- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധാകരനെതിരെ ആകാശ് തില്ലങ്കേരി വധഭീഷണിമുഴക്കി രണ്ടാംദിനം മുടക്കോഴി മലയിൽ യൂണിറ്റ് യോഗത്തിനെത്തി കോൺഗ്രസ് പ്രവർത്തകർ; യോഗത്തിന് സ്ത്രീകൾ അടക്കം എത്തിയപ്പോൾ വിറച്ചത് കണ്ണൂർ സിപിഎം നേതൃത്വം; ടി പിയുടെ ഘാതകരെ ഒളിപ്പിച്ച പാർട്ടിഗ്രാമത്തിലും ത്രിവർണക്കൊടി പാറിക്കാൻ സുധാകരന്റെ പിള്ളേർ
കണ്ണൂർ: കെ. സുധാകരനെ വധിക്കുമെന്ന് ആകാശ് തില്ലങ്കേരി ഫെയ്സ് ബുക്കിൽ കുറിച്ചതിന്റെ രണ്ടാം ദിവസം തില്ലങ്കേരിയിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള മുടക്കോഴി മലയുടെ താഴ്വാരത്ത് യൂണിറ്റ് കമ്മിറ്റി രൂപീകരിക്കാനെത്തി ഞെട്ടിച്ച് കോൺഗ്രസ് പ്രവർത്തകർ. നാം കണ്ടുപരിചയിച്ചതല്ല പുതിയ കോൺഗ്രസെന്ന് വെളിവാക്കുന്നതായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ നീക്കം.
മുടക്കോഴി മലയുടെ താഴ്വാരമായ ഗുണ്ഡികയിലാണ് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരിക്കുന്നത് സ്ത്രീകൾ അടക്കമുള്ള പ്രവർത്തകരെത്തിയത്. യൂണിറ്റ് കമ്മിറ്റി രൂപീകരണം സിപിഎം പ്രവർത്തകർ സംഘടിതരായി തടഞ്ഞെങ്കിലും കോൺഗ്രസിന്റെ ഈ നീക്കം കണ്ണൂരിലെ സിപിഎം അകത്തളങ്ങളിൽ ചർച്ചയായിട്ടുണ്ട്.
സിപിഎം ശക്തികേന്ദ്രം എന്നതിനപ്പുറം പാർട്ടി ആയുധപുരയും പാർട്ടി ഗുണ്ടകളുടെ സുരക്ഷിതഒളിത്താവളവുമാണ് മുടക്കോഴിമല. അവിടേയ്ക്കുള്ള കോൺഗ്രസ് കടന്നുകയറ്റത്തെ ഗൗരവകരമായാണ് കണ്ണൂർ സിപിഎം നേതൃത്വം കാണുന്നത്. കേരളത്തിന്റെ മറ്റേത് ഭാഗത്ത് കോൺഗ്രസ് യൂണിറ്റ് ആരംഭിച്ചാലും മുടക്കോഴിമലയിൽ അനുവദിക്കുന്ന പ്രശ്നമില്ലെന്ന കടുംപിടുത്തത്തിലാണ് സിപിഎം. എന്നാൽ യൂണിറ്റ് രൂപീകരണത്തിൽ നിന്നും പിന്തിരിഞ്ഞെങ്കിലും പ്രവർത്തനമാരംഭിക്കുമെന്ന് കോൺഗ്രസ് നേതാക്കളും അറിയിച്ചു. സിപിഎമ്മും കോൺഗ്രസും ഒരുപോലെ അഭിമാനപ്രശ്നമായി കാണുന്ന മുടക്കോഴിമലയുടെ ചരിത്രം ആരെയും അമ്പരപ്പിക്കുന്നതാണ്.
