- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് പൊലീസിന്റെ മർദ്ദനം; ഒല്ലൂർ പൊലീസിനെതിരെ പരാതിയുമായി പത്തൊൻപതുകാരൻ
തൃശൂർ: പ്രണയത്തിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് 19കാരന് പൊലീസിന്റെ മർദ്ദനം. തൃശ്ശൂർ സ്വദേശി സുജിത്ത് ആണ് ഒല്ലൂർ പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സ്റ്റേഷനിൽ വിളിച്ച് വരുത്തി കഴുത്തിലും കാലിലും മർദിച്ചെന്നാണ് യുവാവിന്റെ പരാതി. പ്രണയ ബന്ധത്തിൽ നിന്നും പിന്മാറണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. സംഭവത്തിൽ കമ്മീഷണർക്ക് പരാതി നൽകാനാണ് സുജിത്തിന്റെയും കുടുംബത്തിന്റെയും തീരുമാനം. അതേസമയം, പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ വ്യക്തത വരുത്താൻ സ്റ്റേഷനിൽ വിളിപ്പിച്ചെന്നാണ് പൊലീസിന്റെ വിശദീകരണം.
സുജിത്ത്, പടവരാട് സ്വദേശിയായ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. ബന്ധത്തെ എതിർത്ത വീട്ടുകാർ പലതവണ പറഞ്ഞിട്ടും സുജിത്ത് പിന്മാറിയില്ല. കഴിഞ്ഞ ദിവസം വീട്ടിൽ വച്ച് സംസാരിച്ചിട്ടും തീരുമാനമായില്ല. തുടർന്ന് സുജിത്ത് വീട്ടിൽ അതിക്രമിച്ച് കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാട്ടി വീട്ടുകാർ പരാതി നൽകി.
സംഭവത്തിൽ കേസെടുത്ത ഒല്ലൂർ പൊലീസ് കഴിഞ്ഞ ദിവസം സുജിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട് വ്യാഴാഴ്ച രാവിലെ വിളിച്ചു വരുത്തി മർദിച്ചു എന്നാണ് ആക്ഷേപം. എന്നാൽ യുവാവിനെ മർദിച്ചെന്ന കാര്യം പൊലീസ് നിഷേധിച്ചു. സ്റ്റേഷനിൽ നിന്നും വിട്ടയച്ച ശേഷവും പെൺകുട്ടിയുടെ ചിത്രം സുജിത്ത് സുഹൃത്തുക്കളുമായി പങ്കുവച്ചെന്ന് പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടെന്നും ഇതിൽ വ്യക്തത വരുത്താനാണ് വിളിപ്പിച്ചെതന്നുമാണ് വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