- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോഹിക്കുന്നത് 60 സീറ്റുകൾ; 50 സീറ്റുകളിൽ എങ്കിലും ജയിച്ചേ മതിയാവൂ; സിറ്റിങ് സീറ്റുകൾ അടക്കം ഏറ്റവും സാധ്യതയുള്ള 50 മണ്ഡലങ്ങളിൽ ഗ്രൂപ്പ് നോക്കാതെ വിജയസാധ്യത കണക്കിലെടുത്ത് മാത്രം സീറ്റ് നിർണ്ണയം; ഭരണം ഉറപ്പിക്കാൻ കോൺഗ്രസ് അരയും തലയും മുറുക്കി രംഗത്ത്
തിരുവനന്തപുരം: കോൺഗ്രസിന്റെ മനസ്സിലെ മോഹം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 60ൽ അധികം എംഎൽഎമാരാണ്. ഇത് സാധിച്ചെടുക്കാൻ പറ്റിയാൽ സമ്മർദ്ദമില്ലാതെ യുഡിഎഫിനെ നയിക്കാം. ഭരണം കിട്ടുമ്പോൾ ആരുടേയും സമ്മർദ്ദത്തിന് വഴങ്ങേണ്ടിയും വരില്ല. ഇതാണ് മോഹം. 50 സീറ്റാണ് കുറഞ്ഞ ടാർഗറ്റ്. അമ്പത് സീറ്റിൽ ജയിക്കാനായില്ലെങ്കിൽ യുഡിഎഫിന് ഭരണം പോലും നഷ്ടമാകും. അതുകൊണ്ട് തന്നെ കരുതലോടെയാകും കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയം.
സിറ്റിങ് സീറ്റുകൾ അടക്കം ഏറ്റവും സാധ്യതയുള്ള 50 മണ്ഡലങ്ങളിൽ ഗ്രൂപ്പ് നോക്കാതെ വിജയസാധ്യത കണക്കിലെടുത്ത് മാത്രം സ്ഥാനാർത്ഥി നിർണ്ണയം നടത്തും, ഭരണം ഉറപ്പിക്കാൻ കോൺഗ്രസ് അരയും തലയും മുറുക്കി കോൺഗ്രസ് ഹൈക്കമാണ്ട് തന്നെ സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള കാര്യങ്ങൾ നടത്തും. 20 സീറ്റിനു മുകളിൽ നേടാൻ മുസ്‌ലിം ലീഗിനു സാധിക്കുമെന്നാണു ഹൈക്കമാൻഡിന്റെ കണക്കുകൂട്ടൽ. കേരള കോൺഗ്രസ് (ജോസഫ്/ ജേക്കബ്), ആർഎസ്‌പി, സിഎംപി അടക്കമുള്ള ഘടകകക്ഷികൾ നേടുന്ന സീറ്റുകൾ കൂടി ചേർക്കുമ്പോൾ യുഡിഎഫിന് ഭരണമുറപ്പിക്കാം. 71 സീറ്റ് ആണു കേവല ഭൂരിപക്ഷം.
കോൺഗ്രസ് നിർബന്ധമായും ജയിക്കേണ്ട 50 മണ്ഡലങ്ങൾ കണ്ടെത്തി അവയെ എ ക്ലാസ് സീറ്റുകളായി പരിഗണിക്കും. കടുത്ത മത്സരം കാഴ്ചവച്ചാൽ ജയിക്കാവുന്ന സീറ്റുകളെ ബി ക്ലാസിലും എതിർ കക്ഷികളുടെ കോട്ടകളെ സി ക്ലാസിലുമുൾപ്പെടുത്തും. എ-ബി ഗ്രൂപ്പുകളിലെ സീറ്റിൽ വൻ മത്സരം കാഴ്ച വയ്ക്കും. 2016 ൽ പാർട്ടി ജയിച്ച 22 സീറ്റുകളും മികച്ച ജയസാധ്യതയുള്ള മറ്റു മണ്ഡലങ്ങളുമാണ് എ വിഭാഗത്തിലുൾപ്പെടുത്തുക. കഴിഞ്ഞ തവണ നേരിയ വോട്ടുകൾക്കു തോറ്റ മണ്ഡലങ്ങളും പിടിച്ചെടുക്കാൻ കർമ്മ പദ്ധതിയുണ്ടാകും.
