കോറോണ വ്യാപനം ആരംഭിച്ച കാലത്ത് ഇന്ത്യയിൽ രോഗവ്യാപനം വളരെ കുറഞ്ഞ തോതിലായിരുന്നു. യൂറോപ്പിലും മറ്റും ആഞ്ഞടിച്ച കൊറോണ അത്രവേഗത്തിലായിരുന്നില്ല ഇന്ത്യയിൽ വ്യാപിച്ചത്. എന്നാൽ, മൂന്നാലു മാസം കഴിഞ്ഞപ്പോൾ സ്ഥിതിഗതികൾ ആകെ മാറി. ഇന്ത്യയിലും കൊറോണ സുനാമിപോലെ ആഞ്ഞടിക്കാൻ തുടങ്ങി. അതുവരെ കോവിഡ് വ്യാപനത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന രാജ്യങ്ങളെയെല്ലാം പുറകിലാക്കി, കോവിഡ് രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യ മുന്നോട്ടുകുതിച്ചു. ഒരു അവസരത്തിൽ അമേരിക്കയേയും ഇന്ത്യ മറികടക്കും എന്നുവരെയുള്ള തോന്നൽ ഉണ്ടായി.

എന്നാൽ, ഇപ്പോൾ, ശാസ്ത്രലോകത്തിന് തന്നെ അദ്ഭുതമായി രോഗവ്യാപന നിരക്ക് താഴേക്ക് വരികയാണ് ഇന്ത്യയിൽ. സെപ്റ്റംബറിൽ പ്രതിദിനം 1 ലക്ഷം രോഗികൾ വരെ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോൾ ഏകദേശ 10,000 പേർക്കാണ് ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. ഇത് വിദഗ്ദർക്ക് ഉത്തരം കിട്ടാത്ത ചോദ്യമായി മാറിയിരിക്കുകയാണ്. സർക്കാർ നടപ്പിലാക്കിയ മാസ്‌ക് ധാരണവും സാമൂഹിക അകലം പാലിക്കലും പോലുള്ള പദ്ധതികളാണ് ഇതിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നതെങ്കിലും അത് മാത്രമാണ് കാരണം എന്ന് വിശ്വസിക്കാൻ ശാസ്ത്രലോകം തയ്യാറല്ല.

പല ശാസ്ത്രജ്ഞരും വിശ്വസിക്കുന്നത് ഇന്ത്യയിലെ വൻനഗരങ്ങളിലെല്ലാം സാമൂഹിക പ്രതിരോധശേഷി അഥവാ ഹേർഡ് ഇമ്മ്യുണിറ്റി കൈവന്നിട്ടുണ്ടാകാം എന്നാണ്. അതിനാൽ തന്നെ വൈറസ് ഇപ്പോൾ ഗ്രാമീണമേഖലയിലാണ് വ്യാപിക്കുന്നത്. അവിടെ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തതയും മറ്റുമായി കേസുകൾ പൂർണ്ണമായും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ഇതാണ് ഇന്ത്യയിൽ ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് വ്യാപനം കുറയാൻ കാരണമെന്ന് പല പാശ്ചാത്യ ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു.

ഈയിടെ നടത്തിയ ഒരു പഠനത്തിൽ ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിൽ ഒന്നായ ഡൽഹിയിൽ 56 ശതമാനം പേരിലും കോവിഡ് ആന്റിബോഡികളുടെ സാന്നിദ്ധ്യം കണ്ടെത്തി. മാത്രമല്ല ഇന്ത്യയിലെ മരണങ്ങളിൽ 20 ശതമാനം മാത്രമാണ് വൈദ്യ പരിശോധനകൾ നടത്തി മരണകാരണം കണ്ടുപിടിക്കുന്നത്. 80 ശതമാനം മരണത്തിന്റെ കാര്യത്തിലും അത്തരം ഏർപ്പാടുകളൊന്നുമില്ല. അതുകൊണ്ടുതന്നെ കോവിഡ് മരണങ്ങളുടെ കാര്യത്തിലും പൂർണ്ണമായ വിവരം പുറത്തുവന്നിട്ടുണ്ടാകില്ല എന്നാണ് ഈപാശ്ചാത്യ വിദഗ്ദരുടെ അഭിപ്രായം.

