- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഞ്ഞാലിക്കുട്ടി മോഡൽ കോൺഗ്രസിൽ വേണ്ട! സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കാനുള്ള കോൺഗ്രസ് എംപിമാരുടെ മോഹം മുളയിലേ നുള്ളി ഹൈക്കമാൻഡ്; വിജയസാധ്യത പരിഗണിച്ചാണെങ്കിലും വേണ്ടെന്ന് തീരുമാനം; കോന്നിയിൽ പണി തുടങ്ങിയ അടൂർ പ്രകാശിന് തിരച്ചടി; മുരളീധരന്റെയും സുധാകരന്റെയും മോഹവും പൊലിഞ്ഞു
ന്യൂഡൽഹി: ഫാസിസത്തെ നേരിടാൻ ഡൽഹിയിലേക്ക് വണ്ടി കയറിയ പി കെ കുഞ്ഞാലിക്കുട്ടി അതേ സ്പീഡിൽ ഇവിടെ നിന്നും മടങ്ങി എത്തിയത് ലീഗിന്റെ അനുമതിയോടെയായിരുന്നു. പരിഹാസങ്ങൾക്കിടയിലും കുഞ്ഞാലിക്കുട്ടി പിടിച്ചു നിൽക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും കുഞ്ഞാലിക്കുട്ടി കേരളത്തിലോ കോൺഗ്രസ് നേതാക്കളെ ഏറെ മോഹിപ്പിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയെ പോലെ തങ്ങൾക്കും കേരളത്തിലേക്ക് തിരിച്ചെത്തി നിയമസഭയിൽ മത്സരിക്കാമെന്നായിരുന്നു പല കോൺഗ്രസ് എംപിമാരുടെയും ആഗ്രഹം. എന്നാൽ, ഈ ആഗ്രഹം എളുപ്പത്തിൽ നടക്കുന്ന മട്ടില്ല.
കേരളത്തിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ രാജിവച്ച് മത്സരരംഗത്തിറങ്ങുന്നതിനോടു യോജിപ്പില്ലെന്നു കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കിയതോടെ എംപിമാരുടെ മോഹങ്ങൾ പൊലിഞ്ഞു. ജയസാധ്യത കണക്കിലെടുത്ത് ഏതാനും എംപിമാരെ മത്സരിപ്പിക്കണമെന്ന ആവശ്യം നിലവിൽ പരിഗണനയിലില്ല. കെപിസിസി നേതൃത്വവും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല, മുതിർന്ന നേതാക്കൾക്ക് ഇക്കാര്യത്തിൽ എതിർപ്പാണുള്ളത് താനും.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 52 സീറ്റ് മാത്രം നേടിയ കോൺഗ്രസിന് എംപിമാരെ തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അയയ്ക്കാനാവാത്ത സ്ഥിതിയാണെന്നു ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും പാർട്ടി സമാന നിലപാട് സ്വീകരിക്കും. ഏതെങ്കിലും മണ്ഡലത്തിൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ, സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടാൽ മാത്രം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യം പിന്നീട് പരിഗണിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കണമെന്ന സന്ദേശം സംസ്ഥാന ഘടകങ്ങൾക്കു നൽകും.
ഒരാൾക്ക് ഇളവ് നൽകിയാൽ സമാന ആവശ്യവുമായി കൂടുതൽ പേർ രംഗത്തുവരുമെന്നാണു വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി നേതൃത്വവുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയും ഇക്കാര്യം വ്യക്തമാക്കും. തങ്ങളുടെ മണ്ഡലത്തിലുൾപ്പെട്ട ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാർത്ഥിയാക്കാവുന്ന 2 പേരുകൾ വീതം നൽകാൻ എംപിമാരോട് ആവശ്യപ്പെടും. ഗ്രൂപ്പ് താൽപര്യങ്ങൾ മാറ്റിവച്ച് ജയസാധ്യതയ്ക്കു മുൻതൂക്കം നൽകണമെന്ന നിർദ്ദേശവും നൽകും. കെപിസിസി നേതൃത്വം നൽകുന്ന സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം എംപിമാർ കൈമാറുന്ന പേരുകളും ഹൈക്കമാൻഡ് പരിശോധിക്കും.
