തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് നിയോഗിച്ച അഞ്ച് മേഖലാസമിതികൾ റിപ്പോർട്ടിലുള്ളത് നിർണ്ണായക കണ്ടെത്തലുകൾ. നേമത്ത് കെ മുരളീധരൻ മത്സരിച്ചത് തിരിച്ചടിയായെന്നതാണ് അതിലെ ശ്രദ്ധേയമായ കണ്ടെത്തൽ. 

കെ.എ.ചന്ദ്രൻ, കെ.മോഹൻകുമാർ, പി.ജെ.ജോയ്, വി സി.കബീർ, കുര്യൻ ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ച് മേഖലാസമിതികളാണ് പഠനം നടത്തിയത്. ശുപാർശകളുടെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ക്രോഡീകരിക്കാൻ പരിശോധനസമിതിയെ നിയോഗിച്ചേക്കും. അതിന് ശേഷം തിരുത്തലിലേക്ക് കോൺഗ്രസ് കടക്കം. പാലം വലിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയും വരും.

കെ. മുരളീധരൻ നേമത്ത് മത്സരിച്ചത് അവിടത്തെ വോട്ട് ഇരട്ടിയാക്കാൻ സഹായിച്ചു. പക്ഷേ, അത് ബിജെപി.യുടെ വാശികൂട്ടി. മറ്റുചില മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. അനുകൂല നിലപാടെടുക്കാൻ ഇത് ബിജെപി.യെ പ്രേരിപ്പിച്ചു. ഇത് കോട്ടയം അടക്കമുള്ള ജില്ലകളിൽ കോൺഗ്രസിന് തിരിച്ചടിയായി. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യിപ്പിക്കാനുള്ള ശ്രമം അങ്ങനെ ഇടതുപക്ഷത്തിന് അധികാര തുടർച്ച നൽകിയെന്നാണ് റിപ്പോർട്ട് പറയാതെ പറയുന്നത്.

പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ച് മത്സരിക്കാനിറങ്ങിയത് അസംതൃപ്തിക്കിടയാക്കിയെന്നും കോൺഗ്രസ് തിരിച്ചറിയുന്നു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മുന്നൊരുക്കങ്ങൾ കാര്യമായി നടക്കാതിരുന്നതാണ് അഞ്ചുസമിതികളും കണ്ടെത്തിയ മറ്റൊരു കാരണം.ഡി.സി.സി.യിലുംമറ്റും നൂറിൽപ്പരം ഭാരവാഹികളുണ്ടെങ്കിലും പകുതി പേർപോലും പ്രവർത്തനരംഗത്തുണ്ടായില്ല.

പാർട്ടിയുടെ അടിത്തട്ട് ദ്രവിച്ചിരിക്കയാണെന്നും താഴെത്തലത്തിലുള്ള സംഘടനാദൗർബല്യം പരിഹരിക്കണമെന്നുമാണ് സമിതികളുടെ ശുപാർശ. പാർട്ടിയെ എക്കാലത്തും പിന്തുണച്ചിരുന്ന ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളുടെ പിന്തുണയിൽ വലിയ ചോർച്ചയുണ്ടായി. തിരുവനന്തപുരത്ത് നാടാർ വിഭാഗത്തെ ഒ.ബി.സി.യിൽ ഉൾപ്പെടുത്തിയത് നാലുമണ്ഡലങ്ങളിലെ ഫലത്തെ ബാധിച്ചു.

വയനാട്, മലപ്പുറം, കോഴിക്കോട് മേഖലയിലെ 46 സീറ്റിൽ ഒറ്റ ക്രിസ്ത്യൻ സ്ഥാനാർത്ഥിപോലും ഇല്ലായിരുന്നു. മധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ കൊഴിഞ്ഞുപോക്ക് പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകളിൽ ചോർച്ചയുണ്ടാക്കി. ജോസഫ് ഗ്രൂപ്പിന്റെ പ്രകടനം പ്രതീക്ഷിച്ചതിനൊപ്പം ഉയർന്നില്ല.

ഓർത്തഡോക്‌സ്-യാക്കോബായ പ്രശ്‌നത്തിന്റെ പേരിൽ എൽ.ഡി.എഫിന് രണ്ടുകൂട്ടരുടെയും പിന്തുണ കിട്ടി. പ്രബല മുസ്ലിംവിഭാഗങ്ങളുടെ പിന്തുണയിലും യു.ഡി.എഫിന് കുറവുവന്നു. മുമ്പ് എംഎ‍ൽഎ.മാരായിരുന്നവർ തങ്ങളുടെ മണ്ഡലങ്ങളിൽവന്ന ചെറുപ്പക്കാരെ തോൽപ്പിക്കാനിറങ്ങിയെന്നും കണ്ടെത്തലുണ്ട്.

കോൺഗ്രസ് തോറ്റ മിക്കമണ്ഡലത്തിലും മുതിർന്ന നേതാക്കളുടെ നിസ്സഹകരണം പ്രതിഫലിച്ചു. കെപിസിസി. ഭാരവാഹികളടക്കം പാർട്ടി സ്ഥാനാർത്ഥികൾക്കെതിരേ പ്രവർത്തിച്ചു. സ്ഥാനാർത്ഥികളുടെ പരാതികളായാണ് ഇവ റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വീഴ്ചകൾക്കെതിരേ കർശനനടപടി സ്വീകരിച്ചില്ലെങ്കിലും അവരെ താക്കീതുചെയ്യുകയെങ്കിലും വേണമെന്ന് നിർദ്ദേശമുണ്ട്.