തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും. ഗതാഗത തടസം ഉണ്ടാക്കാതെ സമരം നടത്തണമെന്ന് കെപിസിസി ജില്ലാ നേതൃത്വങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിൽ നടക്കുന്ന സമരം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്യും.

പാളയം-വെള്ളയമ്പലം വഴി രാജ്ഭവനിന്റ മുമ്പിൽ സമരം അവസാനിപ്പിക്കും. പൊതുജനങ്ങൾക്കും ആംബുലൻസുകൾക്കും കടന്നുപോകാൻ സൗകര്യമൊരുക്കും. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വിവിധയിടങ്ങളിൽ നിയോഗിക്കപ്പെട്ട പ്രവർത്തകരാണ് സമരത്തിൽ പങ്കെടുക്കുക. കെപിസിസി പ്രസിഡന്റ് കെ സുധാകരന് പുറമെ പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരുവനന്തപുരത്ത് സമരത്തിൽ പങ്കെടുക്കും.

ഇന്ധന നികുതിയിൽ കേന്ദ്രം കുറവ് വരുത്തിയതിന് സമാനമായി പെട്രോളിനും ഡീസലിനും സംസ്ഥാനവും വില കുറയ്ക്കണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം സംഘടിപ്പിക്കും. കൊച്ചിയിലെ വഴിതടയൽ സമരം വിവാദമായ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലുമാണ് സമരം നടത്തുന്നത്.

അതിനിടെ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ ഇന്ധന വില കുറച്ചു. ദീപാവലി ദിനത്തിൽ ഇന്ധന നികുതി കേന്ദ്രം കുറച്ചതിനു പിന്നാലെ പെട്രോൾ വില ലിറ്ററിന് പത്ത് രൂപയും ഡീസൽ വില അഞ്ച് രൂപയുമാണ് പഞ്ചാബ് സർക്കാർ കുറച്ചത്. ഇതോടെ പഞ്ചാബിലെ പെട്രോൾ വില 100 രൂപയിൽ താഴെയായി. പെട്രോളിന് 96.16 രൂപയും ഡീസലിന് 84.80 രൂപയുമാണ് സംസ്ഥാനത്തെ പുതിയ നിരക്ക്.

കഴിഞ്ഞ 70 വർഷത്തിനിടെ ഇങ്ങനെയൊരു കാര്യം സംഭവിച്ചിട്ടില്ലെന്നും പെട്രോളിന് ഉത്തരേന്ത്യയിൽ ഏറ്റവും കുറവ് വില ഇതോടെ പഞ്ചാബിലാണെന്നും മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പറഞ്ഞു.