അടൂർ: ഓഫീസ് തല്ലിത്തകർത്ത് കരിഓയിൽ ഒഴിക്കുകയും കൊടിമരം തകർക്കുകയും ചെയ്ത സിപിഎം-ഡിവൈഎഫ്ഐ നടപടിക്കെതിരേ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരം ലാത്തിച്ചാർജിൽ കലാശിച്ചു. സ്വന്തം കൊടിമരത്തിൽ കോൺഗ്രസുകാർ കൊടി കെട്ടുന്നത് തടഞ്ഞ പൊലീസിന് നേരെ കല്ലേറുണ്ടായി. കോൺഗ്രസുകാരെ കൈകാര്യം ചെയ്യാൻ വലയം ഭേദിച്ച് പാഞ്ഞടുത്ത ഡിവൈഎഫ്ഐക്കാരെ പൊലീസ് പൊതിരെ തല്ലി.വ്യാഴാഴ്ച വൈകിട്ട് ഒരു മണിക്കൂറോളം സെൻട്രൽ ജങ്ഷനിലാണ് സംഘർഷം അരങ്ങേറിയത്. പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ നിരവധി പേർക്ക് പരുക്കേറ്റു.

ആനന്ദപ്പള്ളിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് കരിഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂരിൽ പ്രകടനം നടത്തിയത്. വൈകിട്ട് ശ്രീമൂലം മാർക്കറ്റിന് സമീപമുള്ള കോൺഗ്രസ് ഓഫീസ് പരിസരത്തു നിന്നുമാണ് പ്രകടനം ആരംഭിച്ചത്. സെൻട്രൽ ജങ്ഷനിൽ എത്തിയതോടെ പ്രവർത്തകരിൽ ചിലർ കോൺഗ്രസിന്റെ കൊടിമരത്തിൽ കൊടി കെട്ടാൻ ശ്രമിച്ചു. ഇത് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണന്റെ നേതൃത്വത്തിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. എന്നാൽ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കൊടികൾ നശിപ്പിക്കാനാണെന്ന് കരുതിയാണ് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞത്. പൊലീസിനെ പ്രതിരോധിച്ച് പ്രവർത്തകർ കൊടി കെട്ടി. ഈ സമയം സിപിഎമ്മിന്റെ കൊടികൾ നശിപ്പിക്കുകയാണെന്ന് കരുതി ഡിവൈഎഫ്.ഐ പ്രവർത്തകർ പ്രകടനത്തിനു നേരെ പാഞ്ഞടുത്തു.

ഇരു കൂട്ടർക്കുമിടയിൽ പൊലീസ് പ്രതിരോധം തീർത്തു. ഇതിനിടെ കല്ലേറുണ്ടായി. പൊലീസ് സന്നാഹം മറികടന്ന് കോൺഗ്രസുകാർക്ക് നേരെ പോകാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ചിതറിയോടിയ പ്രവർത്തകർ സംഘം ചേർന്ന് പൊലീസിന് നേരെ തിരിഞ്ഞത് ഉന്തിലും തള്ളിലും കലാശിച്ചു. ഇരട്ടപ്പാലത്തിന് സമീപം മൂന്ന് തവണ ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ഇതിനിടയിൽ പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെ കോൺഗ്രസിന്റെ കൊടിമരം ഡിവൈഎഫ്ഐ പ്രവർത്തകർ പിഴുതെടുത്ത് നശിപ്പിച്ചു. കൊടി പറിച്ചെടുത്ത് കെഎസ്ആർടിസി ജങ്ഷനിൽ കൊണ്ട് വന്ന് തീയിട്ട് നശിപ്പിച്ചു. കല്ലേറിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ, ജില്ലാ സെക്രട്ടറി ചൂരക്കോട് ഉണ്ണികൃഷ്ണൻ എന്നിവർക്ക് പരുക്കേറ്റു. ലാത്തിച്ചാർജിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരുക്കുണ്ട്. ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു.