- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു മരം മുറിക്കാൻ കൊടുത്ത വാളു കൊണ്ടു വനം മുഴുവൻ മുറിക്കുന്നതു പോലെ': രാജ്യദ്രോഹ കുറ്റം കാലഹരണപ്പെട്ടതോ എന്ന സംശയം കഴിഞ്ഞ വർഷം ഉന്നയിച്ചത് ചീഫ് ജസ്റ്റിസ് എൻ.വി.രമണ; ഹർജികൾ വിശാല ബഞ്ചിന് വിടണമോ? 124 എ റദ്ദാക്കേണ്ട കാര്യം ഇല്ലെന്ന് എജി
ന്യൂഡൽഹി: 'ഒരു മരം മുറിക്കാൻ കൊടുത്ത വാളു കൊണ്ടു വനം മുഴുവൻ മുറിക്കുന്നതു പോലെയാണു രാജ്യദ്രോഹ വകുപ്പ് ദുരുപയോഗം ചെയ്യുന്നത്. രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസുകളുടെ ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്നവരിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്.'-ജൂലായിൽ ഹർജികളിൽ നോട്ടീസ് അയയ്ക്കുമ്പോൾ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അറ്റോർണി ജനറലിനോട് ചോദിച്ച ചോദ്യമാണ്. സ്വാത്രന്ത്യം നേടി 75 വർഷം പിന്നിടുമ്പോഴും, ഗാന്ധിജിയെയും, ബാലഗംഗാധര തിലകനെയും ഒക്കെ അടിച്ചമർത്താൻ ഉപയോഗിച്ച കൊളോണിയൽ നിയമം ഇനി ആവശ്യമാണോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. ഐപിസിയിലെ 124എ വകുപ്പ്( രാജ്യദ്രോഹ കുറ്റം) ആണ് തർക്ക വിഷയം. വകുപ്പിനെ ചോദ്യം ചെയ്ത് മാധ്യമ പ്രവർത്തകരായ പട്രിഷ്യ മുഖിമും, അനുരാധ ബാഷിനും നൽകിയ ഹർജിയിൽ, കഴിഞ്ഞ വർഷം ഏപ്രിലിൽ ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ച് നോട്ടീസ് അയച്ചിരുന്നു. ആ കേസിലും തീരുമാനം ആയിട്ടില്ല.
രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുതയാണ് വിവിധ ഹർജികളിൽ ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്ച വാദം കേട്ടപ്പോൾ, ഹർജികൾ വിശാല ബഞ്ചിന് വിടുന്നതിൽ കേന്ദ്രസർക്കാരും മറ്റുകക്ഷികളും നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് ഇനി കേസ് പരിഗണിക്കുന്നത്. 124 എ വകുപ്പ് ശരി വച്ച കേദാർ നാഥ് സിങ് കേസിലെ അഞ്ചംഗ ബഞ്ചിന്റെ വിധി പുനഃ പരിശോധിക്കണമോ എന്ന വിഷയത്തിലും, ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ചൊവ്വാഴ്ച വാദം കേൾക്കും.
കോടതിയുടെ സമീപനത്തിൽ മാറ്റം
കഴിഞ്ഞ വർഷമാണ് രാജ്യദ്രോഹ കേസുകളുടെ കാര്യത്തിൽ സുപ്രീം കോടതിയുടെ സമീപനത്തിൽ മാറ്റം വന്നത്. രാജ്യദ്രോഹ വകുപ്പിനെതിരെ സുപ്രീം കോടതി ജഡ്ജിമാർ നേരത്തെ കോടതിക്കു പുറത്തു പലപ്പോഴും നിലപാടെടുത്തിട്ടുണ്ട്. എന്നാൽ, കോടതിയിൽ രാജ്യദ്രോഹ കേസുകൾ പരിഗണിക്കുമ്പോൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 124എ വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നു 1962 ൽ കേദാർനാഥ് സിങ് കേസിൽ നൽകിയ വിധി എടുത്തുപറയുകയെന്നതായിരുന്നു ഇതുവരെയുള്ള രീതി.
കുറ്റാരോപിതർക്കെതിരെയുള്ള നടപടികൾ 1962 ലെ വിധിയിൽ നിർദ്ദേശിച്ച വ്യവസ്ഥകൾ പ്രകാരമാവണമെന്നാണു വിനോദ് ദുവ കേസിലും കോടതി പറഞ്ഞത്. രാജ്യദ്രോഹ വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്നു കോമൺ കോസ് എന്ന സംഘടന നൽകിയ ഹർജിയിൽ 2016 സെപ്റ്റംബർ 5നു നൽകിയ ഉത്തരവിലും 1962 ലെ വിധിയുടെ കാര്യമാണു പറഞ്ഞത്. എന്നാൽ ഇപ്പോൾ ഭരണഘടനാവിരുദ്ധമല്ലെന്നു വ്യക്തമാക്കപ്പെട്ട വകുപ്പ് കാലഹരണപ്പെട്ടതെന്നു കോടതിക്ക് തന്നെ അഭിപ്രായം ഉണ്ട്.
