കോഴിക്കോട്: കേരളത്തിൽ പുതിയ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ആദ്യത്തെ വിവാദങ്ങളിലൊന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പുമായി ബന്ധപ്പെട്ടാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് വി അബ്ദുറഹിമാനിൽ നിന്നും മുഖ്യമന്ത്രി ഏറ്റെടുത്തു എന്ന ആരോപണം ആദ്യം ഉന്നയിച്ചത് മുസ്ലിം ലീഗും മുസ്ലിം സംഘടനകളുമാണ്. ഇങ്ങനെ ഏറ്റെടുക്കാൻ കാരണം ചില ക്രിസ്ത്യൻ സഭകളുടെ സമ്മർദ്ദമാണെന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി ക്രിസ്ത്യൻ സഭകൾ ഈ ആവശ്യം ഉന്നയിക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ ന്യൂനപക്ഷ വകുപ്പ് ഒരു സ്വതന്ത്ര വകുപ്പായി രൂപീകരിച്ചത്് എന്നാണ്, രൂപീകരണത്തിലേക്ക് എത്തിച്ച കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കുകയാണ് ഇവിടെ.

സച്ചാർ കമ്മീഷൻ റിപ്പോർട്ടുകൾ കേരളത്തിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ പാലൊളി കമ്മറ്റിയുടെ ശുപാർശ പ്രകാരം 2011 ലാണ് കേരളത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഒരു സ്വതന്ത്ര വകുപ്പായി രൂപീകൃതമാകുന്നത്. ഈ നിർദ്ദേശങ്ങളെല്ലാം മുന്നോട്ടുവെച്ച പാലൊളി മുഹമ്മദ് കുട്ടി തന്നെയായിരുന്നു ഈ വകുപ്പിന്റെ ആദ്യ മന്ത്രിയും. പിന്നീട് വന്ന യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗിൽ നിന്ന് മഞ്ഞളാംകുഴി അലിയും വകുപ്പ് മന്ത്രിയായി. ഏറ്റവും ഒടുവിൽ കെടി ജലീലും ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനുമാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്.

പിണറായി വിജയനൊഴികെ ഈ വകുപ്പ് കൈകാര്യം ചെയ്തവരെല്ലാം മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. അതു കൊണ്ട് തന്നെ കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ഈ വകുപ്പിനെ സംബന്ധിച്ചും വകുപ്പിന്റെ പദ്ധതി നിർവഹണങ്ങളെ കുറിച്ചും വലിയ ആശങ്കയും നിലനിന്നിരുന്നു. ഈ ആശങ്കകളുടെ എല്ലാം പശ്ചാത്തലത്തിലാണ് പുതിയ സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് തന്നെ വിവിധ സഭകൾ ഇത്തവണയെങ്കിലും വകുപ്പ് മുഖ്യമന്ത്രിയേറ്റെടുക്കുകയോ അതല്ലെങ്കിൽ ക്രസ്ത്യൻ വിഭാഗത്തിൽ പെട്ട മന്ത്രിമാർക്ക് നൽകുകയോ വേണമെന്ന നിർദ്ദേശം നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിന് മുമ്പും വിവിധ ക്രിസ്ത്യൻ സഭകൾ മുന്നോട്ട് വന്നിരുന്നു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ വിവിധ സഭകൾ ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളെയും ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് സമീപിച്ചിരുന്നു. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പദ്ധതികളുടെ സിംഹഭാഗവും മുസ്ലിം മതവിഭാഗങ്ങളും അവരുടെ സ്ഥാപനങ്ങളും തട്ടിയെടുക്കുന്നു എന്നായിരുന്നു ക്രിസ്ത്യൻ സഭകളുടെ പ്രധാന ആക്ഷേപം.

വകുപ്പ് രൂപീകരണത്തിന് കാരണമായ പാലൊളി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ

പ്രധാനമായും പത്ത് നിർദ്ദേശങ്ങളാണ് പാലൊളി കമ്മറ്റി അന്ന് സർക്കാറിന് മുന്നിൽ വെച്ചത്. ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കുന്നതും അതിന്റെ ഭാഗമായി വിവിധ ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്നതും. സംസ്ഥാനത്ത് സ്വതന്ത്രമായ ഒരു ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആരംഭിക്കുക, വിവിധ വകുപ്പുകളിൽ നിലനിൽക്കുന്ന സമാനമായ കാര്യങ്ങളെ ഈ വകുപ്പുമായി ഏകോപിപ്പിക്കുക, ഇതിന്റെ ഭാഗമായി ജില്ല തല ഭരണ കേന്ദ്രങ്ങൾ ആരംഭിക്കുക എന്നതായിരുന്നു പാലൊളി കമ്മറ്റിയുടെ ആദ്യ നിർദ്ദേശം.

ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 2011ൽ വകുപ്പ് രൂപീകരിക്കുകയും ജില്ല കളക്റ്റ്രേറ്റുകളിൽ ഒരു എൽഡി ക്ലാർക്കിനെ മാത്രം നിയമിച്ച് ജില്ല ഓഫീസുകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. പിന്നീട് 2015ൽ ജില്ല തലത്തിൽ വിപുലമായ ജില്ല ഓഫീസുകൾ ആരംഭിക്കുന്നതിന് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. വകുപ്പ് രൂപീകരണത്തിന് മുമ്പ് തന്നെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ന്യൂനപക്ഷ ക്ഷേമ സെൽ രൂപീകരിക്കണമെന്നും പാലൊളി കമ്മറ്റിയുടെ നിർദ്ദേശമുണ്ടായിരുന്നു.

മുസ്ലിം മതവിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പരിഗണിക്കുന്നതിന് വേണ്ടിയുള്ള അടിയന്തര നടപടികൾക്ക് വേണ്ടിയായിരുന്നു ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറ്റിയേറ്റിൽ ആരംഭിച്ചിരുന്ന മൈനോറിറ്റി സെൽ സ്വതന്ത്ര വകുപ്പായി മാറ്റുകയും ചെയ്തു. മദ്രസ അദ്ധ്യാപകർക്ക് പെൻഷനും ക്ഷേമ നിധിയും ഏർപ്പെടുത്തുക, ഇതിലേക്കായി വർഷാവർഷം സർക്കാർ ഗ്രാന്റ് നൽകുക എന്നതും പാലൊളി കമ്മറ്റി നിർദ്ദേശിച്ചു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ആസ്ഥാനമായി മദ്രസ അദ്ധ്യാപക ക്ഷേമ നിധി ബോർഡ് ആരംഭിക്കുകയും ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ അനുവദിക്കുകയും ചെയ്തു.

പിന്നീട് വിവിധ വർഷങ്ങളിൽ സർക്കാർ ഗ്രാന്റും ഈ ക്ഷേമനിധിയിലേക്കായി നൽകി വരുന്നു. എസ് സി, എസ് ടി പദ്ധതി നിർവ്വഹണത്തിന്റെ മാതൃകയിൽ സച്ചാർ കമ്മറ്റി റിപ്പോർട്ടും കേരളത്തിൽ വേഗത്തിൽ നടപ്പിലാക്കുക എന്നതായിരുന്നു പാലൊളി കമ്മറ്റി മുന്നോട്ടുവെച്ച മറ്റൊരു നിർദ്ദേശം. ഇതിന്റെ ഭാഗമായി കേരളത്തിലാകെ ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾ അർഹരിലേക്ക് എത്തിക്കുന്നതിനും പ്രവർത്തനങ്ങളുടെ ഏകോപനത്തിനും പ്രമോട്ടർമാരെ നിയമിക്കുകയും ചെയ്തു. കേന്ദ്രസർക്കാറിന്റെ ന്യൂനപക്ഷ പാക്കേജ് കണ്ണൂർ,കോഴിക്കോട്, മലപ്പുറം, പാലക്കാട്,എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ കൂടി നടപ്പിലാക്കണമെന്നും ഇതിനായി കേന്ദ്രസർക്കാറുമായി കൂടിയാലോചന നടത്തണമെന്നുമായിരുന്നു പാലോളി കമ്മറ്റിയുടെ മറ്റൊരു നിർദ്ദേശം.

