തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിൽ ആശയക്കുഴപ്പം തുടരുന്നു. ഇപ്പോൾ തയ്യാറാക്കിയ ചുരുക്കപ്പട്ടികയ്ക്കു ബദലായി പുതിയ പേരുകൾ ഇനി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നൽകില്ല. അതിനിടെ കോട്ടയത്ത് ചാണ്ടി ഉമ്മനെ ഡിസിസി അധ്യക്ഷനാക്കാമെന്ന ഫോർമുലയും മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാൽ വേണ്ടെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. എ ഗ്രൂപ്പിനെ തകർക്കാനുള്ള പദ്ധതിയാണ് ഇതിന് പിന്നിലെന്ന് ഉമ്മൻ ചാണ്ടിയും തിരിച്ചറിയുന്നു.

പാലക്കാട്ട് എവി ഗോപിനാഥിനെ ഡിസിസി അധ്യക്ഷനാക്കിയേക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാട് ഹൈക്കമാണ്ട് അംഗീകരിക്കും. അതിനിടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ആശയവിനിമയത്തിനു ഹൈക്കമാണ്ടും തയ്യാറല്ല. അന്തിമപട്ടിക ഹൈക്കമാൻഡിനു സമർപ്പിക്കുംമുമ്പ് കേരളത്തിലെത്തി ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തുമെന്ന കെപിസിസി. പ്രസിഡന്റ് കെ. സുധാകരന്റെ വാക്ക് അട്ടിമറിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

ഏകപക്ഷീയമായി ഡി.സി.സി. പ്രസിഡന്റുമാരുടെ പേരുകൾ സമർപ്പിച്ചുവെന്നുമാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. ഡൽഹിയിൽ എംപി.മാരുമായുള്ള ചർച്ചയ്ക്കുചെന്ന സുധാകരനിൽ സമ്മർദം ചെലുത്തി അന്തിമപട്ടിക തയ്യാറാക്കിച്ചുവെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിശ്വാസം. ഇതിന്റെ വിശദാംശങ്ങൾ നേരത്തെ മറുനാടൻ പുറത്തു വിട്ടിരുന്നു. അതിനിടെ സാധ്യതാ പട്ടികയിൽ വയനാട്ടിലേക്ക് കെസി വേണു ഗോപാൽ നിർദ്ദേശച്ച നേതാവിനെതിരെ ആരോപണവും സജീവമാണ്.

വർക്കിങ് പ്രസിഡന്റുമാരെക്കൂടി ഒപ്പംകൂട്ടി ഡൽഹിയിൽെവച്ച് ചർച്ച നടത്തി പട്ടിക അന്തിമമാക്കിയത് ഗ്രൂപ്പുകളെ ഒഴിവാക്കാനാണ്. വിമർശനം ശക്തമായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഡിസിസി അധ്യക്ഷനാക്കാൻ മറ്റ് പേരുകൾ പരിഗണിക്കുന്നുണ്ട്. മണക്കാട് സുരേഷ് എന്ന പേരിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇത്. കൊല്ലത്ത് ചന്ദ്രശേഖരനേയും മാറ്റുമെന്നും സൂചനകളുണ്ട്. എന്നാൽ എന്തു വേണമെങ്കിലും ചെയ്യട്ടേ എന്ന നിലപാടിലാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും.

അന്തിമ പട്ടിക നൽകിയെന്ന വിവരം വന്നപ്പോൾത്തന്നെ ഉമ്മൻ ചാണ്ടിയും രമേശും തങ്ങളുടെ അഭിപ്രായം കേൾക്കണമെന്നും ചർച്ച പൂർത്തിയായിട്ടില്ലെന്നും കാണിച്ച് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്തയച്ചിരുന്നു. എന്നിട്ടും ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് അനുനയ ശ്രമങ്ങളുണ്ടായിട്ടില്ല. എന്നാൽ ഡി.സി.സി.കളുടെ പുനഃസംഘടന ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും.

ചുരുക്കപ്പട്ടികയിൽ നിന്ന് അന്തിമ പട്ടിക തീരുമാനിക്കാനുള്ള നടപടികൾ ഹൈക്കമാൻഡ് ആരംഭിച്ചു എന്നാണ് സൂചന. ഡിസിസി പ്രസിഡന്റുമാരായി ഏതാനും ജില്ലകളിൽ ഒന്നിലധികം പേരുകൾ സംസ്ഥാന നേതൃത്വം കൈമാറിയിട്ടുണ്ട്. ഇതിൽ നിന്ന് ഓരോരുത്തരെ വീതം തീരുമാനിക്കും. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഹൈക്കമാൻഡിനു രേഖാമൂലം പരാതി നൽകിയതു കൂടി കണക്കിലെടുത്താണു പട്ടികയുടെ പ്രഖ്യാപനം നീളുന്നത് എന്ന സൂചനയാണു ശക്തം.

