- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് മൈക്രോ യൂണിറ്റുകൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം; 20 വീടുകൾക്ക് ഒരു യൂണിറ്റ്; ഓരോ ബൂത്ത് പരിധിയിലെയും കോൺഗ്രസ് കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ സർവേ തുടങ്ങി; താഴെത്തട്ടു മുതൽ ലെവിയും ഏർപ്പെടുത്തു; കെ സുധാകരൻ ലക്ഷ്യമിട്ട കോൺഗ്രസിലെ സെമി കേഡർ ശൈലിക്ക് തുടക്കം
തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുകയാണ് കെ സുധാകരൻ. അദ്ദേഹം വിഭാവനം ചെയ്ത സെമി കേഡർ സംവിധാനത്തിലേക്കുള്ള പരിശ്രമത്തിലാണ് കോൺഗ്രസ്. ചലനാത്മകമായ സംഘടനയെയാണ് കെ സുധാകരൻ ലക്ഷ്യമിടുന്നത്. അദ്ദേഹം അതിന്റെ തുടക്കിട്ടു കഴിഞ്ഞു. വരുന്ന ഗാന്ധി ജയന്തി ദിനത്തിൽ കോൺഗ്രസിലെ താഴെ തട്ടിലുള്ള അഴിച്ചുപണികൾക്ക് തുടക്കമാകും.
വീടുകൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് ബൂത്ത് കമ്മിറ്റികൾക്കു കീഴിൽ രൂപീകരിക്കുന്ന കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾക്ക് (സിയുസി) ഒക്ടോബർ രണ്ടിനാണ് തുടക്കമാകുക. 14 ജില്ലയിലും ഒരു പഞ്ചായത്തിൽ വീതമാണ് ആദ്യഘട്ടത്തിൽ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നത്. ഗാന്ധിജയന്തി ദിനത്തിൽ കുടുംബസംഗമത്തോടെയാണു യൂണിറ്റുകളുടെ പ്രവർത്തനം തുടങ്ങുക.
ഇതിനു മുന്നോടിയായി മാതൃകാ പഞ്ചായത്തുകളിലെ ഓരോ ബൂത്ത് പരിധിയിലെയും കോൺഗ്രസ് കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള സർവേ നടക്കുന്നുണ്ട്. ഓരോ യൂണിറ്റിലെയും വീടുകളുടെ പട്ടിക, കോൺഗ്രസ് കുടുംബങ്ങളുടെ പട്ടിക, കോൺഗ്രസ് സൗഹൃദവീടുകളുടെ പട്ടിക എന്നിവയാണ് ശേഖരിക്കുന്നത്. ബൂത്ത് ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസിന്റെ പങ്ക് വ്യക്തമാക്കുന്ന പുതിയ കോൺഗ്രസ് ഗാനവും തയാറാക്കിയിട്ടുണ്ട്.
സർവേ പൂർത്തിയായ ശേഷം ഒരു വീട്ടിൽ നിന്ന് ഒരു പ്രതിനിധിയെ ഉൾപ്പെടുത്തി യൂണിറ്റ് കമ്മിറ്റി രൂപീകരിക്കും. യൂണിറ്റിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവയിൽ ഒന്ന് വനിതയായിരിക്കണം. ആകെ ഭാരവാഹികളുടെ 20% സ്ത്രീകളും 5 10% ദലിത് വിഭാഗത്തിൽ പെട്ടവരും വേണം. മാസത്തിൽ രണ്ടു തവണ യൂണിറ്റ് കമ്മിറ്റി യോഗം ചേരണം. വർഷത്തിൽ ചരിത്രപ്രാധാന്യമുള്ള 10 ദിവസങ്ങളിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കണം. മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ച വാർഷികയോഗം, കുടുംബസംഗമം എന്നിവ സംഘടിപ്പിക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ.
സംസ്ഥാന നേതാക്കൾ ഉൾപ്പെടെ സ്വന്തം വീടുൾപ്പെടുന്ന യൂണിറ്റുകളിൽ അംഗങ്ങളാവണമെന്നും വർഷത്തിൽ 2 യോഗത്തിൽ എങ്കിലും പങ്കെടുക്കണമെന്നും നിർദേശമുണ്ട്. യൂണിറ്റ് കമ്മിറ്റികളിലൂടെ ഫണ്ട് സമാഹരണവും കോൺഗ്രസ് ലക്ഷ്യമിടുന്നു. ഒരു വീട്ടിൽ നിന്ന് 100 രൂപയിൽ കുറയാത്ത തുക അംഗത്വഫീസായി കെപിസിസിക്കു നൽകണമെന്നാണ് നിർദ്ദേശം. 15 മുതൽ 20 വരെ വീടുകൾക്ക് ഒരു കോൺഗ്രസ് യൂണിറ്റ് എന്ന രീതിയിലാണ് കമ്മിറ്റികൾ രൂപീകരിക്കുന്നത്. എല്ലാവരിലും കോൺഗ്രസ്, എല്ലാ വീട്ടിലും കോൺഗ്രസ് എന്നാണു യൂണിറ്റ് കമ്മിറ്റികളുടെ മുദ്രാവാക്യം.
അതേസമയം സംഘടനാ പ്രവർത്തനത്തിന് പണം കണ്ടെത്തുന്നതിനായി, താഴെത്തട്ടുമുതൽ ലെവി സ്വരൂപിക്കാനൊരുങ്ങുകയുമാണ് കെപിസിസി. എൻ.ജി.ഒ. അസോസിയേഷനിൽ നിന്നുൾപ്പെടെ ലെവി വാങ്ങും. നാനൂറ് രൂപയാണ് ലെവിയായി നിശ്ചയിക്കാനുദ്ദേശിക്കുന്നത്. ഇരുന്നൂറ് രൂപ വീതം രണ്ടുഘട്ടമായി നൽകാം. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പാർട്ടി ജനപ്രതിനിധികളും അദ്ധ്യാപക യൂണിയനിലുള്ളവരും സഹകരണബാങ്ക് ഡയറക്ടർമാരും ലെവി നൽകണം. അസംഘടിതമേഖലയിലെ തൊഴിലാളികളിൽനിന്നും നിശ്ചിത തുക സ്വരൂപിക്കും.
കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ പങ്കെടുത്ത നേതൃയോഗത്തിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ആരുടെ മുന്നിലും കൈനീട്ടാതെ സംഘടനാ പ്രവർത്തനം നടത്തുന്നതിനാണ് ഈ തീരുമാനമെന്ന് കെപിസിസി. പ്രസിഡന്റ് വ്യക്തമാക്കി. ലെവി വാങ്ങുന്നതിന്റെ നടപടിക്രമങ്ങൾ നിരീക്ഷിക്കാൻ സംവിധാനവുമേർപ്പെടുത്തും. ഫണ്ട് പിരിവിന് വ്യക്തമായ മാനദണ്ഡമില്ലാത്തത് പ്രവർത്തനത്തിന് പലപ്പോഴും ബുദ്ധിമുട്ടാകുന്നെന്ന തിരിച്ചറിവിലാണ് ലെവി ഏർപ്പെടുത്തുന്നത്.
പാർട്ടിയെ സെമികേഡർ സംവിധാനത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മുഴുവൻസമയ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് ദൈനംദിന ചെലവിന് തുക നൽകാൻ കെപിസിസി. നേതൃത്വം തീരുമാനിച്ചിരുന്നു. കേഡർ എന്നാൽ സമർപ്പണത്തോട് കൂടിയുള്ള പ്രവർത്തനമാണെന്നും അത് അറിയാത്തവരെ പഠിപ്പിക്കുമെന്നും കെ. സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