മുടക്കോഴിമലയെന്ന ഒളിത്താവളം
മലബാറിലെ കർഷകരുടെ വിയർപ്പ് വീണ മുടക്കോഴിമലയിലെ മണ്ണിൽ ഇഞ്ചിയും കപ്പയും വാഴയും കശുമാവും വിളഞ്ഞ ഒരുകാലമുണ്ടായിരുന്നു. എന്ന് ഇന്ന് ഇവിടത്തെ മണ്ണ് കിളയ്ക്കുന്നത് സൂക്ഷിച്ചുവേണം. മണ്ണിനടിയിൽ കുഴിച്ചിട്ടിരിക്കുന്ന ബോംബുകളിൽ വെട്ടുകൊണ്ടാൽ വെട്ടുന്നവൻ ചുമരിൽ പടമായത് തന്നെ. കള്ളതോക്കുകൾ മുതൽ കഠാരകൾ വരെയുള്ള ആയുധങ്ങളും ഈ മണ്ണിൽ മുളപൊട്ടി വിരിയും. സാമ്രാജ്യത്വത്തോട് പടവെട്ടിയ പഴശ്ശിയെ മലബാറിലെ മലമടക്കുകൾ മാറോടു ചേർത്തെങ്കിൽ കൊലപാതകികളെ സംരക്ഷിക്കേണ്ട ബാധ്യതയാണ് പുരളിമലയുടെ ഭാഗമായ മുടക്കോഴിമല ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
ടിപി ചന്ദ്രശേഖരൻ വധത്തിലെ പ്രതികൾക്ക് ഒളിത്താവളമായതോടെയാണ് ചരിത്രത്താളുകളിൽ മുടക്കോഴിമല കുപ്രസിദ്ധി നേടിയത്. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കൊലയാളിസംഘത്തിനും മുടക്കോഴിമല ഒളിത്താവളമായതോടെ മലയാളിയുടെ നാവിൻതുമ്പിലെ മായനാമമായി ഈ സ്ഥലനാമം മാറി.
മൃദംഗം പിറന്നുവീണ മണ്ണ്
10,000 ഏക്കറിലധികം വരുന്ന പുരളിമലയുടെ ഒരു ഭാഗമാണ് മുടക്കോഴിമല. മുടക്കോഴി മലയ്ക്കുപുറമെ മച്ചൂർമലയും പെരിങ്ങാനംമലയുമൊക്കെ ചേർന്നതാണ് ബൃഹത്തായ ഈ പ്രദേശം. ദൂരെനിന്ന് നോക്കുമ്പോൾ വലിയൊരു മലയായി തോന്നുമെങ്കിലും പല ഉയരത്തിലുള്ള കുറെ മലകൾ ചേർന്ന് കിടക്കുന്നതാണിവിടം. ശിവപുരം മുതൽ പേരാവൂർ വരെയുള്ള പ്രദേശങ്ങൾക്കിടയിലായി വ്യാപിച്ചുകിടക്കുന്ന പുരളിമലയിൽ സർക്കാർ വനംഭൂമി വളരെ കുറവാണെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ കാടിന് തുല്യമായ പ്രദേശങ്ങളാണ്. സ്വകാര്യഭൂമികളും കൃഷിയിടങ്ങളുമുണ്ടെങ്കിലും വേർതിരിച്ചുകാണാനും പ്രയാസം.
മുഴക്കുന്ന് പഞ്ചായത്തിൽപ്പെടുന്ന ഭാഗമാണ് മുടക്കോഴിമലയെന്ന് അറിയപ്പെടുന്നത്. തില്ലങ്കേരി, മാലൂർ, പേരാവൂർ പഞ്ചായത്തുകളുമായാണ് മല അതിരിടുന്നത്. വിവിധ മലകളും ചെങ്കുത്തായ പ്രദേശങ്ങളും കൂടി ചേരുന്നതും മലയെ സാഹസികതയുടെയും ഒളിസങ്കേതങ്ങളുടേയും കേന്ദ്രമാക്കുന്നു.വാദ്യങ്ങളുടെ മാതാവായും ദേവവാദ്യമായും അറിയപ്പെടുന്ന മൃദംഗം അഥവാ മിഴാവ് പിറന്നുവീണ മണ്ണ്. പഴശ്ശിരാജാവിന്റെ ആരാധനാമൂർത്തിയായ മൃദംഗശൈലേശ്വരിയുടെ നാദം മുഴങ്ങിയ കുന്നായതിനാൽ ഈ പ്രദേശം മുഴങ്ങിയ കുന്നെന്നും അറിയപ്പെട്ടു. ഇത് ലോപിച്ച് മിഴാവുകുന്നും മുഴക്കുന്നുമായി എന്നാണ് ഐതിഹ്യം.