എന്നാൽ 11ാം പദ്ധതി കാലത്ത് കേരളത്തിൽ നിന്ന് വയനാട് ജില്ലയെ മാത്രമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. നേരത്തെ ജില്ലകൾ കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാർ നടപ്പാലാക്കിയിരുന്ന ന്യൂനപക്ഷക്ഷേമ പാക്കേജ് പിന്നീട് 12ാം പദ്ധതി കാലത്ത് ബ്ലോക്ക്, ടൗൺ, വില്ലേജ് ക്ലസ്റ്ററുകളായിട്ടാണ് നടപ്പിലാക്കിയത്. ഈ ഘട്ടത്തിൽ കേരളത്തിൽ നിന്ന് മലപ്പുറം ജില്ലയിലെ പൊന്നാനി ടൗൺ, വയനാട് ജില്ലയിൽ നിന്ന് പനമരം, കൽപറ്റ, ബത്തേരി, മാനന്തവാടി ബ്ലോക്കുകൾ മാത്രമാണ് ഉൾപ്പെട്ടത്. മുസ്ലിം പെൺകുട്ടികളുടെ സ്‌കോളർഷിപ്പ് വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാനും പാലൊളി കമ്മറ്റിയുടെ നിർദ്ദേശമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി മുസ്ലിം പെൺകുട്ടികൾക്ക് ഹോസ്റ്റൽ സ്റ്റൈപന്റ്, ബിരുദ, ബിരുദാനന്തര, പ്രൊഫഷണൽ കോഴ്സുകൾക്കുള്ള സ്‌കോളർഷിപ്പുകൾ ഇപ്പോഴും നൽകി വരുന്നു. ഇത് കാലക്രമത്തിൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ഇതേ പദ്ധതിയിൽ നിന്ന് തന്നെ 20 ശതമാനം ലത്തീൻ ക്രിസ്ത്യൻ, പരിവർത്തന ക്രൈസ്തവർ എന്നിവർക്കും നൽകി വരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അടിയന്തര പരിഗണന നൽകുക എന്ന കാര്യവും പാലൊളി കമ്മറ്റിയുടെ നിർദ്ദേശമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റീസ് എജുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻസ് പരിശോധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൈനോരിറ്റി പദവി നൽകുകയും അതനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട്. സംവരണ നഷ്ടം സംബന്ധിച്ച കാര്യങ്ങളിൽ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചർച്ച നടത്തണമെന്നും ഇതിന്റെ പേരിൽ മുടങ്ങിക്കിടക്കുന്ന നിയമനങ്ങളിൽ നടപടി സ്വീകരിക്കണമെന്നും പാലൊളി കമ്മറ്റിയിൽ നിർദ്ദേശമുണ്ടായിരുന്നു. ഈ നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ എൻസിഎ വിജ്ഞാപനം പുറപ്പെടുവിച്ച് കൊണ്ട് സംവരണ ഒഴിവുകൾ നികത്തുകയും ചെയ്തിട്ടുണ്ട്.

കേരളത്തിൽ അതിന്യൂനപക്ഷമായ ദഖ്നി, കച്ചി, മെമൻ തുടങ്ങിയ വിഭാഗങ്ങളെ കൂടി സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മേൽവിഭാഗങ്ങളെ കൂടി സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുയും ചെയ്തു. തീരദേശങ്ങളിലും മലയോര മേഖലകളിലും ജീവിക്കുന്ന മുസ്ലിം വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നതായിരുന്നു പാലൊളി കമ്മറ്റിയുടെ അവസാന നിർദ്ദേശം ഇതിന്റെ ഭാഗമായി ഈ മേഖലകളിൽ താമസിക്കുന്ന മുസ്ലിം വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ ഇപ്പോഴും നടപ്പിലാക്കി വരുന്നു. മാത്രവുമല്ല ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളിലുള്ള പ്രത്യേക കുടിവെള്ള പദ്ധതിയും വിവാഹമോചിതരായ മുസ്ലിം സ്ത്രീകൾക്കുള്ള പ്രത്യേക ക്ഷേമപദ്ധതികളും ഭവന പദ്ധതികളുമെല്ലാം പാലൊളി കമ്മറ്റിയുടെ നിർദ്ദേശാനുസരണം സംഭവിച്ചതാണ്.

