കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന കോൺഗ്രസ് നേതാക്കൾ. ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ചർച്ച നടത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ന്യൂനപക്ഷ വോട്ടുകളിൽ തിരിച്ചടി ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യക്ഷനുമായുള്ള ചർച്ചകൾ നടന്നതെന്നാണ് വിലയിരുത്തൽ.

സഭാ ആസ്ഥാനത്ത് നടന്ന ചർച്ച ഒരു മണിക്കൂറോളം നീണ്ടു. ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയെ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം സഭയോ കോൺഗ്രസ് പ്രതിനിധികളോ നൽകിയിട്ടില്ല. അതേസമയം സൗഹൃദ സംഭാഷണമായിരുന്നെന്നാണ് സഭാ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലിൽക്കുന്ന ഘട്ടത്തിൽ കൂടിയാണ് നേതാക്കൾ ചർച്ച നടത്തിയതെന്നതും പ്രധാനമാണ്. കഴിഞ്ഞ ദിവസം ബിജെപി നേതാവും വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരൻ സഭാ ആസ്ഥാനത്തെത്തി സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.