കോവി‍ഡ് ബാധിച്ച് വെള്ളിയാഴ്ച അന്തരിച്ച കന്യാകുമാരിയിലെ കോൺഗ്രസ് എംപി എച്ച് വസന്തകുമാർ, ഈ വർഷം ആദ്യം പാർലമെന്റിൽ കോവിഡ് -19 പാൻഡെമിക്കിന്റെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ നിർദ്ദേശിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രസം​ഗം തടസ്സപ്പെടുത്താനും മൈക്ക് ഓഫാക്കുകയും ചെയ്യുന്ന നടപടിയാണ് ലോക്സഭാ സ്പീക്കറുടെ ഭാ​ഗത്ത് നിന്നും ഉണ്ടായത്. വസന്തകുമാർ എംപി കോവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ പാർലമെന്റ് പ്രസംഗം ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

സഭയിൽ വസന്തകുമാർ സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ..

' സ്പീക്കർ സർ, കോവിഡ് മഹാമാരിയെ ഒരു ദേശീയദുരന്തമായി പ്രഖ്യാപിക്കണം. ഒരു രൂപ പോലും വരുമാനം ലഭിക്കാത്ത അവസ്ഥയാണ് ജനങ്ങൾക്ക്. ഇത് വായ്പാതിരിച്ചടവിനെ ബാധിക്കും. അതിനാൽ ചെറുകിട വ്യാപരികളുടേയും വ്യക്തികളുടേയും വായ്പ തിരിച്ചടക്കുന്നതിനുള്ള കാലാവധി ചുരുങ്ങിയത് മൂന്ന് മാസത്തേക്കെങ്കിലും നീട്ടിവെക്കണം. ദിവസക്കൂലിക്കാർ വളരെയധികം ദുരിതമനുഭവിക്കുന്നുണ്ട്. ഒരു കുടുംബത്തിന് ചുരുങ്ങിയത് 2000 രൂപയെങ്കിലും സർക്കാർ നൽകണം...' പറഞ്ഞവസാനിപ്പിക്കുന്നതിന് മുൻപ് അനുവദിച്ച സമയം തീർന്നതായി സ്പീക്കർ അറിയിച്ചു, മൈക്ക് ഓഫ് ചെയ്തു. അൽപം നേരം കൂടി നൽകണമെന്ന് വസന്തകുമാർ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുവദിച്ചില്ല.

ചരക്ക് സേവന നികുതി ഒഴിവാക്കണമെന്ന് നിർദ്ദേശിക്കാൻ വസന്തകുമാർ സംസാരിക്കാൻ ഒരു മിനിറ്റ് കൂടി ആവശ്യപ്പെട്ടപ്പോൾ, ബിർള തൃണമൂൽ കോൺഗ്രസിന്റെ സൗഗാത റോയിയെ സംസാരിക്കാൻ ക്ഷണിക്കുകയായിരുന്നു, കോൺഗ്രസ് എംപിയോട് പുഞ്ചിരിയോടെ പറഞ്ഞു: "മൈക്ക് ബന്ദ് (ഓഫ്) "

അന്ന് പാർലമെന്റിൽ വസന്തകുമാർ പറഞ്ഞ പലമാർഗനിർദ്ദേശങ്ങളും പിന്നീട് കേന്ദ്രസർക്കാർ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച് നടപ്പിലാക്കുകയുണ്ടായി. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 10 മുതൽ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായി വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചു. കോൺഗ്രസിന്റെ സംസ്ഥാന വർക്കിങ് കമ്മിറ്റി അധ്യക്ഷൻ കൂടിയായ വസന്തകുമാർ നേരത്തെ നംഗുനേരിയിൽ നിന്ന് രണ്ട്തവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വസന്ത് ആൻഡ് കമ്പനി, വസന്ത് ടിവി എന്നിവയുടെ സ്ഥാപകൻ കൂടിയാണ്.