മുടക്കോഴിമലയെ ലൈംലൈറ്റിലെത്തിച്ച ഓപ്പറേഷൻ സൈലന്റ് നൈറ്റ്
കൂറ്റൻ പാറക്കെട്ടുകളും ഇടതൂർന്ന വനങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ പ്രദേശം. മലമടക്കുകൾ താണ്ടി മുകളിൽ എത്തുന്നതോടെ മറ്റൊരു ലോകത്ത് എത്തിയ പ്രതീതി. മലയിലേക്ക് കയറാനും ഇറങ്ങാനും ഒരുപാട് ഊടുവഴികളുള്ളതിനാലും ജനവാസമില്ലാത്തതിനാലും ആർക്കും എത്രകാലംവേണമെങ്കിലും ഇവിടെ ഒഴിവിൽക്കഴിയാം. ഇതാണ് മുടക്കോഴിമലയെ കൊലയാളിസംഘങ്ങളുടെ ഇടത്താവളമായും ബോംബുകളുടെയും ആയുധങ്ങളുടെയും ഒളിസങ്കേതമായും മാറ്റുന്നത്.
കേരളത്തെ നടുക്കിയ സംഭവമായിരുന്നു ടിപി ചന്ദ്രശേഖരന്റെ കൊലപാതകം. ടിപിയുടെ കൊലയാളി സംഘത്തെ കണ്ടെത്താൻ ശാസ്ത്രീയമായ അന്വേഷണരീതികളെല്ലാം അവലംബിച്ചിട്ടും പൊലീസ് പരാജയപ്പെടുന്ന ഘട്ടമെത്തിയപ്പോഴാണ് മുടക്കോഴിമല കേരള പൊലീസീന്റെ മാനം കാത്തത്. ടിപിയുടെ ഘാതകർ മുടക്കോഴിമലയിൽ ഒളിച്ചിരിപ്പുണ്ടെന്ന് അറിയുന്നതുതന്നെ കൊലനടന്ന് 35-ാം ദിവസമാണ്.
അന്വേഷണസംഘത്തിന്റെ ഓരോ നീക്കവും കൊലയാളിസംഘത്തിന് അപ്പപ്പോൾ ലഭിച്ചതോടെ ഒളിത്താവളങ്ങൾ മാറിമാറിക്കഴിഞ്ഞ കൊടി സുനിക്കും സംഘത്തിനും മുടക്കോഴിമല സുരക്ഷിത താവളമായി. പലതവണ ചോർന്ന റെയ്ഡ് വിവരം പുറത്തുപോകാതിരിക്കാൻ വളരെ രഹസ്യമായാണ് അന്വേഷണ സംഘം കൊടി സുനിയെത്തേടി മലകയറാൻ പദ്ധതി തയ്യാറാക്കിയത്.
മല കയറണമെങ്കിൽ ആദ്യം മലയെക്കുറിച്ചറിയണം. കുന്നുകളും ഇടുങ്ങിയ റോഡുകളും നിറഞ്ഞ മുഴക്കുന്നിൽ പകൽപോലും പുറമെ നിന്നെത്തുന്ന ആളുകളും വാഹനങ്ങളും സിപിഎം പ്രവർത്തകരുടെ നിരീക്ഷണത്തിലായിരിക്കും. ചെങ്കുത്തായ മല കയറി മുകളിൽ എത്തുമ്പോഴേക്കും ഒളിവിൽ കഴിയുന്നവർ രക്ഷപ്പെട്ടേക്കാം. മലയൽനിന്ന് എല്ലാഭാഗത്തേക്കും ധാരാളം വഴികളുമുണ്ട്.
വിവരം ചോരാൻ സാധ്യതയുള്ളതിനാൽ ലോക്കൽ പൊലീസിന്റെ സഹായം തേടാതെ അന്വേഷണ സംഘം ഗൂഗിൾ മാപ്പിനെ ആശ്രയിച്ചു. കൊടി സുനി മുടക്കോഴിയിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും മറ്റാരൊക്കെയാണ് കൂടെയുള്ളത് എന്നു വ്യക്തമായിരുന്നില്ല. ആയുധങ്ങളുമായുള്ള ചെറുത്തുനിൽപ്പ് ഉണ്ടാവുമെന്ന് ഉറപ്പിച്ചിരുന്നതിനാൽ വേണ്ടത്ര മുൻകരുതലോടെയാണു സംഘം മലകയറിയത്.
ഡിെൈവഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ 20-ലധികം വരുന്ന അന്വേഷണസംഘം വടകരയിൽനിന്ന് ടിപ്പർലോറിയിൽ പുലർച്ചെ രണ്ടുമണിയോടെയാണ് മലയിലെത്തിയത്. ചെങ്കൽ എടുക്കുന്ന സ്ഥലമായതിനാലാണ് ടിപ്പർ തിരഞ്ഞെടുത്തത്. ചെങ്കൽത്തൊഴിലാളികളുടെ വേഷത്തിലായിരുന്നു പൊലീസ്. വടകരയിൽനിന്ന് മാഹി, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ഉളിയിൽ, തില്ലങ്കേരി വഴി പെരിങ്ങാനത്ത് എത്തിയ ശേഷമാണു സംഘം മലയിലേക്കു കയറിയത്. മാഹിയിൽനിന്നു മറ്റൊരു ചെറുസംഘം ഉരുവച്ചാൽ, മാലൂർ വഴി പുരളിമലയുടെ മുകളിൽനിന്ന് താഴോട്ടിറങ്ങി മലയിലെത്തി. മൂന്നാമത്തെ സംഘം മുഴക്കുന്ന് കടുക്കാപ്പാലം വഴി മുടക്കോഴി മലയിലേക്കു കയറിയെത്തി. മൊബൈൽ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മലകയറ്റം.
പുലർച്ചെ രണ്ടു മണിക്കാണ് പൊലീസ് സംഘം അടിവാരത്തെത്തുന്നത്. അപ്പോഴേക്കും മഴ തുടങ്ങി. സംഘത്തിന് മഴ ഉപദ്രവവും അനുഗ്രഹവുമായി. മഴ കനത്തതോടെ മല കയറ്റം ദുഷ്കരമായി. മൊബൈൽ ഫോണുകൾ നനഞ്ഞു കേടായി. പക്ഷേ, മഴയുടെ ശബ്ദത്തിൽ പൊലീസിന്റെ ചലനശബ്ദങ്ങൾ ആരും കേൾക്കാത്തതു ഗുണം ചെയ്തു. സ്ഥലത്തെക്കുറിച്ച് അറിയാത്തതിനാൽ പൊലീസിനു നാലു കിലോമീറ്ററോളം കൂടുതൽ നടക്കേണ്ടി വന്നു. ഒളിസങ്കേതം കണ്ടെത്തുമ്പോൾ സമയം പുലർച്ചെ നാലുമണി.
മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയിൽ റോഡിൽനിന്ന് രണ്ടു കിലോമീറ്റർ ചെങ്കുത്തായ കയറ്റം കയറി ചെല്ലുന്ന ചെരുവിലായിരുന്നു കൊടി സുനിയുടെ കൂടാരം. പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് കെട്ടിയ ടെന്റിൽ നിലത്ത് പ്ലാസ്റ്റിക് വിരിച്ച് അതിനു മുകളിൽ കമ്പിളി വിരിച്ചാണ് സുനിയും സംഘവും കഴിഞ്ഞിരുന്നത്. കൂടാരം വളഞ്ഞ് പൊലീസ് അകത്തു കടക്കുമ്പോൾ കൊടി സുനി, ഷാഫി, കിർമാണി മനോജ് എന്നിവരും മൂന്നു സഹായികളും സുഖനിദ്രയിലായിരുന്നു.
പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കു ചൂണ്ടി എതിരിടാനായി ശ്രമം. അരമണിക്കൂർ നീണ്ട ബലപ്രയോഗത്തിലൂടെ സംഘത്തെ പൊലീസ് കീഴടക്കി. ജനവാസ കേന്ദ്രത്തിൽനിന്ന് കിലോമീറ്ററുകൾ ദൂരെയുള്ള പ്രദേശമായതിനാലും പാർട്ടി ഗ്രാമമെന്ന നിലയിൽ ഒരിക്കലും പൊലീസ് കയറില്ലെന്ന് ഉറച്ചു വിശ്വസിച്ചതിനാലും നാട്ടുകാരും പ്രതികളെ ഒളിപ്പിച്ചവരും പൊലീസ് ഓപ്പറേഷൻ അറിഞ്ഞതേയില്ല.
