- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴിഞ്ഞ തവണ മാഹി കൈവിട്ടത് ക്ഷീണമായി; ആഭ്യന്തരമന്ത്രി തോറ്റിടത്ത് ഇത്തവണ കോട്ട തിരിച്ചുപിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് കരുത്തനായ പ്രാദേശിക നേതാവിനെ; സ്വതന്ത്രനെ ഇറക്കിയുള്ള ഇടത് തന്ത്രം പാളിയപ്പോൾ ശക്തമായ പോരാട്ടത്തിനൊടുവിൽ മാഹി പിടിച്ച് കോൺഗ്രസ്
മാഹി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ മാഹി മണ്ഡലം തിരിച്ചുപിടിച്ച് കോൺഗ്രസ്. തുടർച്ചയായി ആറുതവണ മാഹിയെ പ്രതിനിധാനംചെയ്ത പുതുച്ചേരി ആഭ്യന്തരമന്ത്രിയായിരുന്ന കോൺഗ്രസിലെ ഇ. വത്സരാജ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2139 വോട്ടുകൾക്ക് എൽ.ഡി.എഫ് സ്വതന്ത്രൻ ഡോ. വി. രാമചന്ദ്രനോട് പരാജയപ്പെട്ടിരുന്നു. ആ സ്ഥാനത്താണ് പ്രാദേശിക നേതാവിനെ ഉപയോഗിച്ച് 300 വോട്ടിന് കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും മുൻ നഗരസഭ ചെയർമാനുമായ രമേശ് പറമ്പത്തായിരുന്നു ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി..
9744 വോട്ടുകളാണ് രമേശ് പറമ്പത്ത് ആകെ നേടിയത്. എൽ.ഡി.എഫിന്റെ പിന്തുണയോടെ മത്സരിച്ച എൻ. ഹരിദാസൻ മാസ്റ്റർക്ക് 9444 വോട്ടേ നേടാനായുള്ളൂ. എൻ.ഡി.എ മുന്നണിയിലെ എൻ.ആർ കോൺഗ്രസിന്റെ വി.പി. അബ്ദുറഹ്മാന് 3532 വോട്ട് മാത്രമാണ് നേടാനായത്. സി.കെ. ഉമ്മർ മാസ്റ്റർ (എസ്.ഡി.പി.ഐ -315), ജാനകി ടീച്ചർ (ഡി.എം.ഡി.കെ -83), ശരത് എസ്. ഉണ്ണിത്താൻ (സ്വതന്ത്ര സ്ഥാനാർത്ഥി -57) എന്നിങ്ങനെയാണ് മറ്റുള്ളവർക്ക് ലഭിച്ച വോട്ടുകൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച ബിജെപിക്കും എൻ.ആർ കോൺഗ്രസിനും 1653 വീതം വോട്ടുകളാണ് ലഭിച്ചിരുന്നത്. എന്നാൽ, ഇരുവർക്കും എൻ.ഡി.എ മുന്നണിയായി മത്സരിച്ചപ്പോൾ ഇക്കുറി 3532 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. 221 വോട്ടുകൾ നോട്ടക്ക് ലഭിച്ചു.
1989 മുതൽ 1994വരെ മാഹി മേഖല യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്നു രമേശ് പറമ്പത്ത്. 1994 മുതൽ രണ്ട് പതിറ്റാണ്ട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, പുതുച്ചേരി ഡി.സി.സി മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചു.
വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ഭൂരിപക്ഷം മാറിമറഞ്ഞെങ്കിലും അന്തിമവിജയം രമേശ് പറമ്പത്തിനൊപ്പമായിരുന്നു.
അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ എൻ. ഹരിദാസിനെ സ്വതന്ത്രനായി രംഗത്തിറക്കിയിട്ടും എൽ.ഡി.എഫിനെ മാഹി കൈവിടുകയായിരുന്നു. മുൻ വഖഫ് ബോർഡ് ചെയർമാനും എൻ.ആർ കോൺഗ്രസ് നേതാവുമായ അഡ്വ. വി.പി. അബ്ദുറഹ്മാനായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥിയായി കളത്തിലിറങ്ങിയത്.
എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രൻ എന്ന പരീക്ഷണത്തിലൂടെയാണ് കോൺഗ്രസിന്റെ കോട്ടയായ മാഹി മണ്ഡലം കഴിഞ്ഞ തവണ ഇടതുപക്ഷം പിടിച്ചെടുത്തത്. ഇതേ തന്ത്രം ഇക്കുറിയും ആവർത്തിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, കണക്കുകൂട്ടലുകൾ പിഴക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