ജിദ്ദ: മുൻകൂട്ടിയുള്ള അറിയിപ്പോ, എന്തെങ്കിലും പ്രത്യേക കാരണമോ ഇല്ലാതെയായിരുന്നു വ്യാഴാഴ്ച അർദ്ധരാത്രി ജിദ്ദയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസ് ചാർട്ടേഡ് വിമാനത്തിന്റെ ദുരൂഹമായ റദ്ദാക്കൽ. മഹാമാരിയുടെ ദുരിതക്കാലത്ത് ഇന്ത്യയിലെ കേന്ദ്ര അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഈ അപലപനീയമായ നടപടി അതിൽ യാത്ര ചെയ്യേണ്ടിയിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറു കണക്കിന് യാത്രക്കാർക്ക് സമ്മാനിച്ചത് വിവരണാതീതമായ ക്ലേശങ്ങൾ. യാത്രക്കാർ കൊറോണാ ടെസ്റ്റ് റിസൾട്ടുമായി വന്നവരാണെന്നതും ജിദ്ദയിൽ നിന്ന് നൂറു കണക്കിന് കിലോമീറ്ററുകൾ അകലെ നിന്ന് വരുന്നവരാണ് അവരിൽ വലിയൊരു വിഭാഗമെന്നതും ഇന്ത്യൻ സിവിൽ ഏവിയേഷൻ വിഭാഗം ചെയ്ത ക്രൂരതയുടെ കടുപ്പം കൂട്ടുന്നു.

അതേസമയം, ദുരിതം വിതച്ച വഴികളിൽ ആശ്വാസ വർഷമായി മാറി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് കൈകൊണ്ട നടപടികൾ. ജിദ്ദയിലെ കോൺസൽ ജനറലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ നടത്തിയ സന്ദഭോചിതമായ ഇടപെടൽ മാതൃകാപരവും ഏറെ പ്രശംസാ പാത്രവുമായി. അന്യരാജ്യങ്ങളിൽ കുടുങ്ങിപോകുന്ന ഇന്ത്യക്കാരുടെ കാര്യങ്ങളിൽ അവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ എങ്ങിനെ പ്രവർത്തിക്കണമെന്നതിനുള്ള ഉത്തമ മാതൃകയായി ജിദ്ദാ കോൺസുലേറ്റിന്റെ ഇടപെടൽ. അതാകട്ടെ, യാത്രക്കാരിൽ ജിദ്ദയ്ക്ക് പുറത്തു നിന്ന് നേരത്തേ എത്തിയവരും കേന്ദ്ര വ്യോമയാന വിഭാഗത്തിന്റെ നടപടി മൂലം ഏറ്റവുമധികം ദുരിതം സഹിക്കേണ്ടി വരികയും ചെയ്തവർക്ക് ഏറെ ആശ്വാസമാവുകയും ചെയ്തു.
ഇയ്യിടെ മാത്രം കോൺസൽ ജനറൽ പദവി ഏറ്റെടുത്ത മുൻ ഹജ്ജ് കോൺസൽ മുഹമ്മദ് ഷാഹിദ് ആലമിന്റെ നിർദേശങ്ങൾക്കനുസരിച്ച് കോൺസൽമാരായ ഹംന മറിയം, വൈസ് കോൺസൽ മാലതി എന്നിവർ നേരിട്ട് നിർവഹിച്ച അടിയന്തര നീക്കങ്ങൾ ക്ലേശസാഹചര്യത്തിൽ യാത്രക്കാരുടെയും ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിന്റെയും പ്രശംസ പിടിച്ചുപറ്റി.

നൂറു കണക്കിന് കിലോമീറ്ററുകൾ താണ്ടി ജിദ്ദയിലെത്തിയവരാണ് യാത്രക്കാരിൽ ഏറെയും. വ്യാഴാഴ്ച പകൽ നേരത്തേ തന്നെ യാത്രക്കായി ഇവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. പിഞ്ചു കുട്ടികളും കുടുംബിനികളും ഉൾപ്പെടെ ഇരുനൂറിലധികം പേരാണ് ഈ ചാർട്ടേഡ് വിമാനത്തിൽ ബുക്കിങ് നടത്തിയിരുന്നത്. കുട്ടികൾ ഉൾപ്പെടെയുള്ള ഓരോരുത്തർക്കും 5,000 ത്തിലധികം രൂപ ചെലവാക്കി പിസിആർ കോവിഡ് പരിശോധനാ നെഗറ്റീവ് റിപ്പോർട്ടും എല്ലാം കൊണ്ടായിരുന്നു യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നത്. എന്നാൽ, വിമാനം റദ്ദാക്കിയതായുള്ള വാർത്ത അത്യധികം നടുക്കത്തോടെയാണ് പെരുവഴിയിലായ യാത്രക്കാർ കേട്ടത്.