124 എ റദ്ദാക്കേണ്ട കാര്യമില്ലെന്ന് അറ്റോർണി ജനറൽ
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് റദ്ദാക്കേണ്ട കാര്യം ഇല്ലെന്നാണ് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ഇന്നലെ സുപ്രീം കോടതിയിൽ തന്റെ നിലപാട് അറിയിച്ചത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യത്യസ്തമാകാം എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. രാജ്യദ്രോഹ കുറ്റം നിലനിർത്തണമെന്നും, നിയമത്തിന്റെ ദുരുപയോഗം തടയാൻ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരാമെന്നും അദ്ദേഹം പറഞ്ഞു. കേദാർ നാഥ് കേസിലെ 1962 ലെ വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസിനെ കൂടാതെ, ജസ്റ്റിസ് സൂര്യകാന്ത്്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, എൻജിഒകൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരാണ് ഹർജി നൽകിയത്. കേന്ദ്രസർക്കാരിന്റെ എതിർ സത്യവാങ് മൂലം ഫയൽ ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് സോളിസിറ്റർ ജനൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എന്നാൽ, കേസ് വാദിക്കാൻ താൻ തയ്യാറാണെന്നായിരുന്നു കെ.കെ.വേണുഗോപാലിന്റെ നിലപാട്. അപ്പോഴാണ് കോടതി എജിയുടെ അഭിപ്രായം തേടിയത്.
കേദാർ നാഥ് കേസ് പരിഗണിച്ചത് അഞ്ചംഗ ബഞ്ചായതുകൊണ്ട് വിശാല ബഞ്ചിലേക്ക് വിടേണ്ടതുണ്ടോ എന്നാണ് തുടർന്ന്, കോടതി ആരാഞ്ഞത്. മുഖ്യഹർജിക്കാരന് വേണ്ടി ഹാജരായ കപിൽ സിബൽ വിശാല ബഞ്ചിന്റെ ആവശ്യം ഇല്ലെന്നാണ് അഭിപ്രായപ്പെട്ടത്. കേദാർ നാഥ് കേസ് തീരുമാനിച്ചത് എ.കെ.ഗോപാലന്റെ കാലത്താണെന്നും, മൗലികാവകാശങ്ങളെ കുറിച്ചുള്ള ചിന്തകളിലും മറ്റും കാതലായ മാറ്റം വന്ന സാഹചര്യത്തിൽ അത് കണക്കിലെടുക്കാതെ തന്നെ മൂന്നംഗ ബഞ്ചിന് കേസ് പരിഗണിക്കാമെന്നും സിബൽ പറഞ്ഞു. എന്നിരുന്നാലും രാജ്യദ്രോഹ കുറ്റം ശരിവച്ച അഞ്ചംഗ ബഞ്ചിനെ അവഗണിക്കാൻ മൂന്നംഗ ബഞ്ച് തുനിയുന്നത് ഉചിതമാകുമോ എന്ന സംശയം കോടതി പ്രകടിപ്പിച്ചു.
രാജ്യദ്രോഹ കേസുകളുടെ എണ്ണമേറി
കണക്കുകൾ പരിശോധിച്ചാൽ 2015 മുതൽ 2019 വരെയുള്ള കാലത്തിനുള്ളിൽ രാജ്യത്ത് 283 കേസുകളാണ് 124എ വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്തത്. അതിൽ 56 കേസുകളിൽ മാത്രമാണ് വിചാരണ പോലും നടന്നിട്ടുള്ളത്. 51 കേസുകളിലായി 55 പേരെ കോടതി വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്. 2014ന്റെ ആദ്യപകുതിയിൽ ആകെ 9 പേരാണ് രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ നേരിടുന്നവരായോ ജാമ്യത്തിലുള്ളവരായോ ഉണ്ടായിരുന്നത്.
കർഷകർക്ക് എതിരെയും രാജ്യദ്രോഹ കുറ്റം
കഴിഞ്ഞ വർഷം, ജൂലൈ 15 ന് ഹരിയാനയിലെ സിർസയിൽ നൂറോളം കർഷകർക്കെതിരെയാണ് 124എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കൃഷി നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഹരിയാനയിലെ ഡപ്യൂട്ടി സ്പീക്കർ രൺവീർ ഗാങ്വയുടെ വാഹനം കഴിഞ്ഞ 11ന് കേടുവരുത്തിയെന്നാരോപിച്ചാണ് രാജ്യദ്രോഹ വകുപ്പു പ്രയോഗിച്ചത്. ആൾക്കൂട്ട കൊല തടയണമെന്നു പ്രധാനമന്ത്രിക്കു തുറന്ന കത്തെഴുതിയതിന് അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ 49 പേർക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കാൻ മുസഫർപുരിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് സൂര്യ കാന്ത് തിവാരി ഉത്തരവിട്ടത് വിവാദമായിരുന്നു.
