബ്രേക്കിട്ടപോലെ നടുറോഡിൽ നിന്നുപോകുന്നത്. തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ അൽഅമീൻ വണ്ടി ഔട്ട്ലെറ്റിൽ തിരിച്ചെത്തിച്ചു. അവർ പറഞ്ഞ പല അംഗീകൃത സർവീസ് സെന്ററുകളും കൊണ്ടുപോയി. എന്നാൽ നാൽപത്തിയൊന്ന് ദിവസം ഏകദേശം പത്തോളം വർക്ക് ഷോപ്പുകൾ കയറിഇറങ്ങിയിട്ടും വാഹനത്തിന്റെ യഥാർത്ഥ പ്രശ്നമെന്താണെന്ന് അവർക്ക് മനസിലാക്കാനാക്കാൻ സാധിച്ചില്ലെന്ന് അൽ അമീൻ പറയുന്നു.

സവാരിയുമായി പോകുന്ന ഓട്ടോ പകുതിവഴിയിൽ നിന്നുപോകുന്നത് സ്ഥിരമായി. യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനം തിരികെ കെട്ടിവലിച്ചുകൊണ്ടുവരേണ്ട ഗതികേടിലായി അൽ അമീൻ അതിനെ തുടർന്നാണ് ഒന്നുകിൽ പുതിയൊരു വാഹനം അല്ലെങ്കിൽ പണം തിരികെ തരുക എന്ന ആവശ്യവുമായി അദ്ദേഹം സെക്രട്ടറിയേറ്റിന് മുന്നിലും ഉള്ളൂർ ടിവി എസ് കോൺസെപ്റ്റിന് മുന്നിലും പ്രതിഷേധവുമായെത്തിയത്. എന്നാൽ ഗതികേട് കൊണ്ടുമാത്രം തെരുവിലേയ്ക്കിറങ്ങിയ അൽ അമീനെ ഗുണ്ടകളെ വിട്ട് വിരട്ടുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമാണ് കോൺസെപ്റ്റ് അധികൃതർ ചെയ്തത്.

അൽഅമീൻ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പരാതി അന്വേഷിക്കാനോ എഫ്ഐആർ ഇടാനോ ഇതുവരെയും അവർ തയ്യാറായിട്ടില്ല. മാത്രമല്ല പൊലീസ് തന്നെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ ശ്രമിക്കുകയും തന്റെ മൊബൈൽ പിടിച്ചുവാങ്ങി അതിലെ സ്വകാര്യ വാട്സാപ്പ് സന്ദേശങ്ങൾ പരസ്യമായി വായിച്ച് പരിഹസിക്കുകയുമാണ് ചെയ്തതെന്നും അൽ അമീൻ പറയുന്നു. ഇരയായ പരാതിക്കാരനെ പ്രതിയാക്കി ടിവി എസ് കോൺസപ്റ്റ് എന്ന വൻതോക്കിനെ സംരക്ഷിക്കാനാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ ശ്രമം.

അന്നത്തെ സംഭവത്തിന് ശേഷം അൽഅമീന്റെയും സുഹൃത്തും പൊതുപ്രവർത്തകനുമായ ജീമോൻ കല്ലുപുരയ്ക്കലിന്റെയും ഫോണുകളിലേയ്ക്ക് നിരന്തരം ഭീഷണികളുടയും പരിചയമില്ലാത്തവരുടെ സമ്മർദ്ദ സന്ദേശങ്ങളുടെയും പ്രവാഹമാണ്. ഇറങ്ങിയ അന്നുമുതൽ ഓട്ടോ ടീവിഎസിന്റെ ഉള്ളൂരിലേയും നെയ്യാറ്റിൻകരയിലേയും പൂന്തുറയിലേയും സർവ്വീസ് സെന്ററുകളിൽ മാറി മാറി പണിയാണെങ്കിലും അനന്തപുരം ബാങ്കിൽ ഓട്ടോയുടെ വായ്പ അടവ് കൃത്യമായി അടയ്ക്കേണ്ടതുണ്ട്.

വീട്ടിലെ മറ്റ് ബാധ്യതകളും അന്നന്നുള്ള ചെലവുകളും കഴിഞ്ഞുപോകാൻ എന്തുചെയ്യണമെന്ന് അൽ അമീന് അറിയില്ല. നീതി നൽകേണ്ട പൊലീസ് ഇരയെ വേട്ടയാടുകയാണ്. ആകെയുള്ള ആശ്രയമാകട്ടെ ഇന്ന് കട്ടപ്പുറത്തും. സ്വപ്നങ്ങൾ മരവിച്ച അൽ അമീന്റെ ചോദ്യം സമൂഹത്തോടാണ്.

' ഞാൻ എന്തു ചെയ്യണം... മരിക്കണോ അതോ ജീവിക്കണോ'.