- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഖ്യകക്ഷിക്കായി ഉറച്ച കോട്ടകൾ പോലും ബലി കൊടുത്തു; സീറ്റിനായി ബിജെപിയുടെ വാതിലിൽ മുട്ടിയ നേതാവിന് മത്സരിക്കാൻ അവസരവും; അസമിലെ സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ; സുഷ്മിത ദേവിനെ അനുനയിപ്പിക്കാൻ പ്രിയങ്ക ഗാന്ധി രംഗത്ത്
ന്യൂഡൽഹി: അസം നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കവെ കോൺഗ്രസിൽ സീറ്റിനായി കലാപം. സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് പാർട്ടി വിടാനുള്ള ഒരുക്കത്തിലാണ്. അസമിൽ എഐയു ഡി എഫുമായുള്ള കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സഖ്യത്തെ സുഷ്മിത നേരത്തെ എതിർത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്തി കടുക്കുകയും സുഷ്മിത രാജിസന്നദ്ധത അറിയിക്കുകയുമായിരുന്നു.
അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെത്തുടർന്നാണ് സുഷ്മിത രാജി ഭീഷണി മുഴക്കിയത്. പിന്നാലെ, സുഷ്മിതയെ അനുനയിപ്പിക്കാൻ പ്രിയങ്ക ഗാന്ധി ഇടപെട്ടു. സുഷ്മിതയുമായി നേരിട്ട് സംസാരിച്ച പ്രിയങ്ക പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി അസം കോൺഗ്രസും രംഗത്തെത്തി. സുഷ്മിത ദേവ് പാർട്ടി വിടില്ലെന്ന് അസം പാർട്ടി നേതൃത്വം പറഞ്ഞു. ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ചർച്ചയിലൂടെ പരിഹരിക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.
അസം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ നടന്ന യോഗത്തിൽ സീറ്റ് പങ്കിടുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടായി. എ.ഐ.യു.ഡി.എഫിന്റെ ആവശ്യം അംഗീകരിച്ച് സോനായ്, കട്ടിഗോറ, ഹൈലകണ്ടി എന്നീ മണ്ഡലങ്ങൾ വിട്ടുകൊടുത്തതാണ് സുസ്മിത ദേവിനെ ചൊടിപ്പിച്ചത്.
ഈ തീരുമാനത്തെ സുസ്മിത ദേവ് എതിർത്തുവെന്നും സോനായി കോൺഗ്രസിന്റെ ഒരു കോട്ടയാണെന്നും പാർട്ടി ശക്തമായ സ്ഥാനാർത്ഥിയെ നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, മറ്റ് നേതാക്കൾ തീരുമാനത്തിൽ ഉറച്ച് നിന്നതോടെ അവർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. ബിജെപിയുമായി സീറ്റിന് വേണ്ടി ചർച്ചകൾ നടത്തിയ നേതാവിന് സീറ്റു കൊടുത്തതും സുഷ്മിത ദേവ് ചോദ്യം ചെയ്തു എന്നാണ് പുറത്ത് വരുന്ന വിവരം.
അതേസമയം, അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. അസോം ഗണ പരിഷത്തിന് 26 സീറ്റുകളും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന് (യുപിപിഎൽ) 8 സീറ്റുകളും നൽകുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു.
നിയമസഭയിലെ 126 സീറ്റുകളിൽ 70 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ മാജുലിയിൽനിന്ന് ജനവിധി തേടും. ജാലുക്ബാരി നിയമസഭാ മണ്ഡലത്തിൽനിന്ന് ഹിമന്ത ബിശ്വശർമ മത്സരിക്കും. ഇരുവരും ഈ മണ്ഡലങ്ങളിൽനിന്ന് നേരത്തെ മത്സരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