അതേസമയം, ജിദ്ദയിലെ കോൺസുലേറ്റ് ഉണർന്ന് പ്രവർത്തിച്ചു. ഇതുമൂലം, യാത്രക്കാരിൽ ചിലരെ എയർ ഇന്ത്യയുടെ മുബൈ വഴി തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലും ചിലരെ ബംഗളുരുവിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിലും അവശേഷിക്കുന്നവരെ കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലും ഏറെ വൈകാതെ നാട്ടിലെത്തിക്കാൻ സാധിച്ചു. ഇനിയും ചിലർ സ്വന്തം തീരുമാന പ്രകാരം യാത്ര മറ്റു ദിവസങ്ങളിലേക്ക് മാറ്റി വെക്കുകയും ചെയ്തു.

സൗദി വിമാനങ്ങൾ പുറപ്പെടുന്ന ജിദ്ദയിലെ പുതിയ എയർപോർട്ടിൽ നിന്ന് കുടുങ്ങിപ്പോയ യാത്രക്കർക്കായി കോൺസുലേറ്റ് ഇന്ത്യൻ സ്‌കൂൾ വാഹനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിൽ ഇവരെ ഷറഫിയ്യയിലെ റസ്റ്റാറന്റ്റിൽ എത്തിക്കുകയും ഭക്ഷണം നൽകുകയും ചെയ്തു. തുടർന്ന്, വിമാനത്താവളത്തിലെ നോർത്ത് ടെർമിനലിൽ തിരിച്ചെത്തിക്കുകയായിരുന്നു. ഇവർക്കായി എയർപോർട്ടിൽ പ്രത്യേക കൗണ്ടറും തുറന്നു പ്രവർത്തിച്ചു.
സൗദിയാ വിമാനം മറ്റു വിമാനങ്ങളെക്കാൾ കൂടുതൽ സൗജന്യ ലഗേജ് അനുവദിക്കുന്നതിനാൽ പ്രസ്തുത തൂക്കം ലഗേജുമായി എത്തിയ യാത്രക്കാരിൽ നിന്ന് പകരം സർവീസുകാർ അധിക ചാർജ് ചുമത്തിയില്ലയെന്നതും കോൺസുലേറ്റ് ഉചിതമായി ഇടപെട്ടതിന്റെ മേന്മയായി.

അതേസമയം, തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർക്ക് മുംബൈ വഴി പോയവർക്ക് പിന്നെയും ദുരിതം തുടരുകയായിരുന്നു. മുബൈയിൽ നിന്ന് കണക്ഷൻ വിമാനത്തിന് പതിനാറു മണിക്കൂറോളം വിമാനത്താവളത്തിൽ കഴിയേണ്ടിവന്നതായി നാടണഞ്ഞവർ മാധ്യമങ്ങളോട് വിവരിച്ചു.ഇന്ത്യൻ എംബസിയുടെയും കേരള സർക്കാരിന്റെയും എൻ ഒ സിയും സൗദി സിവിൽ ഏവിയേഷൻ അധികൃതർ നൽകിയ അനുമതിയും ഉണ്ടായിട്ടും ഇന്ത്യൻ സിവിൽ ഏവിയേഷൻ വകുപ്പ് ജിദ്ദാ - കൊച്ചി വിമാനത്തിന് അനുമതി നിഷേധിച്ചത് ദുരൂഹമായി തന്നെ തുടരുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം റിയാദിൽ നിന്ന് ഡൽഹിയിലേക്കു സൗദിയ വിമാനം സർവിസ് നടത്തുകയുണ്ടായെന്നും കേരളത്തിലേക്ക് മാത്രം സൗദിയ വിമാന സർവിസിന് കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് അനുമതി നിഷേധിച്ചതിൽ സൗദിയിലെ കേരള സമൂഹത്തിൽ പ്രതിഷേധം പടരുകയാണ്.

പറഞ്ഞു. വരും ദിനങ്ങളിലും കേന്ദ്ര വകുപ്പുകൾ ഇത്തരം ദ്രോഹ നടപടികൾ ആവർത്തിക്കുകയാണെങ്കിൽ വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി പ്രധാനമന്ത്രിയുമായി ബന്ധപെട്ടു പരിഹാരം ഉണ്ടാക്കണമെന്ന് ഒ ഐ സി സി റീജിയനൽ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീർ ആവശ്യപ്പെട്ടു.