- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ തുറന്നാലുടൻ പരീക്ഷകൾ നടത്തണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം; ഓണത്തിനും ക്രിസ്മസിനും പരീക്ഷകൾ നടത്തേണ്ടതില്ലെന്ന ചിന്തയിൽ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും; കേരളം ആലോചിക്കുന്നത് മേയിൽ വാർഷിക പരീക്ഷ നടത്താൻ; പാഠഭാഗവും കുറയ്ക്കില്ല; ആവശ്യമെന്നു കണ്ടാൽ പരീക്ഷയ്ക്ക് നിശ്ചിതഭാഗം ഒഴിവാക്കും; സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കാനിടയില്ല; കൊറോണ അതിവ്യാപനം വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിൽ ആക്കുമ്പോൾ
തിരുവനന്തപുരം: കോവിഡ് ഭീതിയിൽ ക്ലാസുകൾ നടക്കുന്ന സാഹചര്യത്തിൽ ഓണപ്പരീക്ഷ ഇത്തവണ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയും നടത്താൻ സാധ്യത കുറവാണ്. അക്കാദമിക കലണ്ടർ പുനഃക്രമീകരിക്കാനാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാം. ഇതിനുള്ള ശുപാർശ നൽകാൻ എസ്.സി.ഇ.ആർ.ടി. ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.
മാർച്ചിൽ അക്കാദമികവർഷം അവസാനിപ്പിക്കുന്നതിനു പകരം ഏപ്രിൽ, മെയ് മാസങ്ങളിലേക്കുകൂടി ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്. നിലവിൽ നടന്നുവരുന്ന ഓൺലൈൻ പഠനം കരിക്കുലം കമ്മിറ്റി യോഗം വിലയിരുത്തി. മുതിർന്ന ക്ലാസുകളിൽ മാത്രമാണ് ദിവസേന രണ്ടുമണിക്കൂർ ക്ലാസ് നടക്കുന്നത്. താഴ്ന്ന ക്ലാസുകളിൽ അരമണിക്കൂറേ അദ്ധ്യാപനമുള്ളൂ. 20 ശതമാനം പാഠഭാഗമാണ് നിലവിൽ പഠിപ്പിച്ചിരിക്കുന്നത്.
ഡിസംബർ വരെ സ്കൂൾ തുറക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. കോവിഡ് ഭീഷണിയെ മറികടന്ന് സ്കൂൾ തുറന്നാൽ പിന്നീട് അവധി നൽകാതെ എല്ലാദിവസവും ക്ലാസ് നടത്തുന്നത് ആലോചനയിലുണ്ട്. മേയിൽ വാർഷിക പരീക്ഷ നടത്താനാണ് സാധ്യത. ഈ അക്കാദമിക് വർഷം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം. പാഠഭാഗം കുറച്ചുകൊടുക്കില്ല.
ഓരോ പ്രായത്തിലും വിദ്യാർത്ഥി പഠിച്ചിരിക്കേണ്ട കാര്യങ്ങളാണ് സിലബസിലുള്ളത്. ആവശ്യമെന്നു കണ്ടാൽ പരീക്ഷയ്ക്ക് നിശ്ചിതഭാഗം ഒഴിവാക്കും. നിലവിൽ നടന്നുവരുന്ന ഓൺലൈൻ ക്ലാസുകൾ മിക്കവയും മികച്ച നിലവാരം പുലർത്തുന്നുണ്ടെങ്കിലും ചില ക്ലാസുകളെക്കുറിച്ച് ഭിന്നാഭിപ്രായമുയർന്നിട്ടുണ്ട്. ഇത് പരിഹരിക്കാൻ റെക്കോഡ് ചെയ്ത ക്ലാസുകൾ വിദഗ്ദ്ധർ വിലയിരുത്തിയശേഷമേ ഇനിമുതൽ സംപ്രേഷണം ചെയ്യൂ.
അദ്ധ്യാപകർ അവരുടെ കുട്ടികളുമായി ഓൺലൈൻ ക്ലാസിന്റെ തുടർച്ചയായി ആശയവിനിമയം നടത്തുകയും സംശയം തീർത്തുനൽകി പഠിക്കാനുള്ള പ്രേരണ നൽകുകയും വേണം. വിദ്യാഭ്യാസ ഓഫീസർമാർ ഇക്കാര്യം ഉറപ്പാക്കും. അതേസമയം, സെപ്റ്റംബർ മാസത്തോടെ സ്കൂളുകൾ തുറക്കുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാൽ കേരളം ഇതിനോട് യോജിക്കില്ല. രോഗ വ്യാപനം കൂടുമ്പോൾ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നത് സ്ഥിതി ഗുരുതരമാക്കും.
ആറു മീറ്റർ ചതുരശ്ര വിസ്ത്രിതിയുള്ള ക്ലാസ് മുറികളിൽ അറുപതിലധികം വിദ്യാർത്ഥികൾ രണ്ട് മീറ്റർ അകലം പാലിച്ചിരുന്ന് പഠിക്കുന്നതെങ്ങനെയെന്ന ചോദ്യം സർക്കാറിനെ സംബന്ധിച്ചിടത്തോളം പ്രഹസനമായി തോന്നിയേക്കാം. സ്കൂൾ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ ചർച്ചകളിൽ അത്തരം ചിന്തകൾക്ക് പ്രസക്തിയുണ്ടാവില്ലെന്നും കരുതാം. എന്നാൽ പൊതുഗതാഗത സംവിധാനം ഇപ്പോഴും പൂർണ്ണ തോതിൽ ആയിട്ടില്ല. ഓൺലൈൻ അധ്യയനത്തിന്റെ ഫലപ്രാപ്തി അറിയാൻ സ്കൂൾ തുറന്നാലുടൻ പരീക്ഷകൾ നടത്തണമെന്നും കുട്ടികളുടെ പ്രകടനം നിശ്ചിത നിലവാരത്തിലെത്തുന്നില്ലെങ്കിൽ പരിഹാരമായി പ്രത്യേക ബ്രിജ് കോഴ്സുകൾ നടത്തണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദ്ദേശം നൽകി.
കേരളത്തിലെ ഡിജിറ്റൽ അധ്യയനത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് കൂടി ലഭിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിലാണു സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസവകുപ്പ് മേധാവികളുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണു കേന്ദ്രത്തിന്റെ നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