- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധ്യ കേരളത്തിൽ ജോസഫ് ചെണ്ട കൊട്ടിയിട്ടും പുതുപ്പള്ളി ഷോക്കിൽ എ ഗ്രൂപ്പ്; ബിജെപി ഫാക്ടറിലെ തിരുവനന്തപുരത്തെ തകർച്ച തളർത്തുന്നത് ഐ ഗ്രൂപ്പിനെ; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വിള്ളൽ ഞെട്ടുമ്പോൾ സംഘടനയിലെ പോരായ്മകൾ മുല്ലപ്പള്ളിക്കും തിരിച്ചടി; ജോസ് കെ മാണിയെ പറഞ്ഞു വിട്ടത് തെറ്റായി എന്ന തിരിച്ചറിവിലേക്ക് ലീഗ്; നിയമസഭ പിടിക്കാൻ കോൺഗ്രസിന് ഇനി വെല്ലുവിളികൾ എറെ
തിരുവനന്തപുരം: മധ്യ കേരളത്തിൽ ചെണ്ട കൊട്ടി ജയിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും പിജെ ജോസഫിന്റെ ചെണ്ട വിജയമെത്തിക്കുമെന്നും കരുതി. ബാർ കോഴയോടെ തന്നെ കേരളാ കോൺഗ്രസ് മാണിയെ മുന്നണിക്ക് പുറത്തു നിർത്താൻ കരുനീക്കം നടന്നിരുന്നു. എന്നാൽ മുസ്ലിംലീഗ് ഇടപെടൽ കാരണം കേരളാ കോൺഗ്രസ് യുഡിഎഫിൽ തുടർന്നു. മാണിയുടെ മരണത്തോടെ മകൻ ജോസ് കെ മാണിയെ കോൺഗ്രസ് പുറംകാലു കൊണ്ട് തള്ളി. ഇതിന്റെ ഫലമാണ് മധ്യകേരളത്തിലെ പരാജയത്തിന് കാരണമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. തെക്കൻ കേരളത്തിൽ ബിജെപിയുടെ മുന്നേറ്റവും കോൺഗ്രസ് ഭയപ്പാടോടെ കാണും.
തദ്ദേശത്തിൽ എന്നും മുൻതൂക്കം ഉണ്ടാക്കുന്നത് സിപിഎമ്മാണ്. അതുകൊണ്ട് തന്നെ വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ തവണ നേടിയ 7 ജില്ലാ പഞ്ചായത്ത് സീറ്റുകൾ പോലും കോൺഗ്രസ് മുന്നണിക്ക് നഷ്ടമായി. മുസ്ലിം ലീഗ് കരുത്തു കാട്ടുമ്പോൾ കോൺഗ്രസ് ദുർബ്ബലമായ അവസ്ഥ. നേതാക്കളുടെ കൂട്ടമായി പാർട്ടി മാറി. അതുകൊണ്ടാണ് ഇത്ര വലിയ തോൽവി ഉണ്ടായതെന്ന വിലയിരുത്തൽ കോൺഗ്രസിന് ഭയപ്പാട് കൂട്ടും. കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ തട്ടകത്തിൽ പോലും കോൺഗ്രസ് തോറ്റു. പൂഞ്ഞാറിൽ പിസി ജോർജു പോലും കരുത്തു കാട്ടുമ്പോഴാണ് പുതുപ്പള്ളിയിലെ തോൽവി. ഇത് കോൺഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കും.
മധ്യ കേരളത്തിൽ ജോസഫ് ചെണ്ട കൊട്ടിയിട്ടും പുതുപ്പള്ളി ഷോക്കിൽ എ ഗ്രൂപ്പ് അസ്വസ്ഥരാണ്. ചെന്നിത്തലയുടെ പിടിവാശിയിലാണ് ജോസ് കെ മാണിയെ കൈവിട്ടത്. ഇതിനൊപ്പം എംഎൽഎയാകാൻ കൊതിച്ച ചില എ ഗ്രൂപ്പ് നേതാക്കളുടെ മനസ്സും ഇതിന് കാരണായി. ഇത് വേണ്ടായിരുന്നുവെന്ന ചിന്ത മുസ്ലിംലീഗിനുണ്ട്. ബിജെപി ഫാക്ടറിലെ തിരുവനന്തപുരത്തെ തകർച്ച തളർത്തുന്നത് ഐ ഗ്രൂപ്പിനെയാണ്. നിയമസഭയിൽ തിരുവനന്തപുരത്ത് ജയിക്കാൻ ഇനി വെല്ലുവിളി ഏറെയാണ്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സ്വന്തം തട്ടകത്തിലെ വിള്ളൽ ഞെട്ടുമ്പോൾ സംഘടനയിലെ പോരായ്മകൾ മുല്ലപ്പള്ളിക്കും തിരിച്ചടിയാണ്. ഏകോപനത്തോടെ മുമ്പോട്ട് പോകാൻ മുല്ലപ്പള്ളിക്ക് കഴിയുന്നില്ല.
വെൽഫയർ പാർട്ടി സഖ്യത്തിലെ ഭിന്നതകൾ ഇതിന് കാരണമാണ്. കെ മുരളീധരൻ പോലും ഇതിനെ തള്ളി പറഞ്ഞു. ജോസ് കെ മാണിയെ പറഞ്ഞു വിട്ടത് തെറ്റായി എന്ന തിരിച്ചറിവിലേക്ക് ലീഗ് എത്തുകയാണ്. കൂടുതൽ ചോർച്ച യുഡിഎഫിൽ ഉണ്ടാകുമോ എന്ന ആശങ്ക അവർക്കുണ്ട്. മധ്യ കേരളത്തിൽ മുമ്പോട്ട് പോയാലേ നിയമസഭയിൽ ഭരണം നേടാൻ കഴിയൂവെന്ന ചിന്ത ലീഗിനുണ്ട്. എന്നാൽ ജോസ് കെ മാണിയെ തിരികെ കൊണ്ടു വരിക അസാധ്യമാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് മുന്നണിക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ ഏറെ വെല്ലുവിളികൾ ഉയരും.