ഗ്രൂപ്പ് പരിഗണനകൾ മാറ്റിവച്ച് ജയസാധ്യത മാത്രം മാനദണ്ഡമാക്കി ഇവിടേക്കുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കും. കഴിഞ്ഞ തവണ മത്സരിച്ചുവെന്ന കാരണത്താൽ മണ്ഡലങ്ങളിൽ അവകാശവാദം ഉന്നയിക്കാൻ ഗ്രൂപ്പുകളെ അനുവദിക്കില്ല. ഇതെല്ലാം ഹൈക്കമാണ്ട് കൃത്യമായി തന്നെ ഉറപ്പാക്കും. ഡിസിസികൾ, പാർലമെന്റംഗങ്ങൾ, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി എന്നിവ മുന്നോട്ടു വയ്ക്കുന്ന പേരുകളിൽനിന്ന് ഏറ്റവും ജയസാധ്യതയുള്ളവരെ കണ്ടെത്തും.
മൂന്ന് സ്വകാര്യ ഏജൻസികളെ ഉപയോഗിച്ച് രഹസ്യ സർവേ നടത്താനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. 3 സർവേ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാവും ഹൈക്കമാൻഡിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സംസ്ഥാന ജാഥ അവസാനിക്കുന്ന 22നു മുൻപ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂർത്തിയാക്കും. അതിന് ശേഷം സ്ഥാനാർത്ഥി നിർണയത്തിലേക്കു കടക്കും. ഈ മാസം അവസാനത്തോടെ പട്ടികയ്ക്കു രൂപം നൽകും. പിന്നീട് പ്രചരണത്തിലും സജീവമാകും.
മലബാറിൽ നിന്ന് പരമാവധി സീറ്റുകൾ നേടുകയെന്നതാണ് കോൺഗ്രസ് ലക്ഷ്യം. കേരളത്തിൽ പ്രചാരണത്തിനെത്തുന്ന രാഹുൽ മലബാറിലായിരിക്കും കൂടുതൽ സമയം ചെലവഴിക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ രാഹുൽ ക്യാമ്പും മലബാറിൽ എത്തും. ഷമാ മുഹമ്മദ് അടക്കം നിയമസഭയിലേക്ക് മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയും കോഴിക്കോടും പാലക്കാടും ആലത്തൂരും കാസർഗോഡും ജയിക്കാമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കമെന്നാണ് കോൺഗ്രസിന്റെ കണക്കു കൂട്ടൽ.
സി പി എമ്മിന്റെ ഉരുക്കുകോട്ടകളായ പല മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെയാകും കോൺഗ്രസ് കളത്തിലിറക്കുക. അപ്രതീക്ഷിത സ്ഥാനാർത്ഥികൾ എത്തും. രാഹുൽ വയനാട്ടിൽ നിന്നുള്ള എംപിയായതിനാൽ കൂടുതൽ സീറ്റുകൾ മലബാറിൽ നിന്ന് കിട്ടുമെന്നാണ് പ്രതീക്ഷ. രാഹുലും സംഘവും വയനാട്-കോഴിക്കോട് മേഖലയിലാകും സജീവമാകുക. ഐ ടി സെൽ അടക്കം എല്ലാ സർവ്വേ സംവിധാനങ്ങളും ഉണ്ടാകും. കോഴിക്കോട് നോർത്തും സൗത്തും ബേപ്പൂരും വൻ ഭൂരിപക്ഷത്തിൽ ജയിക്കുകയാണ് പ്രധാന ലക്ഷ്യം.
മലബാറിലെ ആറ് ജില്ലകളിൽ നിന്നായി 35 സീറ്റാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് 15 സീറ്റ് വരെയാണ് ലക്ഷ്യമിടുന്നത്. ബാക്കി സീറ്റുകൾ ലീഗ് പിടിക്കുമെന്നും കണക്കു കൂട്ടുന്നു. മലബാറിൽ കരുത്ത് കാട്ടിയില്ലെങ്കിൽ ഭരണം കിട്ടിയാലും വ്യക്തമായ മുൻതൂക്കം ഭരണത്തിൽ ഉണ്ടാകുമെന്ന് കരുതുന്നില്ല. കൊയിലാണ്ടി, പൊന്നാനി, ഉദുമ മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ ആക്ഷൻ പ്ലാനുണ്ടാകും. നാദാപുരവും പേരാമ്പ്രയും ജയിക്കുമെന്ന് കോൺഗ്രസ് കരുതുന്ന മണ്ഡലങ്ങളാണ്.