അതേ സമയം പാലൊളി കമ്മീഷന്റെ കണ്ടെത്തലുകളും നിർദ്ദേശങ്ങളുമെല്ലാ കേവലം ഉപരിപ്ലവമാണെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നതാണ്. സച്ചാർ കമ്മറ്റി റിപ്പോർട്ട് വഴി തങ്ങൾക്ക് ലഭിച്ച നിർദ്ദേശങ്ങളുടെയും വിവരങ്ങളുടെയും ക്രോഡീകരണം നടത്തുകയാണ് പാലൊളി കമ്മറ്റി നടത്തിയിരിക്കുന്നത്. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും കേവലം വകുപ്പ് രൂപീകരിച്ചു എന്നതിനപ്പുറം പാലൊളി കമ്മറ്റിയുടെ നിർദ്ദേശങ്ങൾ കേരളത്തിൽ പൂർണ്ണമായും നടപ്പിലാക്കിയിട്ടില്ലെന്ന് കാണാൻ കഴിയും.

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായി വിമർശകർ ചൂണ്ടിക്കാണിക്കുന്നത് മലബാർ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവിധ കോഴ്സുകൾക്കുള്ള സീറ്റുകളുടെയും അപര്യാപ്തതയാണ്. മുസ്ലിം സമുദായത്തിന്റെയും മലബാർ പ്രദേശത്തിന്റെയും വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പാലോളി കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എന്നാൽ ആ അവസ്ഥക്ക് ഇന്നും പരിഹാരമുണ്ടായിട്ടില്ല. ഏതെങ്കിലും ചെറിയ നടപടികൾ ഉണ്ടായി എന്നതിനപ്പുറം കമ്മിഷൻ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ വിമർശനം. ഒരു ഘട്ടത്തിൽ സച്ചാർ കമ്മീഷൻ റിപ്പോർട്ട് അട്ടിമറിക്കുകയാണ് പാലൊളി കമ്മറ്റി ചെയ്തത് എന്ന വിമർശനവും ഉയർന്നിരുന്നു. മാത്രവുമല്ല പാലൊളി കമ്മറ്റിയുടെ നിർദ്ദേങ്ങൾ നടപ്പിലാക്കാൻ പിന്നീടു വന്ന കമ്മറ്റികൾ ആത്മാർത്ഥത കാണിച്ചില്ലെന്ന് കമ്മറ്റിയിൽ അംഗമായിരുന്ന ഒ അബ്ദുറഹിമാനും വിമർശനം ഉന്നയിച്ചിരുന്നു.

ന്യൂനപക്ഷമെന്നാൽ മുസ്ലിം വിഭാഗങ്ങൾ മാത്രമല്ല

കേരളത്തിലെ ന്യൂനപക്ഷ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും മുസ്ലിം വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്നതാണ് എന്ന ആക്ഷേപം ഈ വകുപ്പിന്റെ രൂപീകരണ കാലം മുതൽക്കെ കേൾക്കുന്നുണ്ട്. ദേശീയ തലത്തിൽ 1993ൽ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി വിഭാഗങ്ങൾ ആണ് രാജ്യത്ത് 'ന്യൂനപക്ഷ' മതവിഭാഗങ്ങൾ. 2014ൽ മറ്റൊരു അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ജൈന വിഭാഗത്തെയും ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്തി.

എന്നാൽ കേരളത്തിൽ പലപ്പോഴും മുസ്ലിം മത വിഭാഗക്കാർ മാത്രമാണ് ന്യൂനപക്ഷ വിഭാഗമായി കണക്കാക്കപ്പെടുന്നത്. കേരളത്തിൽ ന്യൂന പക്ഷ ക്ഷേമ പദ്ധതികളും 80 ശതമാനവും മുസ്ലിം മതവിഭാഗങ്ങൾക്കാണ് ലഭിക്കുന്നത് എന്നാണ് ഈ വകുപ്പുമായി ബന്ധപ്പെട്ട പ്രധാന ആക്ഷേപം. മറ്റു 5 സമുദായങ്ങൾക്കും കൂടി പദ്ധതി വിഹിതത്തിന്റെ 20 ശതമാനം മാത്രമാണ് ലഭിക്കുന്നത് എന്നും പരാതിയുണ്ട്. ഇത് മാറി ജനസംഖ്യ ആനപാതികമായി പദ്ധതി വിഹിതങ്ങൾ ലഭിക്കണമെന്നാണ് ക്രിസത്യൻ സഭകളുടെ ആവശ്യം. അങ്ങനെയാകണമെങ്കിൽ മുസ്ലിം മതവിഭാഗക്കാരായ മന്ത്രിമാരിൽ നിന്ന് ഈ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ക്രിസ്ത്യൻ സഭകൾ ആവശ്യപ്പെടുന്നു. മാത്രവുമല്ല വകുപ്പ് രൂപീകരണത്തിന് കാരണമായ പാലൊളി കമ്മറ്റിയുടെ കണ്ടെത്തലുകൾ അടിസ്ഥാനരഹിതമാണെന്നും അത്തരത്തിലൊരു പിന്നോക്കാവസ്ഥ കേരളത്തിലെ മുസ്ലിംങ്ങൾക്ക് ഇല്ല എന്നും ഇവർ പറയുന്നു. കേരളത്തിൽ മുസ്ലിം വിഭാഗത്തേക്കാൾ ഏറെ പിന്നോക്കാവസ്ഥയിലാണ് കേരളത്തിലെ ലത്തീൻ കത്തോലിക്കരെന്നും ഇവർ പറഞ്ഞുവെക്കുന്നു. ഈ പശ്ചാലത്തിലാണ് വിവിധ ക്രിസ്ത്യൻ സഭകൾ മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കണമെന്ന് അപേക്ഷിച്ചിരുന്നത്.

മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതിനെ എതിർത്തും അനുകൂലിച്ചും ന്യൂനപക്ഷ നേതാക്കൾ

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ആദ്യം വിമർശനമുന്നയിച്ചത് മുസ്ലിം ലീഗ് നേതാക്കളാണ്. സമുദായത്തെ അവഹേളിക്കുന്നതായി മുഖ്യമന്ത്രിയുടെ നിലപാട് എന്നാണ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അതേ സമയം വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ പ്രതീക്ഷ പൂർവ്വമാണ് നോക്കിക്കാണുന്നത് എന്നാണ് സുന്നി യുജവന സംഘം ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞത്. മന്ത്രിസഭാ രൂപീകരണത്തിൽ ചില പ്രത്യേക സാമൂഹ്യ വിഭാഗങ്ങളിൽ നിന്നുള്ളവരെ ചില പ്രത്യേക വകുപ്പുകളിലേക്ക് മാത്രം പരിഗണിക്കുന്ന ഒരു പ്രവണത കാലങ്ങളായുണ്ട്. അതിൽ നിന്നും വ്യത്യസ്തമായ ചില നീക്കങ്ങൾക്ക് ഈ സർക്കാർ തയ്യാറായി.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ വർഷങ്ങളായി നിലനിൽക്കുന്ന തെറ്റിദ്ധാരണകളും പുകമറകളും മാറ്റാൻ ഇത് സഹായിക്കുമെങ്കിൽ, അതിന്റെ വലിയ ഗുണഭോക്താക്കൾ കേരളത്തിലെ മുസ്ലിംകൾ ആയിരിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ തീർക്കാനും വിശദീകരണങ്ങൾ നൽകാനും വേണ്ടി മുസ്ലിം സമുദായം ചെലവിട്ടു പോരുന്ന വലിയ സമയവും ഊർജവും മറ്റു മേഖലകളിലേക്ക് മാറ്റാനും കഴിയുമെന്നുമാണ് സുന്നി യുജവന സംഘം ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞത്. വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്ത് വിവിധ ക്രിസ്ത്യൻ സഭകളും സംഘടന നേതാക്കളും രംഗത്തെത്തി. എല്ലാ മത ന്യൂനപക്ഷ വിഭാഗങ്ങൾക്കും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതികളിൽ തുല്യനീതി ലഭിക്കാൻ ഈ നടപടി കാരണമാകുമെന്നാണ് പൊതുവിൽ ക്രിസത്യൻ വിഭാഗങ്ങളിൽ നിന്നുള്ള പ്രതികരണം.

വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ, മൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപറേഷൻ എന്നിവയാണ് ന്യൂനപക്ഷ വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ. ഈ സ്ഥാപനങ്ങളിലേക്കുള്ള നിയമനവും ഈ വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണമാണ് നടന്നിരുന്നത്. കഴിഞ്ഞ തവണ കെടി ജലീലിന് ഏറെ പഴികേൾക്കേണ്ടി വന്നതും ഒടുവിൽ ലോകായുക്തയുടെ ഉത്തരവ് പ്രകാരം മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നതും ഈ സ്ഥാപനങ്ങളിലേക്ക് ഒന്നിൽ നടന്ന നിയമനത്തിന്റെ പേരിലായിരുന്നു.