ചണ്ഡിഗഢ്: പഞ്ചാബിൽ കോൺഗ്രസ് വീണ്ടും വിവാദത്തിൽ. എംഎ‍ൽഎ എന്തു ചെയ്തുവെന്ന ചോദ്യത്തിന് മർദ്ദനത്തിലൂടെ മറുപടി നൽകിയ കോൺഗ്രസ് എംഎ‍ൽഎ ജോഗിന്ദർ പാൽ ആണ് പുതുതായി വിവാദത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

പത്താൻകോട്ടിലെ ഭോവയിൽ ഒരു ടെന്റിനുള്ളിലാണ് സംഭവം നടന്നത്. ജനങ്ങളുമായി മണ്ഡലത്തിലെ വികസനത്തെ കുറിച്ച് സംസാരിക്കാനെത്തിയ എംഎ‍ൽഎയോടാണ് ഞങ്ങൾക്ക് താങ്കൾ എന്താണ് ചെയ്തതെന്ന ചോദ്യം ഒരു വോട്ടർ ഉന്നയിച്ചത്.

ടെന്റിൽ ജോഗിന്ദർ പാൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടത്തിൽ നിന്ന് യുവാവ് അദ്ദേഹത്തോട് സംസാരിക്കാൻ എഴുന്നേറ്റു വന്നു. പൊലീസുകാർ ആദ്യം അദ്ദേഹത്തെ തടഞ്ഞു. യുവാവിനെ അവഗണിച്ച് ജോഗിന്ദർ പാൽ പ്രസംഗം തുടർന്നു. ഇതിനിടെ പൊലീസിനെ വെട്ടിച്ച് യുവാവ് ജോഗിന്ദർ പാലിന്റെ അടുത്തെത്തി. യുവാവിന് ജോഗിന്ദർ പാൽ കൈകൊടുത്തയുടൻ അയാൾ മൈക്കിലൂടെ തന്റെ ചോദ്യം ആവർത്തിക്കുകയായിരുന്നു.

കൈക്കു പിടിച്ച ജോഗിന്ദർ പാൽ അയാളെ ആഞ്ഞടിച്ചു. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരും പൊലീസുകാരുമെല്ലാം യുവാവിന്റെ മേൽ കൈവച്ചു. പൊലീസ് ഇടപെട്ട് അയാളെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.