തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ആറിടത്ത് മാത്രമാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. പട്ടികയിലെ മത-ജാതി സമവാക്യങ്ങളിൽ ഇക്കുറി നായർ സമുദായത്തിന് വലിയ മുൻതൂക്കമാണ് ലഭിച്ചിരിക്കുന്നത്. 92 പേരിൽ 86 പേരെ പ്രഖ്യാപിച്ചപ്പോൾ നായർ സമുദായത്തിൽ നിന്ന് 25 പേരാണ് സ്ഥാനാർത്ഥികളാകുന്നത്. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 22 പേരും, ഈഴവ വിഭാഗത്തിൽ നിന്നുള്ള 13 പേരും, എസ്.സി വിഭാഗത്തിൽ നിന്ന് 10 പേരും ഇടം പിടിച്ചപ്പോൾ മുസ്‌ലിം സമുദായത്തിൽ നിന്ന് എട്ട് പേർക്കാണ് സീറ്റ് നൽകിയിരിക്കുന്നത്. ഒ.ബി.സി വിഭാഗത്തിൽ ആറ് പേർക്കും എസ്.ടി വിഭാഗത്തിൽ രണ്ട് പേർക്കും സീറ്റ് ലഭിച്ചു.

വാർത്താസമ്മേളനത്തിനായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർത്ഥി പട്ടികയ്‌ക്കൊപ്പം കൊണ്ടുവന്ന കുറിപ്പിലാണ് മത-ജാതി സമവാക്യങ്ങളുടെ കണക്കുകളും ഉള്ളത്. സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസയോഗ്യതയുടെ കണക്കുകളും, പ്രായവും കുറിപ്പിനൊപ്പമുണ്ടായിരുന്നു. പുതുമയുള്ളതും യുവാക്കൾക്ക് മൂൻതൂക്കം നൽകുന്ന പട്ടികയാണ് കെപിസിസി അധ്യക്ഷൻ പ്രഖ്യാപിച്ചത്. 25നും 50 നും ഇടയിൽ പ്രായമുള്ളവർ 46 പേരും, 51 മുതൽ 60 വരെ പ്രായമുള്ള 22 പേരും, 60 നും 70 ന് ഇടയിലുള്ള 15 പേരും, എഴുപതിനു മുകളിൽ പ്രായമുള്ള മൂന്നുപേരുമാണ് പട്ടികയിൽ ഇടം പിടിച്ചത്.

സിപിഎമ്മിന് സമാനമായി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയിൽ അക്കാദമിക് പ്രാവീണ്യമുള്ളവർക്ക് പ്രാധാന്യം നൽകി കോൺഗ്രസും. രണ്ട് ഡോക്ടർമാർ, പിഎച്ച്ഡി നേടിയ രണ്ട് പേർ എന്നിവർ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചു. ബിരുദാനന്തര ബിരുദം നേടിയ 12 പേരും 42 ബിരുദധാരികളും പട്ടികയിലുണ്ട്. ഒറ്റപ്പാലത്ത് മത്സരിക്കുന്ന പി.ആർ. സരിൻ, കഴക്കൂട്ടത്ത് നിന്ന് എസ്.എസ്. ലാൽ എന്നിവരാണ് എം.ബി.ബി.എസ്. ബിരുദം നേടി പ്രാക്ടീസ് ചെയ്യുന്ന സ്ഥാനാർത്ഥികൾ. മൂവാറ്റുപുഴയിലെ സ്ഥാനാർത്ഥിയായ മാത്യു കുഴൽനാടൻ, വൈക്കത്ത് മത്സരിക്കുന്ന പി.ആർ. സോന എന്നിവരാണ് പി.എച്ച്.ഡി നേടിയ സ്ഥാനാർത്ഥികൾ. നടൻ ധർമജൻ ബോൾഗാട്ടി ബാലുശ്ശേരിയിലും മത്സരിക്കും.

ഒൻപത് വനിതകളും പാർട്ടിയെ പ്രതിനിധീകരിച്ച് ഇത്തവണ മത്സരിക്കും. മാനന്തവാടിയിൽ പി.കെ.ജയലക്ഷ്മി, തരൂർ കെ.എ.ഷീബ, തൃശ്ശൂർ പത്മജ വേണുഗോപാൽ, വൈക്കം ഡോ. പി.ആർ.സോന, കായംകുളം അരിത ബാബു, അരൂർ ഷാനിമോൾ ഉസ്മാൻ, കൊല്ലം ബിന്ദു കൃഷ്ണ, കൊട്ടാരക്കര രശ്മി ആർ., പാറശ്ശാല അൻസജിത റസ്സൽ എന്നിവരാണ് കോൺഗ്രസിന്റെ വനിതാ സ്ഥാനാർത്ഥികൾ.

അതേസമയം ഹൈക്കമാൻഡടക്കം ഇടപെട്ട് ചർച്ച നടത്തിയിട്ടും തീരാത്ത പ്രതിസന്ധിയാണ് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാത്ത ആറ് മണ്ഡലങ്ങളിൽ കോൺഗ്രസ് നേരിടുന്നത്. തലമുറമാറ്റമടക്കം അവകാശപ്പെട്ട് പട്ടിക പ്രഖ്യാപിക്കുമ്പോൾ ബാലികേറാമലയായി കോൺഗ്രസിന് മുൻപിലുള്ളത് കൽപറ്റ, നിലമ്പൂർ, തവനൂർ, പട്ടാമ്പി, കുണ്ടറ, വട്ടിയൂർക്കാവ് മണ്ഡലങ്ങൾ.

