- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈലിന് റെയ്ഞ്ച് വേണമെങ്കിൽ വിദ്യാർത്ഥികൾ കാടുകയറണം; പഠിക്കാൻ വാങ്ങിയ ഫോണുകൾ കൊണ്ട് ഗെയിം കളിക്കേണ്ട അവസ്ഥ; സാമൂഹ്യ പഠനമുറിയിൽ നേഴ്സറിതലം മുതൽ കോളേജ് വിദ്യാർത്ഥികൾക്ക് വരെ പഠിപ്പിക്കാൻ ഒരധ്യാപകൻ മാത്രവും; തിരിഞ്ഞുനോക്കാതെ സർക്കാർ; പഠനം വഴിമുട്ടി പൊടിയക്കാല സെറ്റിൽമെന്റിലെ വിദ്യാർത്ഥികൾ
തിരുവനന്തപുരം: വിദ്യാഭ്യാസം മൗലികാവകാശമായിട്ടുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ ഇവിടെ ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയുമൊക്കെ ഭാഗമായി വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് പുതിയ കാര്യമല്ല. വിദ്യാഭ്യാസത്തിലും ജീവിതനിലവാരത്തിലും യൂറോപ്യൻ രാജ്യങ്ങളുമായി കിടപിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിലും അവസ്ഥകൾ ഭേദമല്ലെന്ന് ഈ കോവിഡ് കാലം നമ്മെ ഓർപ്പെടുത്തുന്നു.
കോവിഡ് പടർന്നുപിടിച്ചതിന്റെ ഭാഗമായി സ്‌കൂളുകൾ അടച്ചുപൂട്ടി ഓൺലൈൻ വിദ്യാഭ്യാസത്തിലേയ്ക്ക് കടന്നപ്പോഴാണ് നമ്മുടെ നാട്ടിൽ സ്മാർട്ട് ഫോണുകളും ടെലിവിഷനും പോലുമില്ലാത്ത നിരവധി വീടുകളുണ്ടെന്ന് നാം തിരിച്ചറിഞ്ഞത്. സ്മാർട്ട്ഫോണുകൾ വാങ്ങിയാലും ഓൺലൈൻ ക്ലാസിന്റെ ഭാഗമാകാൻ കഴിയാത്ത ഒരു ജനതയുണ്ട് നമ്മുടെ കേരളത്തിൽ. അത് ഇവിടത്തെ ആദിവാസി വിഭാഗമാണ്. അരികുവൽക്കരിക്കപ്പെട്ട ഈ ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾക്ക് മുമ്പിൽ കണ്ണടയ്ക്കുകയാണ് അധികൃതർ.
തിരുവനന്തപുരം ജില്ലയിലെ വിതുര പേപ്പാറയ്ക്ക് സമീപമുള്ള പൊടിയക്കാല ആദിവാസി സെറ്റിൽമെന്റിലെ നിരവധി കുട്ടികൾക്കാണ് ഈ കോവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്. അദ്ധ്യയനവർഷം ആരംഭിച്ചിട്ട് രണ്ടരമാസം കഴിഞ്ഞിട്ടും ഇവിടത്തെ വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസിൽ ആബ്സന്റാണ്. പൊടിയക്കാലയിൽ ഒരു ഫോണിനും സാധാരണനിലയിൽ പോലും റെയിഞ്ച് കിട്ടാറില്ല. ഈ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസിൽ തിരക്ക് കൂടുമ്പോൾ ആർക്കും ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെവരുന്നു.
ഇവിടെയുള്ള വിദ്യാർത്ഥികൾ ഫോണും കൊണ്ട് നെറ്റ്‌വർക്ക് കവറേജിനായി കാട്ടാനയും കാട്ടുപോത്തും പന്നിയും വിഹരിക്കുന്ന വനാന്തരങ്ങളിൽ അലയേണ്ട അവസ്ഥയാണ്. പൊടിയക്കാലയിലെ ഉൾക്കാട്ടിൽ ചിലയിടങ്ങളിൽ റെയിഞ്ച് ലഭിക്കും. പക്ഷേ കാട്ടുമൃഗങ്ങൾ ധാരാളമുള്ളതിനാൽ അതിനും കഴിയില്ല. നെറ്റ് വർക്ക് കവറേജ് ലഭിക്കുന്നതിനായി ഫോണും കൊണ്ട് വനത്തിൽ കയറിയ വിദ്യാർത്ഥികളെ കാട്ടാനയും കാട്ടുപോത്തും ഓടിച്ച സംഭവവുമുണ്ടായി. പൊടിയക്കാല മേഖലയിൽ കാട്ടാനശല്യം അതി രൂക്ഷമാണ്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറിയ അനവധി ആദിവാസികളെ കാട്ടാന കൊന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓൺലൈൻ പഠനത്തിനായി കുട്ടികൾ കാട്ടിൽ കയറേണ്ടത്.