ആറ് ജില്ലകളിൽ നിന്നായി ആറ് എം എൽ എമാരാണ് കോൺഗ്രസിനുള്ളത്. അറുപത് നിയമസഭാ മണ്ഡലങ്ങളുണ്ട് ഈ ജില്ലകളിൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്ന് 23 സീറ്റുകളാണ് 2016ൽ യു ഡി എഫിന് ലഭിച്ചത്. ഇതിൽ 17 സീറ്റും ലീഗിന്റേതായിരുന്നു. കോഴിക്കോട് കോൺഗ്രസിന് എംഎൽഎമാർ പോലുമില്ല. ഇതിനെല്ലാം മാറ്റം കൊണ്ടു വരാനാണ് നീക്കം. തദ്ദേശത്തിലും ഈ മേഖലയിൽ നേട്ടമുണ്ടായില്ല. ഇതിന് കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ പോരായ്മയായിരുന്നു. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കാര്യത്തിൽ രാഹുൽ നേരിട്ട് ഇടപെടും.
ആറ് ജില്ലകളിലായി 31 സീറ്റിലാണ് കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ചത്. പേരാവൂർ, ഇരിക്കൂർ, ബത്തേരി, വണ്ടൂർ, പാലക്കാട്, തൃത്താല മണ്ഡലങ്ങളിൽ മാത്രം ജയമൊതുങ്ങി. ലീഗാണെങ്കിൽ മത്സരിച്ചത് 21 സീറ്റിലാണ്. അതിൽ 17 സീറ്റും നേടി. നാല് സിറ്റിങ് സീറ്റുകളാണ് മലബാറിൽ കോൺഗ്രസിന് നഷ്ടമായത്. എൽജെഡി കൽപ്പറ്റയിലും തോറ്റു. കണ്ണൂർ, മാനന്തവാടി, നിലമ്പൂർ, പട്ടാമ്പി, കൽപ്പറ്റ മണ്ഡലങ്ങളാണ് ആ സിറ്റിങ് സീറ്റുകൾ. കോൺഗ്രസിന്റെ ഒന്നാം പട്ടികയിൽ നഷ്ടപ്പെട്ട അഞ്ച് സിറ്റിങ് സീറ്റ് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള ആറ് സീറ്റിനൊപ്പം ഈ അഞ്ചും കൂടി കിട്ടിയാൽ പതിനൊന്ന് സീറ്റിലേക്ക് മലബാറിൽ കുതിക്കാം.
തിരുവമ്പാടി സീറ്റ് ഏറ്റെടുക്കുന്നതും കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. 2016ൽ കോൺഗ്രസിന് നഷ്ടമായ സിറ്റിങ് സീറ്റുകളുടെ പട്ടികയിലാണ് തിരുവമ്പാടി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദ സർവ്വേകൾ കോൺഗ്രസ് നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഇത്. വടക്കൻ ജില്ലകളിൽ 16 നിയമസഭ മണ്ഡലങ്ങൾ കോൺഗ്രസിന് കൂടുതൽ വിജയസാധ്യതയുള്ള എ കാറ്റഗറി സീറ്റുകളെന്നു സർവേ റിപ്പോർട്ട് പറയുന്നു. ആറു സിറ്റിങ് സീറ്റുകൾ ഉൾപ്പെടെയാണ് 16 എണ്ണം എ കാറ്റഗറിയിലായത്. ജയം ഉറപ്പുള്ള സീറ്റുകളും ജയിക്കാൻ സാധ്യതയുള്ള സീറ്റുകളുമാണ് എ കാറ്റഗറിയിൽ. പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കോൺഗ്രസ് മികച്ച ജയങ്ങൾ പ്രതീക്ഷിക്കുന്നത്.
50-50 ചാൻസുള്ള സീറ്റുകളെയാണു ബി കാറ്റഗറിയിൽ പെടുത്തിയത്. ഇത്തരം 10 സീറ്റുകൾ വടക്കൻ ജില്ലകളിലുണ്ട്. ഇതിൽ നാലെണ്ണം നേരിയ മുൻതൂക്കമുള്ളതാണെന്നാണു റിപ്പോർട്ട്. എ, ബി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കെപിസിസിക്ക് ഹൈക്കമാണ്ട് നിർദ്ദേശം നൽകി. വടക്കൻ ജില്ലകളിലെ 60 നിയമസഭാ സീറ്റുകളിൽ 31 എണ്ണത്തിലാണു 2016ൽ കോൺഗ്രസ് മത്സരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