2016ൽ ജെ.എൻ.യു.വിൽ നടന്ന വിദ്യാർത്ഥി റാലിയിൽ രാജ്യവിരുദ്ധമുദ്രാവാക്യം മുഴക്കിയെന്ന കേസിലാണ് വിദ്യാർത്ഥിനേതാക്കളായ കനയ്യ കുമാർ, ഉമർ ഖാലിദ് എന്നിവരടക്കമുള്ളവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. കർഷകസമരത്തെ പിന്തുണച്ചതിനെ തുടർന്നുണ്ടായ ടൂൾക്കിറ്റ് വിവാദം ഒടുവിൽ അവസാനിച്ചത് ദിഷ രവിയെന്ന പരിസ്ഥിതി പ്രവർത്തകയ്ക്ക് മേൽ രാജ്യദ്രോഹം ചുമത്തിക്കൊണ്ടായിരുന്നു
മാധ്യമ പ്രവർത്തർക്ക് എതിരെയും
2021, ജനുവരിയിൽ ഡൽഹിയിൽ കർഷകസമരത്തിനുനേരെ ഉണ്ടായ പൊലീസ് നടപടിയെ വിമർശിച്ചതിൽ അടക്കം പ്രമുഖ മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കേസെടുത്തിരുന്നു. രാജ്ദീപ് സർദേശായ് (ഇന്ത്യ ടുഡെ), മൃണാൽ പാണ്ഡെ (നാഷണൽ ഹെറാൾഡ്), സഫർ അഗ്ഫ (ക്വാമി ആവാസ്), പരേഷ് നാഥ്, വിനോദ് കെ ജോസ് (ദി കാരവൻ) എന്നിവർ പ്രതികളായി.
ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സിദ്ധാർഥ് വരദരാജന്റെ (ദി വയർ) പേരിൽ യുപി പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദവൽ പട്ടേൽ (ഗുജറാത്ത്), കിഷോർ ചന്ദ്ര വാങ്കെ (മണിപ്പുർ) എന്നിവരും ഇതേ കുറ്റം ചുമത്തപ്പെട്ടവരാണ്. ഉത്തർപ്രദേശിൽ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പേരിൽ ഒട്ടേറെ കേസുണ്ട്.
കേദാർനാഥ് സിങ് കേസ്
രാജ്യദ്രോഹക്കുറ്റം, ഭരണഘടന വാഗ്ദാനം ചെയ്യുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ടോയെന്ന വിഷയമാണ് 1962ൽ കേദാർനാഥ് സിങ് കേസിൽ സുപ്രീംകോടതി പരിശോധിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124എ വകുപ്പിന്റെ നിയമസാധുത രാജ്യസുരക്ഷ മുൻനിർത്തി ശരിവച്ചെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാൻ ആ വകുപ്പ് ഉപയോഗിക്കരുതെന്ന് അഞ്ചംഗ ഭരണഘടനാബെഞ്ച് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്ക് എതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടത്. ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യൽ, ക്രമസമാധാനം തകർക്കൽ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള എഴുത്തോ പ്രസംഗമോ രാജ്യദ്രോഹപരമാണ്. എന്നാൽ, സർക്കാരിനോ ഭരണാധികാരികൾക്കോ എതിരെ ശക്തമായ ഭാഷയിലുള്ള വിമർശനം രാജ്യദ്രോഹമല്ല. തെറ്റെന്ന് തനിക്ക് ബോധ്യമുള്ള നടപടി തിരുത്തിക്കാൻ സമാധാനപരമായ രീതിയിൽ ഉന്നയിക്കുന്ന വിമർശങ്ങളുടെയും പ്രതിഷേധങ്ങളുടെയും പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.
ബിഹാറിലെ ബെഗുസെരായിയിലെ ബരോനി ഫ്ളാഗ് ഗ്രാമത്തിലെ ഫോർവേഡ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായ കേദാർനാഥ് സിങ് 1953ൽ സർക്കാരിനെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാജ്യദ്രോഹക്കേസെടുത്തിരുന്നത്. 'ബ്രിട്ടീഷുകാരെപ്പോലെ പ്രവർത്തിക്കുന്ന കോൺഗ്രസ് ഗുണ്ടകൾ ലാത്തിയും വെടിയുണ്ടയും കൊണ്ടുള്ള ഭരണമാണ് നടത്തുന്നത്'- എന്നായിരുന്നു പരാമർശം.
മറുനാടന് മലയാളി ബ്യൂറോ