കൽപ്പറ്റയിൽ പ്രദേശിക എതിർപ്പ്, നിലമ്പൂരിൽ മലപ്പുറം ഡിസിസി അധ്യക്ഷൻ വി വി പ്രകാശിന്റെ സമ്മർദ്ദം, പട്ടാമ്പിയിൽ കെഎസ്ബിഎ തങ്ങളുടെ വെല്ലുവിളിയും നേതൃത്വത്തിന് തലവേദനയാകുന്നു. തവനൂരിൽ ഫിറോസ് കുന്നും പറമ്പിലിനെതിരെ പ്രതിഷേധം ശക്തമായതോടെ ആര്യാടൻ ഷൗക്കത്തിനെ അവിടെ മത്സരിപ്പിക്കാനാണ് നീക്കം. ബിന്ദുകൃഷ്ണയുടെ പ്രതിഷേധത്തെ തുടർന്ന് കൊല്ലത്ത് നിന്ന് കുണ്ടറയിലേക്ക് പരിഗണിച്ചെങ്കിലും പി സി വിഷ്ണുനാഥ് സീറ്റ് ഏറ്റെടുക്കാൻ തയ്യാറായില്ല.

വട്ടിയൂർക്കാവിലെ പ്രതിഷേധം കണക്കിലെടുത്ത് കെ പി അനിൽകുമാറിനെ മാറ്റി വിഷ്ണുനാഥിനെ അവിടെ മത്സരിപ്പിക്കാൻ നീക്കമുണ്ട്. ഒറ്റപ്പാലത്തെ സ്ഥാനാർത്ഥി, ഗ്രൂപ്പ് നേതാക്കളെ ഞെട്ടിച്ച് രാഹുൽഗാന്ധിയുടെ ഇടപെടലിലൂടെ പട്ടികയിൽ ഇടം നേടി. സ്ഥാനാർത്ഥി നിർണ്ണയത്തിന് ശേഷം വലിയ പൊട്ടിത്തെറി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലെ പ്രശ്‌നപരിഹാരത്തിന് രാഹുൽഗാന്ധിയും ഇടപെടും.

സംസ്ഥാന കോൺഗ്രസിലെ മുഴുവൻ സിറ്റിങ് എംഎ‍ൽഎമാർക്കും വീണ്ടും മത്സരിക്കാൻ അവസരം നൽകിയപ്പോൾ ഒഴിവാക്കപ്പെട്ടത് ഇരിക്കൂറിൽനിന്ന് കാലങ്ങളായി വിജയിച്ചിരുന്ന കെ.സി. ജോസഫിന് മാത്രമാണ്. കെ. മുരളീധരനും എം. ലിജുവിനും പാർട്ടി തീരുമാനിച്ച മാനദണ്ഡത്തിൽ ഇളവ് നൽകി. കെ. മുരളീധരൻ ഉൾപ്പെടെ ഒമ്പത് മുൻ എംഎ‍ൽഎമാർ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടി.

ഇരിക്കൂറിലേക്ക് നിർദ്ദേശിച്ച സജീവ് ജോസഫിനെതിരെ രൂക്ഷമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ നേമത്ത് മുന്നണി നേരിട്ട കനത്ത പരാജയവും കോൺഗ്രസിനെതിരെ മുൻകാലങ്ങളിൽ ഉയർന്ന വോട്ട് കച്ചവട ആരോപണവും മറികടന്ന് ശക്തമായ മത്സരത്തിന് ഇത്തവണ വഴിതുറക്കുകയെന്ന കണക്കുകൂട്ടലോടെയാണ് മാനദണ്ഡത്തിൽ ഇളവ് നൽകി മുരളിയെ രംഗത്തിറക്കിയത്. മന്ത്രി ജി. സുധാകരനെ സിപിഎം മാറ്റിനിർത്തിയതോടെ അമ്പലപ്പുഴയിൽ ശക്തനായ ഒരാളെ രംഗത്തിറക്കിയാൽ വിജയസാധ്യതയുണ്ടെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് എം. ലിജുവിനെ രംഗത്തിറക്കിയത്.

പോഷകസംഘടനകളിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു അധ്യക്ഷർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചപ്പോൾ മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് തഴയപ്പെട്ടു. ഐ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരനും ഇടംകിട്ടിയില്ല. ആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇനിയും തീരുമാനിക്കാനുണ്ടെങ്കിലും പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, കെ.പി. അനിൽകുമാർ, പ്രയാർ ഗോപാലകൃഷ്ണൻ, ജ്യോതി വിജയകുമാർ, സൗമിനി ജെയിൻ, വി.വി. പ്രകാശ്, ജോസി സെബാസ്റ്റിൻ, ഹരിഗോവിന്ദൻ, റിജിൽ മാക്കുറ്റി, സോണി സെബാസ്റ്റ്യൻ തുടങ്ങിയവർ അന്തിമപട്ടികയിൽ ഉൾപ്പെട്ടില്ല.

ഒമ്പത് മുൻ എംഎ‍ൽഎമാർക്ക് ടിക്കറ്റ് നൽകി. ആർ. സെൽവരാജ്, കെ.കെ. ഷാജു, കെ. ശിവദാസൻ നായർ, എം. മുരളി, ജോസഫ് വാഴക്കൻ, ഇ.എം. അഗസ്തി, കെ. ബാബു, പി.കെ. ജയലക്ഷ്മി എന്നിവരാണ് ഇക്കൂട്ടത്തിലുള്ളത്. സഹോദരങ്ങളായ കെ. മുരളീധരനും പത്മജ വേണുഗോപാലും ഇതാദ്യമായി ഒരേസമയം നിയമസഭയിലേക്ക് മത്സരിക്കുന്നെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.