നേരത്തെ, പൊലീസിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പരുക്കേറ്റതിനെത്തുടർന്നാണ് മുഴക്കുന്നിലെ മലഞ്ചരുവിൽ ഒളിവിൽ താമസിക്കാൻ കൊടി സുനിയും സംഘവും തീരുമാനിച്ചത്. മുടക്കോഴി മലമുകളിലേക്കുള്ള രണ്ടു കിലോമീറ്റർ ദൂരം സുനി കയറിയതു കൂടെയുള്ളവരുടെ കൈത്താങ്ങിലാണ്. സുനിയുടെ കാലിലെ പരുക്കു ഭേദമാകാത്തതു താവളം മാറാൻ തടസ്സമായി.
അന്നത്തെ ഓപ്പറേഷന് പൊലീസ് നൽകിയ പേരാണ് ഓപ്പറേഷൻ സൈലന്റ് നൈറ്റ് (ഓപ്പറേഷൻ നിശബ്ദരാത്രി). പിന്നീട് ഇത് പിഎസ്സിയുടെ ചോദ്യങ്ങളിൽ പോലും സ്ഥാനം പിടിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ആസൂത്രിത കൊലപാതകമായ ടിപി വധത്തിനു പിന്നിലെ പ്രതികളെ 43 പ്രതികളെ 41 ദിവസം കൊണ്ടു പിടികൂടാൻ കഴിഞ്ഞതു കേരള പൊലീസിന്റെ ചരിത്ര നേട്ടങ്ങളിലൊന്നായിരുന്നു.
യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കേസിലെ പ്രതികളും ഒളിവിൽക്കഴിഞ്ഞത് മുടക്കോഴിമലയിലായിരുന്നു. ആകാശ് തില്ലങ്കേരി അടക്കമുള്ള കൊലയാളികളെ അന്വേഷിച്ച് കേരളമെങ്ങും ഓടിനടക്കുമ്പോൾ മുടക്കോഴി മലയിൽ വിശാലമായി നെഞ്ചുംവിരിച്ച് നടക്കുകയായിരുന്നു. സ്വർണകടത്ത് കേസിലെ പ്രതികൾക്കടക്കം ആശ്രയമായതും മുടക്കോഴിമലയാണെന്ന് റിപ്പോർട്ടുകളുണ്ട്.
കോട്ടകൾ തകരുമ്പോൾ
പാർട്ടി അറിയാതെ ഈച്ചപോലും പറക്കാത്ത മുഴക്കുന്നിലും മുടക്കോഴിമലയിലും ഒരുകാലത്ത് സിപിഎം ഗുണ്ടകൾ സുരക്ഷിതരായിരുന്നു. പോലാസ് എത്തിയാലും ഒളിച്ചിരിക്കാനുള്ള വനങ്ങളും രക്ഷപ്പെടാനുള്ള ഊടുവഴികളും മുടക്കോഴി മലയെ ക്രിമിനലുകളുടെ ഇഷ്ടകേന്ദ്രമാക്കി. ഇതുകൂടാതെ പൊലീസും കസ്റ്റംസുമെല്ലാം എത്തുന്നത് നേരത്തെ ചോർത്തി നൽകാനുള്ള രഹസ്യസംവിധാനങ്ങളും പാർട്ടി ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ മറ്റ് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരുടെ പാദസ്പർശം പോലുമേൽക്കാതെ മുടക്കോഴിമല അടക്കമുള്ള പാർട്ടികോട്ടകളെ അവർ കാത്തുപോന്നു. എന്നാൽ ആ കോട്ടകൾക്ക് വിള്ളൽ വീഴുകയാണ്.
കോട്ട പിളർത്തി കൊടി സുനിയേയും ഷാഫിയേയും കിർമാണി മനോജിനെയുമൊക്കെ പൊക്കിയ ഡിവൈഎസ്പി ഷൗക്കത്തലി ആദ്യ വിള്ളൽ വീഴ്ത്തി. ഇപ്പോഴിതാ കോൺഗ്രസിന്റെ ആദ്യ യൂണിറ്റ് രൂപീകരണത്തിനും വേദിയൊരുങ്ങുന്നു. ഒരു കോട്ടയും എല്ലാ കാലവും സുരക്ഷിതമായിരിക്കില്ല എന്ന സന്ദേശമാണ് മുടക്കോഴിമലയും നൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