ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച പി.എസ്.ഡബ്ല്യു മാധവറാവുവാണ് മരിച്ചത്.

കഴിഞ്ഞ മാസമാണ് രോഗബാധിതനായത്. വോട്ടെടുപ്പിന് ശേഷം മരിച്ചതിനാൽ റീപോളിങ് ഉണ്ടാവുകയില്ല. വിരുതുനഗർ ജില്ലയിലെ മണ്ഡലത്തിൽ നിന്ന് ഇദ്ദേഹം വിജയിച്ചാൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി സഞ്ജയ് ദത്ത് റാവുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

കേരളത്തോടൊപ്പം ഏപ്രിൽ ആറിനാണ് തമിഴ്‌നാട്ടിലും വോട്ടെടുപ്പ് നടന്നത്. 38 ജില്ലകളിൽ നിന്നായി 234 അസംബ്ലി സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.