മധ്യകേരളമായിരുന്നു എന്നും യുഡിഎഫിന്റെ കരുത്ത്. ഇതിനൊപ്പം തെക്കൻ കേരളവും. ഇതു രണ്ടും കോൺഗ്രസിനെ കൈവിട്ടിരിക്കുന്നു. യുഡിഎഫിന് ആശ്വാസമാകുന്നത് മുസ്ലിംലീഗിന്റെ സീറ്റ് നേട്ടങ്ങൾ മാത്രമാണ്. മലപ്പുറത്തെ കോട്ട കൊണ്ടു മാത്രം കേരളം പിടിക്കാനാകില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായതോടെ എ-ഐ ഗ്രൂപ്പുകൾക്ക് ഇന്ദിരാഭവനിൽ സ്വാധീനം കുറഞ്ഞു. അണികളുള്ള കോൺഗ്രസ് ഗ്രൂപ്പുകൾ സംഘടനാ പ്രവർത്തനത്തിൽ നിന്ന് പിന്മാറി. ഇതോടെ സംഘടന തീർത്തും ദുർബ്ബലമായി. വെൽഫയർ പാർട്ടിയുമായി അടുത്തത് പരമ്പരാഗത ഹിന്ദു വോട്ടുകളേയും അകറ്റി. എന്നാൽ കേരളാ കോൺഗ്രസിലൂടെ ക്രൈസ്തവ ന്യൂനപക്ഷവുമായി ഇടതുപക്ഷം അടുത്തു. കോൺഗ്രസിന്റെ ഏറ്റവും വലിയ ശക്തിയാണ് നഷ്ടമാകുന്നത്.
എൽഡിഎഫ് തേരോട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ തട്ടകവും കോൺഗ്രസിനെ കൈവിട്ടു എന്നത് എ ഗ്രൂപ്പിനേയും ഇരുത്തി ചിന്തിക്കും. 25 വർഷത്തിന് ശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്. എക്കാലവും കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പുതുപ്പള്ളിയാണ് ഇത്തവണ യുഡിഎഫിൽ നിന്ന് ചോർന്ന് പോയത്. പുതുപ്പള്ളിയിൽ എൽഡിഎഫ് ഏഴ്, യുഡിഎഫ് ആറ്, ബിജെപി മൂന്ന്, ഇടതു സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2015ൽ 11 സീറ്റുകൾ സ്വന്തമാക്കി കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു. ക്രൈസ്തവ വോട്ടുകൾ കൈവിടുന്നതിന്റെ സൂചനയാണ് ഇത്. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും കോൺഗ്രസിന് അടിയന്തര രക്ഷാ പ്രവർത്തനങ്ങൾ അനിവാര്യമാകും.
വാരിക്കോരി പിജെ ജോസഫിന് സീറ്റ് കൊടുത്തു. അമിത ആത്മവിശ്വാസം കാരണമായിരുന്നു ഇത്. ജോസ് കെ മാണിയെ ചെറുതാക്കാനുള്ള നീക്കം. എന്നാൽ ഇത് വലിയ തിരിച്ചടിയായി. ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിക്കൊപ്പം പിജെ ജോസഫിന്റെ എതിരാളി മത്സരിച്ചപ്പോൾ മാണി വികാരം കത്തി കയറി ഇടതുപക്ഷം മധ്യകേരളം പിടിച്ചു. ഇത് കോൺഗ്രസിനെ അസ്വസ്ഥ പെടുത്തും. 30 ലധികം നിയമസഭാ സീറ്റുകളിൽ ജോസ് കെ മാണിയുടെ രണ്ടില നിർണ്ണായക കക്ഷിയാണ്. അതുകൊണ്ട് തന്നെ നിയമസഭയിലും സിപിഎമ്മിന് മുൻതൂക്കം മധ്യകേരളത്തിൽ കിട്ടും. ഇതും കോൺഗ്രസിനെ വെല്ലുവിളി നിറഞ്ഞ ഭാവി കാലം നൽകും.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ആശ്വാസം പുതുപ്പള്ളിയിലെ തോൽവിയാണ്. ഐ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രങ്ങൾക്കൊപ്പം എ ഗ്രൂപ്പിന്റെ ഉറച്ച മണ്ണിലും ചുവപ്പു പട കത്തി കയറി. തിരുവനന്തപുരത്തെ തോൽവികൾ കോൺഗ്രസിന് തീർത്തും നിരാശപ്പെടുത്തും. തിരുവനന്തപുരത്ത് ജയിച്ചാലേ നിയമസഭയിൽ നേട്ടമുണ്ടാക്കാനാകൂ. ബിജെപി കരുത്തു കാട്ടുമ്പോൾ ന്യുനപക്ഷ വോട്ടുകൾ ജയസാധ്യതയുള്ള രണ്ടാമത്തെ പാർട്ടിക്ക് കിട്ടും. സിപിഎമ്മിന് കിട്ടുന്ന ഇപ്പോഴത്തെ കരുത്ത് അതുകൊണ്ട് തന്നെ ഭാവിയിൽ കോൺഗ്രസിന് വലിയ തലവേദനയാകും.
മറുനാടന് മലയാളി ബ്യൂറോ