കൊച്ചി: പോസിറ്റീവ് ചർച്ചകൾ മാത്രമാകും ഇനി കോൺഗ്രസ് നടത്തുക. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം മതിയായ കരുതലുകൾ എടുക്കും. നയപരമായ തീരുമാനങ്ങൾക്കുള്ള സമിതിയെ നയിക്കാൻ ജെ എസ് അടൂർ എന്ന ജോൺ സാമുവൽ എത്തുമ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം നേട്ടമാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. മതിയായ സീറ്റുകൾ എല്ലാ ഘടകകക്ഷിക്കും നൽകും. പാലായിൽ മത്സരിക്കാൻ എൻസിപിയുടെ മാണി സി കാപ്പൻ എത്തുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ ആ സീറ്റ് കാപ്പനായി മാറ്റി വയ്ക്കും.

മുസ്ലിം ലീഗ് അഞ്ച് സീറ്റുകൾ കൂടുതലായി ചോദിക്കുന്നുണ്ട്. അവർക്ക് മൂന്ന് സീറ്റ് വരെ കൊടുക്കും. ആർ എസ് പിക്ക് ഒരു സീറ്റും കൂടുതലായി നൽകും. കരുതലോടെ തീരുമാനങ്ങൾ എടുക്കുന്ന വ്യക്തിയാണ് ജോൺ സാമുവൽ. വ്യക്തമായ പദ്ധതികൾ ആവിഷ്‌കരിക്കാനും കഴിയും. അതു കൊണ്ട് തന്നെ സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം ജോൺ സാമുവലിന് പങ്കുണ്ടാകും. ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കാനും മറ്റും ജോൺ സാമുവലിന്റെ ഉപദേശം തേടും. എങ്ങനേയും നല്ല സ്ഥാനാർത്ഥികളെ കണ്ടെത്തി വിജയം ഉറപ്പിക്കാനാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ ശ്രമം.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം വിട്ടുപോയ ക്രൈസ്തവ വിഭാഗങ്ങളെ ചേർത്തു നിർത്താനുള്ള വലിയ പരിശ്രമത്തിലാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി സഭാ നേതാക്കളുമായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കൂടിക്കാഴ്‌ച്ച നടത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ്, കെ.എസ്.യു അടക്കമുള്ള പോഷക സഘടനാ പ്രതിനിധികളുമായുള്ള എഐസിസി ചർച്ചകളും സമാന്തരമായി പുരോഗമിക്കുകയാണ്. 50 ശതമാനത്തോളം പ്രാതിനിധ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ വേണമെന്നും സ്ഥിരം മുഖങ്ങൾ മാറിനിൽക്കണമെന്നുമാണ് യൂത്ത് കോൺഗ്രസ് നിലപാട്. മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ ഒന്നിച്ച് യോഗം വിളിക്കണമെന്ന ആവശ്യം കെ.എസ്.യു മുന്നോട്ടുവെച്ചു.

അതേസമയം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു അജണ്ട നിശ്ചയിക്കുന്ന ജോൺ സാമുവൽ എന്ന ജെഎസ് അടൂരിനെ നിയമിച്ചതും സുപ്രധാന നീക്കമാണ്. തെരഞ്ഞെടുപ്പിൽ എങ്ങനെ നീങ്ങണം എന്ന തന്ത്രം മെനയുക ഇനി പൊതുജനങ്ങളുടെ പൾസ് അറിയുന്ന ജോൺ സാമുവലാകും. സാമുവലിനെ നിയമിച്ചത് സുപ്രധാന നീക്കമായി പൊതുവേ വിലയിരുത്തപ്പെടുന്നു. സ്ഥാനാർത്ഥി നിർണയമാണ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പലപ്പോഴും വലിയ പ്രശ്നമുണ്ടാക്കുന്ന കാര്യം. ഇതിനും ഇക്കുറി പരിഹാരമുണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമം. നിയമസഭാ സ്ഥാനാർത്ഥി നിർണയം പൂർണമായും യോഗ്യതയുടെയും പൊതു സ്വീകാര്യതയുടെയും അടിസ്ഥാനത്തിൽ ആയിരിക്കുമെന്നു സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോട് എഐസിസി പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പുകളുടെ കുത്തിത്തിരിപ്പ് ഇക്കാര്യത്തിൽ പരിഗണിക്കില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ഗ്രൂപ്പുകൾ മറ്റെല്ലാം മാറ്റിവച്ചു വിജയത്തിനായി പ്രവർത്തിക്കണമെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചു.