ഇനിയൊരു കാര്യം, വികസിത രാജ്യങ്ങളിൽ നടക്കുന്നത്ര വിപുലവും വ്യാപകവുമായ രീതിയിൽ ഇന്ത്യയിൽ കോവിഡ് പരിശോധന നടക്കുന്നില്ല എന്നതാണെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, പല സംസ്ഥാനങ്ങളും തെറ്റായി നെഗറ്റീവ് റിസൾട്ട് കാണിക്കാൻ ഇടയുള്ള റാപിഡ് ലാറ്ററൽ ഫ്ളോ ടെസ്റ്റാണ് നടത്തുന്നത്. ഇതൊക്കെ, ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവരാതെ തടഞ്ഞിട്ടുണ്ടാകാം എന്ന് അവർ പറയുമ്പോഴും മറ്റൊരു കാരണം കൂടി പാശ്ചാത്യ ലോകത്തെ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇന്ത്യയിൽ പാശ്ചാത്യ നാടുകളിലേതിനേക്കാൾ കൂടുതലായി യുവാക്കളുണ്ട്.. ഇന്ത്യയുടെ ശരാശരി പ്രായം 30 ആണ്. മാത്രമല്ല, അമിതവണ്ണം ഉള്ളവരുടെ എണ്ണവും ഇന്ത്യയി വളരെയധികം കുറവാൺ. കോവിഡ് ബാധയ്ക്കും മരണത്തിനും ഏറ്റവുമധികം സഹായകരങ്ങളായ രണ്ട് സാഹചര്യങ്ങളാണ് പ്രായാധിക്യവും പൊണ്ണത്തടിയും. ഇത് രണ്ടും കുറവായതിനാൽ ഇന്ത്യയിൽ വ്യാപനവും കുറഞ്ഞു എന്നാണ് ഇവർ പറയുന്നത്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ നഗരമായ മുംബൈയിലും അതുപോലെ പൂണെയിലും നടത്തിയ പഠനങ്ങളിലും 50 ശതമാനത്തിനടുത്ത് ആളുകളിൽ കോവിഡ് ആന്റിബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെല്ലാം തന്നെ പരമാവധിപേർക്ക് കോവിഡ് ബാധയുണ്ടായി ഹേർഡ് ഇമ്മ്യുണിറ്റി കൈവരിച്ചിരിക്കുന്നു എന്നാണ് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിലെ എപിഡെർമോളജിസ്റ്റായ ഗിരിധർ ബാബു പറയുന്നത്.

ഇപ്പോൾ ജനവാസം കുറഞ്ഞ ഗ്രാമീണ മേഖലകളിലാണ് രോഗവ്യാപനം ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അവിടെ ജനങ്ങൾ തിങ്ങിനിറഞ്ഞ് താമസിക്കാത്തതിനാൽ, രോഗവ്യാപനം സ്വാഭാവികമായും മന്ദഗതിയിലാവും ഉണ്ടാവുക. അതുകൊണ്ടുതന്നെ പ്രതിദിന രോഗവ്യാപനകേസുകളുടെ എണ്ണത്തിൽ സ്വാഭാവികമായും കുറവും സംഭവിക്കും. അതോടൊപ്പം ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിൽ ആരോഗ്യ സംരക്ഷണസംവിധാനങ്ങൾ തീർത്തും ദുർബലമായതിനാൽ പല കോവിഡ് കേസുകളും അറിയാതെ പോകുന്നുമുണ്ടാകാം.

ഇന്ത്യയിൽ മൊത്തത്തിൽ തന്നെ വളരെ കുറവ് പരിശോധനകളെ നടക്കുന്നുള്ളു. 1000 പേരിൽ 0.5 പേർ വച്ചാണ് ഒരു ദിവസം ഇവിടെ പരിശോധിക്കപ്പെടുന്നത്. മാത്രമല്ല, സെപ്റ്റംബറിൽ പുറത്തുവിട്ട ഒരു കണക്കനുസരിച്ച്, നഗരങ്ങളിലും പട്ടണങ്ങളിലും ഉള്ളവരാണ് പ്രധാനമായും പരിശോധനക്ക് വിധേയരാകുന്നത്. ഉൾനാടൻ ഗ്രാമങ്ങളിൽ പരിശോധനകൾ തുലോം കുറവാണ്. നിലവിൽ ഈ മേഖലയിൽ വ്യാപനം തുടരുന്നതിനാൽ, രോഗികളുടെ പൂർണ്ണമായ കണക്ക് പുറത്തു വരുന്നില്ല. ഇതും രോഗവ്യാപനം കുറയുന്നതായി വ്യാഖ്യാനിക്കപ്പെടാൻ ഇടയായതായി പശ്ചാത്യ ശാസ്ത്രജ്ഞർ പറയുന്നു.