ഡൽഹിയിൽ നടന്ന സംഭവവികാസങ്ങളിൽ സുധാകരനും അതൃപ്തിയുണ്ടെന്നാണ് മറുനാടന് ലഭിച്ച സൂചന. പ്രതിപക്ഷ നേതാവ് വിഡി സതീശനും എഐസിസി ജനറൽ സെക്രട്ടറിയും ചേർന്ന് ചർച്ചകൾ അട്ടിമറിച്ചുവെന്നാണ് ആരോപണം. ഡൽഹിയിലുള്ള എംപിമാരുമായി കോൺഗ്രസ് പുനഃസംഘടനയിലെ ചർച്ചകളാണ് സുധാകരൻ ലക്ഷ്യമിട്ടത്. അവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കാനായിരുന്നു ഇടപെടൽ. ഡൽഹിയിൽ എത്തിയപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. എത്രയും വേഗം പട്ടിക നൽകണമെന്ന നിർദ്ദേശം എത്തി.

ഇത് സുധാകരന്റെ താൽപ്പര്യത്തിന് വിരുദ്ധമായിരുന്നു. ഇതോടെ തയ്യാറാക്കിയ പട്ടിക ഹൈക്കമാണ്ടിന് കൈമാറി സുധാകരൻ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.

രാഹുൽ ഗാന്ധിക്ക് കെപിസിസി നൽകിയ സാധ്യതാ പട്ടിക ഇങ്ങനെ

തിരുവനന്തപുരം: മണക്കാട് സുരേഷ്(കെസി വേണുഗോപാൽ)
കൊല്ലം: ആർ ചന്ദ്രശേഖർ(വിഡി സതീശൻ), രാജേന്ദ്രപ്രസാദ്(കൊടിക്കുന്നിൽ സുരേഷ്)
ആലപ്പുഴ: ബാബുപ്രസാദ്(ഐ ഗ്രൂപ്പ്), എംജെ ജോബ്(കെസി വേണുഗോപാൽ)
എറണാകുളം; മുഹമ്മദ് ഷിയാസ്(വിഡി സതീശൻ), ഐകെ രാജു(ഐ ഗ്രൂപ്പ്)
കോട്ടയം: നാട്ടകം സുരേഷ്(തിരുവഞ്ചൂർ രാധാകൃഷ്ണൻ)
പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പിൽ(പിജെ കുര്യൻ)
ഇടുക്കി: സിപി മാത്യു
തൃശൂർ: അനിൽ അക്കര(ടിഎൻ പ്രതാപൻ), ജോസ് വെള്ളൂർ(കെ സുധാകരൻ)
പാലക്കാട്: എ തങ്കപ്പൻ(കെസി വേണുഗോപാൽ), എവി ഗോപിനാഥ്
മലപ്പുറം: ആര്യാടൻ ഷൗക്കത്ത്, വി എസ് ജോയ്(എ ഗ്രൂപ്പ്)
കോഴിക്കോട്: കെ പ്രവീൺ കുമാർ(കെ മുരളീധരൻ)
വയനാട്:കെകെ അബ്രഹാം(കെസി വേണുഗോപാൽ)
കണ്ണൂർ: മാർട്ടിൻ ജോർജ്(കെ സുധാകരൻ)
കാസർകോട്: ഖാദർ മങ്ങാട്(എഗ്രൂപ്പ്), നീലകണ്ഠൻ(ഐ ഗ്രൂപ്പ്)

പ്രതീക്ഷിച്ച പലരും ഈ പട്ടികയിൽ ഇല്ലെന്നതാണ് വസ്തുത. തൃശൂരിൽ പത്മജാ വേണുഗോപാലും പത്തനംതിട്ടയിൽ പഴകുളം മധുവും സാധ്യതാ പട്ടികയിൽ ഇല്ല. എറണാകുളത്ത് പിടിമുറുക്കാനുള്ള വിഡി സതീശന്റെ തന്ത്രങ്ങളും ഐ ഗ്രൂപ്പിനെ അലോസരപ്പെടുത്തുന്നുണ്ട്. കണ്ണൂരിൽ മാത്രമാണ് കെ സുധാകരന് സ്വന്തം താൽപ്പര്യം ഇതുവരെ അംഗീകരിപ്പിക്കാൻ കഴിഞ്ഞത്.

പാലക്കാട് വിടി ബൽറാമിന് വേണ്ടി ആരും വാദിച്ചില്ല. എവി ഗോപിനാഥ് വരണമെന്നാണ് സുധാകരന്റെ ആഗ്രഹം. അതിനെ കെസി അംഗീകരിക്കുന്നുമില്ല.