ഇവർക്ക് വിദ്യാഭ്യാസം തുടരണമെങ്കിൽ അടിയന്തരമായി ഈ പ്രദേശത്ത് ടവറുകൾ സ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഓൺലൈൻ വിദ്യാഭ്യാസം രണ്ടാംഘട്ടത്തിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായി സംസ്ഥാന മുഖ്യമന്ത്രി കേരളത്തിലെ നെറ്റ്‌വർക്ക് സേവനദാതാക്കളുടെ യോഗം വിളിച്ചിരുന്നു. എന്നാൽ തങ്ങളുടെ മക്കൾക്കിതുവരെ അതിന്റെ പ്രയോജനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി തിരുവനന്തപുരത്ത് നിന്നാണെങ്കിലും അദ്ദേഹവും തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
നേഴ്സറിതലം മുതൽ ബിരുദതലം വരെ ഏകദേശം 45 ഓളം വിദ്യാർത്ഥികളാണ് പൊടിയക്കാലയിലുള്ളത്. ഓൺലൈൻ പഠനത്തിന് മാർഗമില്ലാതായപ്പോൾ സാമൂഹ്യ പഠനമുറിയാണ് അവർക്ക് താൽക്കാലിക ആശ്വാസമാകുന്നത്. മുഴുവൻ കുട്ടികളും രാവിലെ തന്നെ ഇവിടെയെത്തുന്നു. പഠനം കൂടുതലും സ്വയം തന്നെ. കാരണം നേഴ്സറി മുതലുള്ള അവരെ എല്ലാവരെയും എല്ലാ വിഷയങ്ങളും പഠിപ്പിക്കാൻ ഉള്ളത് ഒരേയൊരു അദ്ധ്യാപകൻ മാത്രമാണ്. അത് വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ആ അദ്ധ്യാപകനാകട്ടെ ദീർഘദൂരം സഞ്ചരിച്ചാണ് അവിടെ എത്തിച്ചേരുന്നതും.
ഒരുവർഷം മുമ്പ് അന്നത്തെ എംഎൽഎ മൊബൈൽ സേവനദാതാക്കളുമായി ചർച്ച നടത്തി അവിടെ ടവറുകൾ സ്ഥാപിക്കാൻ ശ്രമം നടത്തിയെങ്കിലും വനംവകുപ്പാണ് അതിന് തടയിട്ടതെന്ന് പൊടിയക്കാലനിവാസികൾ പറയുന്നു. വനംവകുപ്പിന് കീഴിലെ പ്രദേശങ്ങളിൽ ടവറുകൾ സ്ഥാപിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയെ ബാധിക്കാത്തവിധം ആ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്നും അവിടത്തെ ജനങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ എസ്ടി പ്രൊമോട്ടർമാരോട് ടവർ ആവശ്യമുള്ള മേഖലകളുടെ ലിസ്റ്റ് എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഐടിഡിപി അധികൃതർ പറയുന്നത്.
എല്ലാകാലത്തും അവകാശപ്പെട്ടതൊക്കെ നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗമാണ് പൊടിയക്കാലയിലേത്. പേപ്പാറ ഡാമിനായി കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. അന്ന് നൽകിയ വാഗ്ദാനങ്ങളൊന്നും ഇന്നും നടപ്പിലായിട്ടില്ല. കൊടിയ ദുരിതങ്ങൾക്കും വന്യമൃഗങ്ങൾക്കുമിടയിലാണ് ഇവരുടെ ജീവിതം. അടുത്തിടെ പൊടിയക്കാലയിൽ കോവിഡ് പടർന്നുപിടിച്ചിരുന്നു. അമ്പതോളം ആദിവാസികളെ രോഗം കീഴടക്കി. ഇതോടെ ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമായി. പണമില്ലെങ്കിലും കടംവാങ്ങിയും പലിശയ്ക്കെടുത്തും മറ്റുമാണ് മക്കൾക്ക് പഠിക്കാനായി സ്മാർട്ട്ഫോൺ വാങ്ങിക്കൊടുത്തത്. എന്നിട്ടും കുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല.
തലസ്ഥാനജില്ലയിൽ തന്നെയുള്ള ഈ ജനവിഭാഗത്തിന്റെ പ്രശ്നങ്ങളിൽ അധികൃതർ ഇടപെടാൻ പോലും തയ്യാറാകുന്നില്ല. ഇവിടത്തെ കുഞ്ഞുങ്ങളെയും, തങ്ങളുടെ മുൻതലമുറകളെ പോലെ അവകാശസമരചൂളകളിലേയ്ക്ക് എടുത്തെറിയുകയാണ് ഈ നാട്ടിലെ ഭരണാധികാരികൾ. കഴിഞ്ഞ രണ്ട്ക്കൊല്ലമായി വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണ് ഈ കുഞ്ഞുങ്ങൾക്ക്. സെറ്റിൽമെന്റിന് പുറത്തുള്ള തങ്ങളുടെ സഹപാഠികൾ ഓൺലൈൻ ക്ലാസുകളെ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസം മുന്നോട്ടുനയിക്കുമ്പോൾ അതിനൊന്നും കഴിയാതെ വാടിനിൽക്കുകയാണ് പൊടിയക്കാലയിലെ ഭാവിതലമുറ.