- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പേരാമ്പ്രയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; കോൺഗ്രസിൽ നിന്ന് കൂട്ടരാജി: ഇരുന്നൂറോളം കുടുംബങ്ങൾ പാർട്ടി വിട്ട് എൻസിപിയിൽ ചേർന്നു
കോഴിക്കോട്: തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയപ്പോൾ പേരാമ്പ്രയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ പാർട്ടി വിട്ടു. കോൺഗ്രസ് പ്രവർത്തകരായിരുന്ന ഇരുന്നൂറോളം കുടുംബങ്ങളാണ് പാർട്ടി വിട്ട് എൻ സി പിയിൽ ചേർന്നത്. പേരാമ്പ്രയിലെയും ജില്ലയിലെയും കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്നും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും രാജിവെച്ചവർ വ്യക്തമാക്കി.
പേരാമ്പ്ര ബാങ്ക് ടവറിൽ സംഘടിപ്പിച്ച യോഗത്തിൽവെച്ച് എൻസിപി ദേശീയ നിർവ്വാഹക സമിതി അംഗം എ കെ ശശീന്ദ്രൻ രാജിവെച്ച കുടുംബങ്ങൾ എൻസിപിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. ദേശീയ രാഷ്ട്രീയ വികാരമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇപ്പോൾ നേതാവും ആൾക്കൂട്ടവും മാത്രമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ ഭരണഘടനാ തത്വങ്ങൾ ലംഘിക്കപ്പെടാൻ തുടങ്ങിയതു മുതൽ കോൺഗ്രസ് ഉൾകാമ്പ് നഷ്ടപ്പെട്ട പൊങ്ങുതടിയായി മാറി. ഇടതു മുന്നണിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി മുന്നേറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൻസിപി പ്രവർത്തകർ പേരാമ്പ്രയിൽ മികച്ച സ്ക്വാഡ് പ്രവർത്തനം കാഴ്ചവെക്കണമെന്നും ടി പി രാമകൃഷ്ണന്റെ വിജയത്തിന് മാറ്റുകൂട്ടാൻ ഈ പ്രവർത്തനം സഹായകമാകണമെന്നും എ കെ ശശീന്ദ്രൻ നിർദേശിച്ചു.
യുഡിഫ് മുൻ നിയോജക മണ്ഡലം ചെയർമാനും കോൺഗ്രസ് പേരാമ്പ്ര മണ്ഡലം മുൻ പ്രസിഡണ്ടുമായ പി പി രാമകൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രതീഷ് നടുക്കണ്ടി, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ ടി അബൂബക്കർ, മണ്ഡലം കമ്മറ്റി ഭാരവാഹികളായ കക്കറേമ്മൽ നാരായണൻ നായർ, രാജൻ നടുക്കണ്ടി, അഷ്റഫ് ചാലിൽ, കെ. കെ. ഭാസ്കരൻ, ബാബു കൈതാവിൽ, രമേശൻ എടവരാട്, അഡ്വ കെ ജെ മേരി, സി പി പ്രേമൻ, ബൂത്ത് പ്രസിഡണ്ടുമാരായ സന്തോഷ് ഹരിപുരം, സ്മിതേഷ്, ഗിരീഷ്, വി പി ഗണേശ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് വിട്ടത്. സ്വീകരണ യോഗത്തിൽ എൻസിപി നേതാക്കളായ അഡ്വ പി എം സുരേഷ് ബാബു, മുക്കം മുഹമ്മദ്, പി കെ എം ബാലകൃഷ്ണൻ മാസ്റ്റർ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കിഴക്കയിൽ ബാലൻ, കുന്നത്ത് അനിത തുടങ്ങിയവർ പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തും നിയമസഭാ സ്ഥാനാർത്ഥി പ്രഖ്യാപന സമയത്തും പാർട്ടിയിലുണ്ടായ പൊട്ടിത്തെറികളാണ് രാജിയിൽ കലാശിച്ചത്. മുസ്ലിം ലീഗിന് പേരാമ്പ്ര സീറ്റ് നൽകുന്നതിനെതിരെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും രംഗത്ത് വന്നിരുന്നു. ലീഗ് ആവശ്യപ്പെടാതെ തന്നെ പേരാമ്പ്ര സീറ്റ് അവർക്ക് നൽകാൻ തീരുമാനമെടുത്ത നേതൃത്വത്തിന്റെ ജനാധിപത്യ വിരുദ്ധമായ സമീപനത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്തരമൊരു നീക്കം. പേരാമ്പ്ര സീറ്റ് കോൺഗ്രസിന് ലഭിച്ചില്ലെങ്കിൽ സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്തുമെന്നും ഇവർ പ്രഖ്യാപിച്ചിരുന്നു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പേരാമ്പ്ര നിയോജക മണ്ഡലത്തിൽ രൂപീകരിച്ച കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ ദയനീയ പരാജയം ചൂണ്ടിക്കാട്ടി വോട്ട് മറിക്കാൻ നേതൃത്വം നൽകിയ പ്രാദേശിക നേതൃത്വത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രവർത്തകർ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ രണ്ടു കാര്യത്തിലും അനുകൂല നിലപാട് കെ പി സി സിയും ഡിസിസിയും സ്വീകരിക്കാതെ വന്നതോടെയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താനുള്ള നീക്കം വരെ ഇവർ നടത്തിയത്. സ്ഥാനാർത്ഥിയെ നിർത്തുന്നതിനെ ഒരു വിഭാഗം എതിർത്തതോടെ ആ നീക്കത്തിൽ നിന്ന് പിന്നോട്ടുപോയെങ്കിലും കൂട്ടായ്മയിലെ ഒരു വിഭാഗം ഒടുവിൽ എൻ സിപിയിൽ ചേരുകയായിരുന്നു.