മൂന്നരവർഷത്തോളം എംപിയായിട്ടും പദവിയിൽ സമ്പൂർണ പരാജയമെന്ന് തെളിയിച്ചാണ് കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ഏറ്റവും കൂടുതൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയ രാഷ്ട്രീയ നേതാവ് എന്ന പരിഹാസം സ്വന്തം അണികൾ പോലും ഉയർത്തുമ്പോൾ അത് നേരിടാനാകാതെ മുസ്ലിംലീഗ് നേതൃത്വം വിയർക്കുന്നന്ന അവസ്ഥുമാണ്. ഈ പ്രശ്നം തന്നെയാണ് കോൺഗ്രസും മുന്നിൽ കാണുന്നത്.
എംഎൽഎ സ്ഥാനം രാജിവച്ചാണ് 2017-ഏപ്രിലിൽ മലപ്പുറത്തുനിന്ന് ലോക്സഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ചത്. അന്ന് വേങ്ങരയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് കാരണക്കാരനായി. ഇന്ന് മലപ്പുറത്ത് വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിന് കുഞ്ഞാലിക്കുട്ടി കളമൊരുക്കുന്നു. പൊതുഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കി, ഒരു നേതാവിന്റെ അധികാരമോഹത്തിനായി സമുദായത്തെയും പൊതുസമൂഹത്തെയും നിരന്തരം വഞ്ചിക്കുന്ന ഈ നിലപാടിനെക്കുറിച്ച് ലീഗ് മാത്രമല്ല കോൺഗ്രസ് നേതൃത്വവും മറുപടി പറയേണ്ടതുണ്ട്.
ലോക്സഭയിൽ നിന്നും രാജിവയ്ക്കാനുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണുനട്ടിരിക്കുന്ന കോൺഗ്രസ് എംപിമാർക്ക് ആവേശമായിരുന്നു. അര ഡസനോളം എംപിമാർ നിയമസഭാ മോഹവുമായി കോൺഗ്രസിലുണ്ട്. കെ സുധാകരനും കെ മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും അത് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. അടൂർ പ്രകാശിനും ഹൈബി ഈഡനുമെല്ലാം ഡൽഹിവാസം മടുത്തു. നിയമസഭയാണ് തനിക്ക് ചേർച്ചയെന്ന തോന്നൽ ടി എൻ പ്രതാപനുമുണ്ട്. ഇവരുടെയൊക്കെ സ്ഥാനാർത്ഥിത്വ സാധ്യതക്ക് ആശപകരുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി.
എന്നാൽ, അടൂർ പ്രകാശ് കോന്നിയിൽ താനുണ്ടെങ്കിലേ വിജയിക്കുകയുള്ളൂ എന്ന നിലുപാടിലായിരുന്നു. അതുകൊണ്ട് തന്നെ നിയമസഭയിൽ മത്സരിക്കാമെന്നും അദ്ദേഹം കണക്കുകൂട്ടുകയുണ്ടായി. ഇതിന് വേണ്ടിയുള്ള പരിശ്രമവും നടത്തി. ഇതിനിടെയാണ് ഹൈക്കമാൻഡ് തീരുമാനം വന്നിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കോൺഗ്രസ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നതിന് എതിരായ നിലപാടിലാണ്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചിലർക്ക് അവസരം നൽകാമെന്ന പക്ഷക്കാരാണ്. സുധാകരനോടാണ് ചെന്നിത്തലക്ക് താൽപ്പര്യം. ഉമ്മൻ ചാണ്ടിയാകട്ടെ മുരളീധരൻ വരുന്നതിന് അനുകൂലവും. എന്നാൽ ഹൈക്കമാൻഡ് നോ പറഞ്ഞതോടെ ഇനി ആ മോഹം നടക്കാത്ത അവസ്ഥയിലാണ്.
മറുനാടന് മലയാളി ബ്യൂറോ