- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തങ്ങളുടെ ഗുജറാത്താണ് നേമം എന്ന ബിജെപിയുടെ വെല്ലുവിളി ഉമ്മൻ ചാണ്ടി ഏറ്റെടുക്കുമോ? ഏറ്റെടുക്കുമെങ്കിൽ ഏറ്റെടുക്കട്ടെ എന്ന് ആദ്യം പറഞ്ഞ കെപിസിസി അദ്ധ്യക്ഷൻ മലക്കം മറിഞ്ഞു; 'ആരാണ് ഈ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്..എവിടെ നിന്നാണ് നിങ്ങൾക്ക് വിവരം കിട്ടിയത് എന്ന് ചോദിച്ച് മുല്ലപ്പള്ളി; മനംമാറ്റം പുതുപ്പള്ളി വിടാനുള്ള ഉമ്മൻ ചാണ്ടിയുടെ വിമുഖത പുറത്തുവന്നതോടെ
തിരുവനന്തപുരം: സ്വന്തം തട്ടകമായ പുതുപ്പള്ളി വിട്ട് ഉമ്മൻ ചാണ്ടി മത്സരിക്കുമോ? കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി മാധ്യമങ്ങളിൽ ഇത്തരം ചർച്ചകൾ ശക്തമാവുകയാണ്. ഒരുവിഭാഗം കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദവും ഇതിന് പിന്നിലുണ്ട്. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചാ്ൽ തെക്കൻ കേരളത്തിലാകെ കോൺഗ്രസിന് ഉണർവാകും എന്നായിരുന്നു ഈ വിഭാഗത്തിന്റെ വാദം. ബിജെപിക്ക് ശക്തിയുള്ള നേമത്ത് ഉമ്മൻ ചാണ്ടിയും വട്ടിയൂർക്കാവിൽ രമേശ് ചെന്നിത്തലയും മത്സരിക്കുമെന്നൊക്കെയായിരുന്നു വാർത്തകൾ. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം തുടങ്ങും മുമ്പേയായിരുന്നു ഇത്തരം പ്രചാരണങ്ങൾ ചൂടുപിടിച്ചത്. എന്നാൽ, പിന്നീട് ഉമ്മൻ ചാണ്ടി തന്നെ ഇത്തരം വാർത്തകളെ തള്ളി രംഗത്തെത്തി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതിൽ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മൻ ചാണ്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുകയും ചെയ്തു.
കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലേതിലെങ്കിലും മത്സരിപ്പിക്കാനും പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെ നിർത്താനും ചർച്ചകൾ നടക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ താനുള്ളിടത്തോളം മകൻ ചാണ്ടി ഉമ്മൻ മത്സരിക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കുകയും ചെയ്തു.
ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്നും മാറേണ്ടതില്ലെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഒടുവിലത്തെ പ്രതികരണം. ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തിൽ ചർച്ചകൾക്ക് തുടക്കമിട്ടത് ആരാണെന്ന് അറിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞത്.
'ആരാണ് ഈ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. എവിടെ നിന്നാണ് നിങ്ങൾക്ക് (അത്തരമൊരു വിവരം കിട്ടിയത്. ഉറവിടമില്ലാത്ത ഒരു വാർത്തയെക്കുറിച്ച് എന്ത് ചർച്ച ചെയ്യാനാണ്. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്നും മാറേണ്ട സാഹചര്യമെന്താണ്?തുടർച്ചയായി അൻപത് വർഷമായി പുതുപ്പള്ളിയിൽ നിന്നും നിയമസഭയിലേക്ക് ജയിച്ചു വരുന്ന ആളാണ് ഉമ്മൻ ചാണ്ടി. കോൺഗ്രസ് രാഷ്ട്രീയത്തിലെ റെക്കോർഡാണ് അത്.
അദ്ദേഹത്തിന്റെ നിയമസഭാംഗത്വത്തിന്റെ അൻപതാം വാർഷികം കേരളീയ പൊതുസമൂഹം ഒന്നാകെയാണ് ആഘോഷിച്ചത്. ആ അനുമോദന ചടങ്ങിൽ ഞാനാണ് അധ്യക്ഷത വഹിച്ചത്. ഉമ്മൻ ചാണ്ടിയുടെ പോപ്പുലാരിറ്റിയെക്കുറിച്ച് നന്നായി അറിയാവുന്ന ആളെന്ന തരത്തിൽ അങ്ങനെയൊരു പ്രസ്താവന എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയില്ല.'-ഇതായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. തങ്ങളുടെ ഗുജറാത്താണ് നേമം എന്ന ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നെങ്കിൽ ഏറ്റെടുക്കട്ടെ എന്നായിരുന്നു നേരത്തെ കെപിസിസി പ്രസിഡന്റ് പറഞ്ഞത്. കുമ്മനം രാജശേഖരനാണ് ഇവിടെ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്. ഉമ്മൻ ചാണ്ടി ഏത് മണ്ഡലത്തിൽ നിന്നാലും ജയിക്കുമെന്നു ആദ്യം പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ പിന്നീട് അദ്ദേഹം പുതുപ്പള്ളി വിടേണ്ട സാഹചര്യമില്ലെന്ന് നിലപാട് മാറ്റുകയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ച നേമത്ത് ജയിച്ചുകയറുക എന്ന വെല്ലുവിളി ഉമ്മൻ ചാണ്ടി ഏറ്റെടുക്കുന്നു എന്നതരത്തിലായിരുന്നു പ്രചാരണം. ബിജെപിക്ക് സ്വാധീനമുള്ള വട്ടിയൂർക്കാവാകട്ടെ ഉപതിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന്റെ പക്കൽ നിന്ന് എൽ.ഡി.എഫ്. പിടിച്ചെടുത്ത മണ്ഡലമാണ്. ഇവിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മത്സരിക്കണമെന്ന നിർദ്ദേശവും ഉയർന്നു. എന്നാൽ, ഹരിപ്പാട് വിടാനില്ലെന്ന സൂചന ചെന്നിത്തലയും നൽകുന്നു. ബിജെപി.യുമായി നേരിട്ട് മുതിർന്ന നേതാക്കൾതന്നെ ഏറ്റുമുട്ടുന്നത് ന്യൂനപക്ഷവോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കുന്നതിന് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രചാരണങ്ങൾ കൊഴുക്കുന്നത്. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. എല്ലാം കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന നിലപാടാണ്് ഉമ്മൻ ചാണ്ടി ആവർത്തിച്ചത്
നേമം മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി മത്സരിക്കുകയാണെങ്കിൽ പൂർണ മനസ്സോടെ സ്വാഗതം ചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. രാഹുൽ ഗാന്ധി മത്സരിച്ചാലും നേമത്ത് ബിജെപി കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