കോട്ടയം: ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെ വീടുകളിലെത്തി സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സമാധാന ദൂത് വിജയം കാണുമെന്ന് തന്നെ സൂചന. ഔദ്യോഗിക നേതൃത്വവുമായി തുടർച്ചയായി ഏറ്റുമുട്ടൽ പാതയിൽ പോകുന്ന ഇരുവർക്കുമെതിരെ ഹൈക്കമാൻഡിലും അതൃപ്തി പുകയുകയാണ്. ഈ സാഹചര്യത്തിലാണ് സതീശൻ ഇന്നലെ സമാധാനദീതുമായി ഇറങ്ങിയത്. തങ്ങളുടെ ഈഗോ ഹർട്ട് ചെയ്തു എന്നതായിരുന്നു ഇവരുടെ പ്രശ്‌നം. എന്നാൽ, ഇന്നലെ സതീശൻ നടത്തിയ സന്ദർശനത്തോടെ ഈ വിഷയം തീർത്തും. കെപിസിസി പുനഃസംഘടനയിലും നേതാക്കളുമായി ആലോചനകൾ ഉണ്ടാകുമെന്ന് ഉറപ്പാണ് പ്രതീപക്ഷ നേതാവ് നൽകിയത്. ഇതോടെ ഈ വിഷയവും ഇവിടെ തീരും.

ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണച്ചടങ്ങിൽ നേതാക്കൾ ഒളിയമ്പുകളെയ്ത പശ്ചാത്തലത്തിൽ പ്രശ്‌നം വഷളാകാതിരിക്കാനാണ് സതീശന്റെ ശ്രമം. കെ സുധാകരന്റെ കൂടി നിർദേശത്തിലാണ് നേതാക്കളെ സതീശൻ കാണാനെത്തിയത്. ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിന് മുന്നോടിയായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും കണ്ടേക്കും. വാർത്താസമ്മേളനത്തിൽ ഡയറി ഉയർത്തി കാട്ടിയതിൽ സുധാകരനോട് മുഷിച്ചിലാണ് ഉമ്മൻ ചാണ്ടി. ഈ പ്രശ്‌നവും പറഞ്ഞു തീർക്കാനാകും സുധാകരൻ ശ്രമിക്കുക.

നിർണായക യു.ഡി.എഫ് യോഗം ചേരാനിരിക്കെയാണ് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎ‍ൽഎ എന്നിവരെ വി.ഡി. സതീശൻ സന്ദർശിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹം പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വസതിയിലെത്തിയത്. ചർച്ച അരമണിക്കൂറോളം നീണ്ടു. വൈകീട്ട് 3.30ന് ഹരിപ്പാട് എംഎ‍ൽഎ ഓഫിസിലായിരുന്നു ചെന്നിത്തലയുമായുള്ള ഒന്നര മണിക്കൂർ നീണ്ട കൂടിക്കാഴ്ച.

മുതിർന്ന നേതാക്കൾക്ക് പ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യമുണ്ടാവില്ലെന്നും എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകുമെന്നും കൂടിക്കാഴ്ചക്കുശേഷം വി.ഡി. സതീശൻ പറഞ്ഞു. ആശയവിനിമയത്തിന്റെ പ്രശ്‌നമാണെങ്കിൽ അത് പരിഹരിക്കും. നേതാക്കളുമായി മുമ്പും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ച ചരിത്രമാണുള്ളത്. അകന്നു നിൽക്കുന്നവരെയെല്ലാം തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. സങ്കടങ്ങളും പരിഭവങ്ങളും പരാതികളും പരിഹരിച്ച് ഒപ്പം നിർത്തി മുന്നോട്ട് പോകണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടായതിൽ വേദനയുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പഴയ കാര്യങ്ങൾ പറയാനില്ല. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. കോൺഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. പ്രശ്നമുണ്ടായാൽ ചർച്ചയിലൂടെ പരിഹാരം ഉണ്ടാകണം. പാർട്ടിയാണ് ഒന്നാമതെന്നും ഗ്രൂപ് രണ്ടാമതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഉമ്മൻ ചാണ്ടിയും താനും പറഞ്ഞ കാര്യത്തിൽ സതീശൻ ചർച്ചക്ക് മുൻകൈയെടുക്കുന്നതിനോട് പൂർണമായും സഹകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൂടുതൽ ചർച്ചകൾ നടക്കട്ടെയെന്നാണ് ആഗ്രഹം. കോൺഗ്രസും യു.ഡി.എഫും കൂടുതൽ കരുത്താർജിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും കാണുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് വീട്ടിൽ എത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ഇപ്പോഴത്തെ പ്രശ്‌നങ്ങൾ തീർന്ന് ഒറ്റക്കെട്ടായി മുന്നോട്ടു പോകാനാണ് കോൺഗ്രസിന്റെ ശ്രമം. കെപിസിസി ഭാവാഹികളെ കൂടിനിശ്ചയിച്ചു കഴിഞ്ഞാൽ വരും ദിവസങ്ങളിൽ പാർട്ടിയെ കൂടുതൽ ഊർജ്ജിതമാക്കാനും സർക്കാറിനെതിരെ പോരാട്ടം ശക്തമാക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ കോൺഗ്രസിൽ ഇനി എല്ലാം ശരിയാകുന്ന നാളുകൾ ആണെന്നാണ് വിലയിരുത്തുന്നത്.