- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടറിയേറ്റിലെ തീപിടുത്തം സ്വർണ്ണക്കടത്തിലെ തെളിവു നശിപ്പിക്കലെന്ന് ആരോപണം; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തിയ കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തു പൊലീസ്; പിന്നാലെ പ്രതിഷേധവുമായി വി എസ് ശിവകുമാർ എംഎൽഎയെ തടഞ്ഞു; ചീഫ് സെക്രട്ടറി നേരിട്ടെത്തി മാധ്യമങ്ങളെയും പുറത്താക്കി; വിശദമായി അന്വേഷിക്കുമെന്ന് ബിശ്വാസ് മേത്ത; കത്തിനശിച്ചത് റൂം ബുക്കു ചെയ്യുന്ന ഫയലുകളെന്ന് അഡീഷണൽ സെക്രട്ടറിയും; അടിമുടി ദുരൂഹമായി സെക്രട്ടറിയേറ്റിലെ തീപിടുത്തം
തിരുവനന്തപുരം: സ്വർണ്ണക്കടത്തു വിവാദത്തിൽ സംസ്ഥാന സർക്കാർ വിവാദത്തിൽ കുളിച്ചു നില്ക്കവേ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്ത ചോദ്യം ചെയ്യലിന് പിന്നാലെ സെക്രട്ടറിയേറ്റിലൂണ്ടായ തീപിടുത്തതും ദുരൂഹതകൾക്ക് ഇട നൽകുന്നു. വർക്കിങ് ദിവസമായി ഇന്ന് പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നതെങ്കിലും ഇതിനോടകം തന്നെ തീപിടുത്തം രാഷ്ട്രീയ വിവാദത്തിന് വഴിമരുന്നിട്ടു കഴിഞ്ഞു.
തെളിവു നശിപ്പിക്കാൻ വേണ്ടിയുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന രാഷ്ട്രീയ ആരോപണങ്ങളും ശക്തമായി. പ്രതിപ്ക്ഷ നേതാവു രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനുമാണ് ആരോപണം ഉന്നയിച്ചത്. സ്ഥലത്തെത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. വിവി രാജേഷ് അടക്കമുള്ള ബിജെപി പ്രവർത്തകരും പൊലീസ് കസ്റ്റഡിയിലാണ്. സംഭവ സ്ഥലത്തേക്ക് എത്തിയ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മാധ്യമങ്ങളെ സ്ഥലത്തു നിന്നും നീക്കി. മീറ്റിംഗിൽ ഇരിക്കുമ്പോഴാണ് സംഭവം അറിഞ്ഞതെന്നും പൊലീസ് ഈ വിവരം വന്ന് ധരിപ്പിച്ചപ്പോഴേ ഒഴിഞ്ഞുപോകണോ എന്ന് ചോദിച്ചു. നിഷ്പക്ഷമായി അന്വേഷണം നടത്തും. രാഷ്ട്രീയക്കാർ വന്ന് പ്രസംഗിക്കാൻ ശ്രമിച്ചു. പരിശോധിച്ചതിന് ശേഷം മാധ്യമങ്ങളെ വിവരം ധരിപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ സെക്രട്ടേറിയറ്റ് തീപിടുത്ത സ്ഥലത്ത് സംഘർഷമുണ്ടായി. ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താതെ ഫയൽ നീക്കാൻ അനുവദിക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി നേതാക്കൾ. യുവമോർച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് നീക്കി. പ്രോട്ടോക്കോൾ ഓഫീസർതന്നെ ആരോപണ വിധേയനായി നിൽക്കുന്നുന്നുവെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ ഫയൽ ഈ ഓഫീസിലാണുണ്ടായിരുന്നത്. മാധ്യമപ്രവർത്തകരെ ഉൾപ്പെടെയുള്ളവരെ അകത്തേക്ക് കയറ്റാത്ത നടപടിയുണ്ടായി. ഫൊറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തണം. പൊലീസുകാർ പ്രവേശിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ചീഫ് പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് സൂചന. കത്തിനശിച്ച ഫയലുകൾ ഏതൊക്കെയാണെന്ന് വ്യക്തമല്ല. ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പൊളിറ്റിക്കൽ വിഭാഗത്തിലെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള മേഖലയാണിത്. പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസും ഇവിടെയാണുള്ളത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എൻഐഎ ആവശ്യപ്പെട്ടിട്ടുള്ളത് പ്രോട്ടോക്കോൾ ഓഫീസറോടാണ്.
തീപിടുത്തത്തിൽ പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി പി. ഹണി വ്യക്തമാക്കി. ഇന്നലെ പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഭാഗമായി മറ്റു ജീവനക്കാർ എല്ലാം ക്വാറന്റീനിലായിരുന്നു. രണ്ട് ജീവനക്കാർ മാത്രമാണ് ഇന്ന് ജോലിക്ക് എത്തിയിരുന്നത്. കമ്പ്യൂട്ടറിൽനിന്നുള്ള ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത്. ഉടൻ ഫയർഫോഴ്സിനെ അറിയിക്കുകയും തീ പൂർണമായും അണയ്ക്കുകയും ചെയ്തു.
പ്രധാനമായും വിവിധ ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത്. നാല് മാസത്തിലധികം മുൻപുള്ള ഫയലുകളാണ് കത്തിനശിച്ചത്. പ്രധാനപ്പെട്ട ഒരു ഫയലും കത്തിനശിച്ചിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളൊന്നും തീപ്പിടിത്തമുണ്ടായ മുറിയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രോട്ടോക്കോൾ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. സംഭവത്തിൽ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിർണായക ഫയലുകൾ സൂക്ഷിച്ചിരിക്കുന്ന ഓഫീസ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് ചീഫ് സെക്രട്ടറിയുടെ ഈ ഇടപെടലും വിവാദത്തിലായിട്ടുണ്ട്. സംഭവം റിപ്പോർട്ട് ചെയ്യാനായി ആദ്യം എത്തിയ മാധ്യമപ്രവർത്തകരുടെ ക്യാമറ പിടിച്ചെടുക്കാൻ ശ്രമമുണ്ടായതായും ആരോപണമുണ്ട്.
മറുനാടൻ മലയാളി യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക് ചെയ്യുക.
മറുനാടന് മലയാളി ബ്യൂറോ