നാളെ നടക്കുന്ന യുഡിഎഫ് നേതൃയോഗം നിയമസഭാ സീറ്റ് വിഭജന ചർച്ചയ്ക്ക് തുടക്കം കുറിക്കും. മാധ്യമങ്ങളിലൂടെയുള്ള പരസ്യ സീറ്റ് ചർച്ച ഇത്തവണ ഒഴിവാക്കണമെന്ന നിലപാട് നേതൃത്വം എടുത്തേക്കും. പകരം എൽഡിഎഫ് അവലംബിക്കുന്ന രഹസ്യരീതിയാണ് ഉദ്ദേശിക്കുന്നത്. വിവാദങ്ങൾ ഒഴിവാക്കാൻ ഇതു സഹായിക്കുമെന്ന് നേതൃത്വം കരുതുന്നു. ഒരു മാസത്തിനുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും നേരത്തെ പൂർത്തിയാക്കുമെന്ന് കോൺഗ്രസ് അവകാശപ്പെട്ടെങ്കിലും നടപ്പായിരുന്നില്ല.

മുസ്ലിംലീഗ് കൂടുതൽ സീറ്റ് ചോദിക്കാനാണ് സാധ്യത. കേരള കോൺഗ്രസ് എമ്മും എൽജെഡിയും മുന്നണി വിട്ടുപോയതിനാൽ കൂടുതൽ സീറ്റ് ലഭ്യമാണ്. അതിൽ ഒരു പങ്ക് വേണമെന്നാണ് ആവശ്യം. ആർഎസ്‌പി, കേരള കോൺഗ്രസ് (ജേക്കബ്), സിഎംപി എന്നിവരെല്ലാം ഈ ഒഴിവുകളിൽ കണ്ണുനട്ട് കൂടുതൽ സീറ്റ് ചോദിക്കാനുള്ള ഒരുക്കത്തിലാണ്. കേരള കോൺഗ്രസും എൽജെഡിയും കൂടി 2016 ൽ 22 സീറ്റിലാണ് മത്സരിച്ചത്. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് ആറു മുതൽ ഏഴ് സീറ്റ് ലഭിക്കാൻ സാധ്യതയുണ്ട്. ബാക്കി സീറ്റുകളിൽ ലീഗിനൊപ്പം കോൺഗ്രസും കണ്ണുവച്ചിട്ടുണ്ട്. മധ്യകേരളത്തിൽ മാണി വിഭാഗം മത്സരിച്ചിരുന്ന പല സീറ്റുകളും പണ്ടേ കോൺഗ്രസ് ആഗ്രഹിക്കുന്നതാണ്.

പിസി ജോർജിനും സീറ്റ് നൽകിയേക്കും. പിസി ജോർജിന് കുറഞ്ഞത് രണ്ട് സീറ്റെങ്കിലും കൊടുക്കേണ്ടി വരും. 2016 നു ശേഷം യുഡിഎഫിന്റെ ഭാഗമായ ഫോർവേഡ് ബ്ലോക്ക്, ഭാരതീയ നാഷനൽ ജനതാദൾ എന്നീ ചെറു കക്ഷികൾക്ക് അധികം സീറ്റ് മാറ്റിവയ്ക്കാനിടയില്ല. ഓരോ സീറ്റ് മത്സരിക്കാൻ നൽകിയേക്കും. എന്നാൽ, എൻസിപിയിലെ ഒരു വിഭാഗം വന്നാൽ 34 സീറ്റ് കണ്ടെത്തേണ്ടിവരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കക്ഷിനേതാക്കളുടെയും നേതൃത്വത്തിൽ കേരള യാത്ര നടത്തുന്നതു യോഗം ചർച്ച ചെയ്യും.

യുഡിഎഫിന്റെ കീഴ്ഘടകങ്ങൾ ശക്തമാക്കുക, തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിക്കുക, പ്രകടന പത്രികാസമിതിക്ക് രൂപം കൊടുക്കുക എന്നിവയും ചർച്ച ചെയ്യും.