പത്തനംതിട്ട: ഇടപാടുകാർക്ക് നേരെ എന്തുമാകാമെന്ന ബാങ്ക് മാനേജർമാരുടെ അഹങ്കാരത്തിന്റെ പത്തി അടിച്ചു താഴ്‌ത്തി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി. ഇടപാടുകാരൻ ലോൺ കുടിശിക വരുത്തിയതിന്റെ പേരിൽ അയാളുടെ ശമ്പള അക്കൗണ്ട് മരവിപ്പിച്ചതിന് നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചു. സേവനത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് ശിക്ഷ.

കൊടുമൺ കൊച്ചുവീട്ടിൽ ലതീഷ്‌കുമാർ കല്ലേലി എസ്.ബി.ഐ ശാഖാ മാനേജരെ എതിർ കക്ഷിയാക്കി ഫയൽ ചെയ്ത കേസിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തി ന്റെ വിധി. ഇതനുസരിച്ച് മാനേജർ 10,000 രൂപ നഷ്ടപരിഹാരവും 2,500 രൂപ കോടതി ചെലവും ലതീഷിന് നൽകണം. ബാങ്കിന്റെ കല്ലേലി ശാഖയിൽ നിന്നും ലതീഷ് 6. 30 ലക്ഷം രൂപ ഭവന വായ്പ എടുത്തിരുന്നു. 8302 രൂപ പ്രകാരം പ്രതിമാസ ഗഡുക്കളായി 180 തവണ കൊണ്ട് തിരിച്ചടയ്ക്കണമെന്നായിരുന്നു കരാർ. വനംവകുപ്പ് ജീവനക്കാരൻ കൂടിയായ ലതീഷ് വീടും സ്ഥലവും ഈടു വച്ചാണ് ലോൺ എടുത്തത്. അവിചാരിതമായ കാരണങ്ങളാൽ മൂന്നു തവണ വായ്പ അടയ്ക്കാൻ സാധിച്ചില്ല. രണ്ടു ദിവസത്തിനകം കുടിശിക അടച്ചു കൊള്ളാമെന്ന് ലതീഷ് ബാങ്കിനെ അറിയിച്ചിരുന്നു. ബാങ്ക് നിരസിച്ചതു കാരണം ഭാര്യയുടെ ആഭരണം പണയം വച്ച് വായ്പാ കുടിശിക അടച്ചു തീർത്തു. ഈ സമയം ലതീഷിനെ അറിയിക്കാതെ അദ്ദേഹത്തിന്റെ കൊടുമൺ എസ്.ബി.ഐ ബ്രാഞ്ചിലുള്ള ശമ്പള അക്കൗണ്ട് കല്ലേലിയിലെ മാനേജർ ഇടപെട്ട് മരവിപ്പിച്ചു.

എ.ടി.എം കാർഡ് ഉപയോഗിച്ച് ശമ്പള അക്കൗണ്ടിലേക്ക് വന്ന പണം പിൻവലിക്കാൻ കഴിയാതെ വരികയും ചെയ്തു. വായ്പാ കുടിശിക പൂർണമായി അടച്ചു തീർത്ത് ഒരു ദിവസം കൂടി കഴിഞ്ഞാണ് ശമ്പള അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിച്ചത്. ഇത് തനിക്ക് മനോവിഷമവും വേദനയും ഉണ്ടാക്കിയതായി ലതീഷ് ഫോറത്തിൽ ബോധിപ്പിച്ചു. ഈ പ്രവൃത്തി എതിർ കക്ഷിയുടെ സേവനത്തിന്റെ അപര്യാപ്തത ആണെന്നും ലതീഷ് വാദിച്ചു.

ഇരു ഭാഗത്തിന്റേയും വാദവും തെളിവുകളും പരിശോധിച്ച ഫോറം എതിർ കക്ഷിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച കണ്ടെത്തിയാണ് നഷ്ടപരിഹാരവും കോടതി ചെലവും അനുവദിച്ചത്. പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗങ്ങളായ നിഷാദ് തങ്കപ്പൻ, ഷാജിതാബീവി എന്നിവരാണ് വിധി പ്രസ്താവിച്ചത്.