അതേസമയം, പശ്ചാത്യ നാടുകളിൽ ദർശിച്ചതുപോലെ കോവിഡിന് ചികിത്സതേടി കൂട്ടംകൂട്ടമായി ആളുകൾ ആശുപത്രികളിൽ എത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ, രോഗ്യവ്യാപനം പൂർണ്ണമായും കണക്കിലെ പിഴവായി പറയാൻ ആകില്ലെന്നാണ് മറ്റൊരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നത്. ഇന്ത്യയുടെ ശരാശരി പ്രായം 30 വയസ്സാണ്. അതേസമയം, കോവിഡിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന അമേരിക്കയിൽ ഇത് 38 ആണ്. അതുപോലെ ഇന്ത്യൻ ജനസംഖ്യയിൽ 15 ശതമാനത്തിൽ താഴെ മാത്രമാണ് അമിതവണ്ണമുള്ളവരെങ്കിൽ അമേരിക്കയിൽ ജനസംഖ്യയുടെ 36 ശതമാനംവരെ പൊണ്ണത്തടിയന്മാരാണ്.

പ്രായവും അമിതവണ്ണവും രോഗത്തെ ക്ഷണിച്ചു വരുത്തുന്ന പ്രധാന കാര്യങ്ങളാണ്. ഇത് രണ്ടും കുറവായതിനാലായിരിക്കും ഇവിടെ രോഗവ്യാപനം കുറഞ്ഞത് എന്നൊരു വാദം ഇവർ ഉയർത്തുന്നു. മറ്റൊരു വാദം പറയുന്നത് പാശ്ചാത്യ നാടുകളിലേതിന് വിപരീതമായി രോഗവ്യാപന ശേഷി കുറഞ്ഞ ഒരിനം വൈറസാണ് ഇന്ത്യയെ ബാധിച്ചിരിക്കുന്നത് എന്നാണ്. കഴിഞ്ഞ മാർച്ചിൽ തന്നെ ഇന്ത്യ വിമാനയാത്രകൾ നിരോധിച്ചിരുന്നു. ജൂലായിൽ യാത്രാ ഇടനാഴി സമ്പ്രദായത്തിൽ ചില സർവ്വീസുകൾ പുനരാരംഭിച്ചെങ്കിലും, അപകടകരമായ പുതിയ ഇനം വൈറസിന്റെ സാന്നിദ്ധ്യം അറിഞ്ഞ ഉടനെ അതെല്ലാം റദ്ദാക്കി. ഇതും കോവിഡ് വ്യാപനം തടയുന്നതിന് സഹായകരമായിട്ടുണ്ടെന്ന് അവർ പറയുന്നു.

ഇനിയൊരു തീയറി, ഇന്ത്യൻ ജീവിത ശൈലിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഒരു വലിയ വിഭാഗം ഇന്ത്യാക്കാർ ജീവിക്കുന്നത് തീർത്തും ശുചിത്വമില്ലാത്ത അനാരോഗ്യകരമായ ചുറ്റുപാടിലാണ്. അതുകൊണ്ടുതന്നെ ഇവർ കൂടെക്കൂടെ അണുബാധകൾക്ക് വിധേയരാകുന്നു. അതിനാൽ ഇവരുടെ ശരീരത്തിൽ സ്വാഭാവിക പ്രതിരോധശേഷി രൂപപ്പെട്ടിരിക്കാം എന്നാണ് ഈ സിദ്ധാന്തം പറയുന്നത്. ഡെങ്കുമുതൽ കോളറയും അതിസാരവും പതിവായ നാട്ടിൽ മനുഷ്യരുടെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങൾ എക്കാലും യുദ്ധസജ്ജരാണെന്നാണ് തമിഴ്‌നാട്ടിലെ പ്രമുഖ വൈറോളജിസ്റ്റായജേക്കബ് ജോൺ പറയുന്നത്.

ഏതായാലും ഇന്ത്യയിലെ രോഗവ്യാപനം കുറയ്ക്കുന്നതിൽ വാക്സിനേഷന് കാര്യമായ പങ്കൊന്നുമില്ല 130 കോടിജനങ്ങളുള്ള രാജ്യത്ത് ഏകദേശം 70 ലക്ഷത്തോളം പേർക്ക് മാത്രമാണ് ഇതുവരെ വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുള്ളത്. ഏതായാലും ഇന്ത്യയിൽ കോവിഡ് വ്യാപനത്തിലുണ്ടായ കുറവ് ലോക ശ്രദ്ധയാകർഷിച്ചു എന്നു മാത്രമല്ല ഇന്ന് ശാസ്ത്ര ലോകത്തിന്റെ പഠനവിഷയവുമായിരിക്കുന്നു.