- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന ചരിത്രത്തിൽ തന്നെ അപൂർവ സംഭവം; സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിന് ആയുസ് വെറും 48 മണിക്കൂർ മാത്രം; വിവാദ പൊലീസ് നിയമഭേദഗതി പിൻവലിക്കാൻ മന്ത്രിസഭായോഗ തീരുമാനം; പിൻവലിക്കാൻ ഓർഡിനൻസ് പുറത്തിറക്കും; വിവരം ഗവർണറെ അറിയിക്കും; പുതിയ ഭേദഗതി വിശദമായ ചർച്ചയ്ക്ക് ശേഷം മാത്രം
തിരുവനന്തപുരം: പൊലീസ് നിയമഭേദഗതി പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭായോഗത്തിൽ തീരുമാനം. പിൻവലിക്കാൻ ഓൻസിനൻസ് ഇറക്കും. വിവാദഭേദഗതി പിൻവലിക്കാനുള്ള ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭേദഗതി റദ്ദാക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളും പൊതുസമൂഹവും ഉയർത്തിയ പ്രതിഷേധം പരിഗണിച്ചാണ് തീരുമാനം.
തീരുമാനം ഗവർണറെ അറിയിക്കും. വിശദമായ ചർച്ചയ്ക്ക് ശേഷമായിരിക്കും പുതിയ ഭേദഗതി. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപീലിങ് ഓർഡർ ഉടനെ പുറത്തിറങ്ങും. സാധാരണഗതിയിൽ ബുധനാഴ്ച ദിവസമാണ് മന്ത്രിസഭായോഗം ചേരാറുള്ളത്. എന്നാൽ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കേണ്ട ചീഫ് സെക്രട്ടറിയുടെ അസൗകര്യം കണക്കിലെടുത്ത് ഇന്ന് വൈകുന്നേരം മന്ത്രിസഭായോഗം ചേരുകയും വിവാദഭേദഗതി പിൻവലിക്കാൻ തീരുമാനിക്കുകയുമായിരുന്നു. സർക്കാർ പുറത്തിറക്കിയ ഒരു ഓർഡിനൻസ് 48 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് സംസ്ഥാന ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമാണ്.
പൊലീസ് നിയമഭേദഗതിയിൽ സർക്കാരിനെ വിമർശിച്ച് സിപിഎം പിബി അംഗം എം.എ.ബേബി അടക്കം ഇന്നും രംഗത്തെത്തിയിരുന്നു. വിമർശനമുണ്ടാകും വിധത്തിൽ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പിൻവലിക്കാൻ തീരുമാനിച്ചത് പാർട്ടി ചർച്ചചെയ്താണെന്നും ബേബി പറഞ്ഞു. പൊലീസ് നിയമ ഭേദഗതി പരിഷ്‌കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. നിലവിലെ ഭേദഗതി തൽക്കാലം നടപ്പാക്കില്ല . അതനുസരിച്ച് കേസും രജിസ്റ്റർ ചെയ്യില്ല. ബിജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആർ എസ് പി നേതാവ് ഷിബു ബേബി ജോണും സമർപ്പിച്ച ഹർജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജികൾ നാളെ വീണ്ടും പഗരിഗണിക്കും.
പൊലീസ് നിയമഭേദഗതി അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി. കെപിഎ ആക്ടിലെ 118 എ വകുപ്പ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.
സർക്കാർ നിലപാട് നിലപാട് ചീഫ് ജസ്റ്റിസ് മണികുമാർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് രേഖപ്പെടുത്തി. സർക്കാരിനോട് ഇതുസംബന്ധിച്ച് രേഖമൂലം മറുപടി നൽകാനും കോടതി നിർദ്ദേശിച്ചു. കെപിഎ ആക്ടിലെ പുതിയ ഭേദഗതി സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നാണ് പൊതുതാൽപ്പര്യ ഹർജികളിലെ പ്രധാന വാദം. 118 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപ്പര്യ ഹർജിയിൽ ഹൈക്കോടതി നാളെ വിശദമായ വാദം കേൾക്കും. അതേസമയം പുതിയ ഭേദഗതി അനുസരിച്ച് കേസെടുക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. പുതിയ നിർദ്ദേശം വരുന്നതു വരെ കേസ് രജിസ്റ്റർ ചെയ്യരുതെന്നാണ് ഡിജിപി നിർദ്ദേശിച്ചിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