- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനക്കേസിൽ അറസ്റ്റിലായ കോൺഗ്രസ് കൗൺസിലർക്ക് ജാമ്യം; കൃഷ്ണകുമാറിന് ജാമ്യം അനുവദിച്ചത് തലശ്ശേരി സിജെഎം കോടതി
കണ്ണൂർ: പീഡനക്കേസിൽ ഇന്നലെ ബാംഗ്ലൂരിൽ നിന്ന് അറസ്റ്റിലായ കണ്ണൂർ കിഴുന്നയിലെ കോർപ്പറേഷൻ കൗൺസിലർ ആയ കൃഷ്ണകുമാറിന് ജാമ്യം ലഭിച്ചു. തലശ്ശേരി സിജെഎം കോടതിയാണ് കൃഷ്ണകുമാറിന് ജാമ്യം അനുവദിച്ചത്. ഇന്നലെ രാത്രി ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്ത കൃഷ്ണകുമാറിനെ ഇന്ന് രാവിലെ നാട്ടിലേക്ക് എത്തിച്ചിരുന്നു. ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനുമുമ്പ് മുൻകൂർ ജാമ്യ അപേക്ഷയുമായി കൃഷ്ണകുമാർ തലശ്ശേരി സെഷൻസ് കോടതിയിൽ എത്തിയിരുന്നു. അപ്പോൾ ജാമ്യം നിഷേധിക്കുകയായിരുന്നു ചെയ്തത്. കേസിന് ആസ്പദമായ സംഭവം നടന്നശേഷം കൃഷ്ണകുമാറിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ഇപ്പോഴും ഇയാൾ കൗൺസിലർ ആയി തുടരുകയാണ്.
കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി കൃഷ്ണകുമാർ ഒഴിവിലായിരുന്നു. പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ബാംഗ്ലൂർ, ചെന്നൈ ഗൂഡല്ലൂർ, തിരുപ്പതി തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇയാൾ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു എന്നാണ്. കഴിഞ്ഞദിവസം ഇയാൾ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ തലശ്ശേരി ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് കൃഷ്ണകുമാർ കീഴടങ്ങും എന്നുള്ള വാർത്തകളും വന്നിരുന്നു.
ജൂലൈ 20 നാണ് നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ പീഡിപ്പിച്ചുവെന്ന് കാണിച്ച് വനിത സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി സിറ്റി പൊലീസ് കമ്മീഷണർക്കും വനിതാ കമ്മീഷനും പരാതി നൽകിയത്. പരാതിയിൽ എടക്കാട് പൊലീസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാർ ഒളിവിൽ പോവുകയായിരുന്നു. യുവതി ജോലി ചെയ്യുന്ന കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുൻ ജീവനക്കാരൻ കൂടിയായിരുന്നു കൃഷ്ണകുമാർ.
മറുനാടന് മലയാളി ബ്യൂറോ