കൊല്ലം: തനിക്ക് നേരെയുള്ള ഹർത്താലനുകൂലികളുടെ കയ്യേറ്റം ആസൂത്രിതമായിരുന്നെന്ന് ഷാഹിദാ കമാൽ. രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് അവർ ഹർത്താൽ ദിനത്തിൽ ആക്രമണം നടത്തിയതെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന വ്യക്തിയായിതാനാണ് തന്നെ തിരഞ്ഞു പിടിച്ച് ആക്രമിച്ചതെന്നാണ് ഷാഹിദ വ്യക്തമാക്കുന്നത്. സംഭവത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംസ്ഥാന വനിതാ കമ്മീഷൻ അംഗം കൂടിയായ ഷാഹിദ ആശുപത്രിയിൽ ചികിത്സ തേടുകയുണ്ടായി. ഇന്ന് രാവിലെയാണ് പത്തനാപുരത്തു വെച്ച് ഷാഹിദക്കെതിരെ ആക്രമണം ഉണ്ടായത്.

സംഭവത്തെ കുറിച്ച് ഷാഹിദ വിശദീകരിക്കുന്നത് ഇങ്ങനെ: താൻ സഞ്ചരിച്ച വാഹനം മാത്രം തടഞ്ഞത് ആരുടെയോ നിർദ്ദേശ പ്രകാരമാണ്. ടാ.. അവൾ വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് കോൺഗ്രസ്സ് പ്രവർത്തകർ തന്റെ കാറിനു മുന്നിലേക്ക് എടുത്ത് ചാടിയത്. ഇറങ്ങെടീ വണ്ടിയിൽ നിന്നും എന്ന് പറഞ്ഞു കൊണ്ട് വാഹനത്തിനുള്ളിലേക്ക് കൈകടത്തി മുടിയിൽ പിടിച്ചു വലിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഈ സമയം നാട്ടുകാരൊക്കെ ഓടിയെത്തി. ഡ്രൈവർ വേഗം തന്നെ കാറിന്റെ ചില്ലുകൾ ഉയർത്തി. അപ്പോൾ പെട്ടന്ന് ആക്രമണം ഉണ്ടായില്ല. കാറിന്റെ ഗ്ലാസ് താഴ്‌ത്താൻ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറാകാത്തതിനെത്തുടർന്ന് അവർ വണ്ടിയുടെ മുൻവശത്തെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു. അതിനു ശേഷം ഡ്രൈവറെ ഡ്രവറെ മർദ്ദിക്കുകയും തന്നെ അസഭ്യം പറയുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തു- ഷാഹിദ പറഞ്ഞു.

ആക്രമിക്കുന്ന വിവരം കൊല്ലം റൂറൽ എസ്‌പി അശോകനെ ഫോണിൽ അറിയിച്ചു. സ്ഥലം ഏതെന്ന് കൃത്യമായി അറിയാത്തതിനാൽ പൊലീസ് അരമണിക്കൂറിന് ശേഷമാണ് എത്തിയത്. അരമണിക്കൂറോളം കോൺഗ്രസ്സ് പ്രവർത്തകർ അസഭ്യം പറഞ്ഞു കൊണ്ട് കാറിൽ ചവിട്ടുകയും അടിക്കുകയും ചെയ്യുകയായിരുന്നു. കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ നിന്നും എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആദ്യം എത്തിയത്. എന്നാൽ ഹർത്താൽ അനുകൂലികൾ വാഹനം കടത്തി വിടാൻ തയ്യാറായില്ല. ഉടൻ തന്നെ പ്ത്തനാപുരം എസ്.എച്ച്ഒ യും സ്ഥലത്തെത്തിയ ശേഷമാണ് തന്റെ കാർ കടത്തി വിടാൻ കോൺഗ്രസ്സ് പ്രവർത്തകർ തയ്യാറായതെന്നും ഷാഹിദ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഈ സമയം ബിപി കൂടി ഷാഹിദ വാഹനത്തിൽ തന്നെ കുഴഞ്ഞു വീണു. പൊലീസ് വേഗം തന്നെ പത്തനാപുരം താലൂക്കാശുപത്രിയിലേക്ക് മാറ്റി വിദഗ്ദ്ധ ചികിത്സ നൽകി. കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ അവർ. കോൺഗ്രസ്സ് വിട്ടതിന്റെ പകയാണ് അക്രമത്തിന് പിന്നിലെന്നാണ് ഷാഹിദ പറയുന്നത്. അന്ന് തന്നെ തന്ന ഐടുത്തോളാമെന്ന് ചിലർ ഭീഷണി മുഴക്കിയിരുന്നെന്നും അവരാണ് ഇതിന്റെ പിന്നിൽ. തന്നെ ആക്രമിച്ചയാളുടെ ദൃശ്യം തന്റെ കൈയിലുണ്ടെന്നും ഇത് പൊലീസിന് ഉടൻ കൈമാറുമെന്നും അവർ പറഞ്ഞു.

കോൺഗ്രസിൽ നിന്ന് സ്ഥാനമാനങ്ങൾ നേടിയ ശേഷം വഞ്ചിച്ച് കടന്നുകളഞ്ഞ അവളെയും അവളുടെ വണ്ടിയേയും അടിക്കെടാ എന്നു പറഞ്ഞ് തന്നെയാണ് ഹർത്താൽ അനുകൂലികൾ തന്നെ മർദ്ദിച്ചതെന്നാണ് ഷാഹിദാ കമാൽ ആരോപിക്കുന്നകത്. വനിതാ കമ്മീഷൻ അംഗമെന്ന നിലയിൽ താൽ ചുമതല വഹിക്കുന്ന ജില്ലയിൽ ഒരു കന്യാസ്ത്രീ മരണപ്പെട്ട വാർത്തയറിയുമ്പോൾ അവിടെ പോകേണ്ടത് തന്റെ ചുമതലയാണെന്നും അതിനായി എത്തിയ തന്നെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്നും ഷാഹിദാ കമാൽ ആരോപിച്ചു.

നേരത്തെ കോൺഗ്രസിലായിരുന്ന ഷാഹിദാ കമാൽ പിന്നീട് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുകയായിരുന്നു. വനിതാ കമ്മീഷൻ അംഗമായിരുന്നിട്ട് കൂടി തന്റെ ദേഹത്ത് കൈവെച്ചിരിക്കുകയാണ്. തന്നെ മർദ്ദിച്ച ആളെ തനിക്ക് വ്യക്തമായി അറിയാമെന്നും ആയാളുടെ ഫോട്ടോ തന്റെ കൈവശമുണ്ടെന്നും വനിതാ കമ്മീഷൻ അംഗം പറഞ്ഞു. ഷാഹിദയ്ക്ക് എതിരായ ആക്രമണത്തെ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അപലപിച്ചു. പത്തനാപുരം എംഎൽഎ കെ ബി ഗണേശ് കുമാറും സംഭവത്തെ അപലപിച്ചു.