- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്കാരെ സംരക്ഷിച്ചവർ ഒടുവിൽ ഗത്യന്തരമില്ലാതെ നടപടിയെടുത്തു; തിരുവനന്തപുരം കോർപ്പറേഷനിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ; നികുതി തട്ടിപ്പ് സ്ഥിരീകരിച്ച് മേയർ; നേമം സോണിൽ 26.7 ലക്ഷത്തിന്റെയും ആറ്റിപ്രയിൽ ഒരു ലക്ഷത്തിന്റെയും ക്രമക്കേടെന്ന് ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ് സ്ഥിരീകരിച്ച് മേയർ ആര്യ രാജേന്ദ്രൻ. കുറ്റക്കാർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് മേയർ അറിയിച്ചു. അഞ്ച് ജീവനക്കാരെ സ്സ്പെൻഡ് ചെയ്തു. നേമം സോണിൽ 26.7 ലക്ഷത്തിന്റെ ക്രമക്കേടും ആറ്റിപ്ര സോണിൽ ഒരു ലക്ഷത്തിന്റെ ക്രമക്കേടും നടന്നിട്ടുണ്ടെന്നാണ് മേയറുടെ സ്ഥിരീകരണം. വീട്ടുകരവും കെട്ടിട നികുതിയും മാത്രമല്ല, ഈ സോണലിൽ നിന്നുള്ള മറ്റ് വരുമാനം ഉൾപ്പെടെ ഉദ്യോഗസ്ഥർ വകമാറ്റി ഉപയോഗിച്ചെന്ന് മേയർ വിശദീകരിച്ചു.
നികുതിയിനത്തിൽ ലഭിച്ച പണം ബാങ്കിൽ അടക്കാതെ ഉദ്യോഗസ്ഥർ തട്ടിയെന്നായിരുന്നു കണ്ടെത്തൽ. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ കൺകറണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് അഴിമതി കണ്ടെത്തിയത്. ജീവനക്കാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നെങ്കിലും അതിന് കൗൺസിലിന്റെ അനുവാദം ഉണ്ടായിരുന്നില്ല. കൗൺസിലിന്റെ അനുവാദം വാങ്ങാതെയുള്ള സസ്പെൻഷന് പിന്നീട് ഒരു നിയമത്തിന്റെ പിൻബലം ഉണ്ടാകില്ലായെന്നതിനാലാണ് പ്രതിപക്ഷം പ്രതിഷേധം തുടരുന്നത്.
കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ആദ്യമായാണ് മേയർ അഴിമതി നടന്നതായി സ്ഥിരീകരിക്കുന്നത്. ഓരോ സോണിലും നടന്നത് 'അഴിമതി' തന്നെയാണ് മേയർ സ്ഥിരീകരിച്ചു. ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് കേസ്. ഇതുവരെ സിപിഎം ഭരണം സംരക്ഷിച്ചു നിർത്തിയവർക്കെതിരെ തന്നെയാണ് ഇപ്പോൾ കോർപ്പറേഷൻ നടപടിയും കൈക്കൊണ്ടിരിക്കുന്നത്. ബിജെപി സമരം മുറുക്കിയതോടെ ഗത്യന്തരമില്ലാതെയാണ് നടപടി.
വൻ തട്ടിപ്പാണ് കോർപ്പറേഷനിൽ അരങ്ങേറിയത്. വീട്ടുകരം അടക്കം കൃത്യമായി അടച്ചവർക്ക് ഭീമമായ കുടിശിക നോട്ടീസുകൾ വന്നുതുടങ്ങിയതോടെയാണ് സംഭവം പുറത്തായത്. കോർപ്പറേഷന് കീഴിലുള്ള 11 സോണൽ ഓഫീസുകളിൽ മൂന്നിടങ്ങളിൽ ഭാഗികമായ ഓഡിറ്റ് നടന്നുകഴിഞ്ഞപ്പോൾ തന്നെ 32 ലക്ഷം രൂപയുടെ ക്രമക്കേടാണ് പുറത്തുവന്നത്. കൂടുതൽ സോണൽ ഓഫീസുകളിൽ പരിശോധന പൂർത്തിയാകുമ്പോൾ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകൾ.
നേമം സോണൽ ഓഫീസിൽ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഉള്ളൂർ സോണൽ ഓഫീസിൽ അഞ്ച് ലക്ഷം രൂപയും ആറ്റിപ്ര സോണൽ ഓഫീസിൽ രണ്ട് ലക്ഷം രൂപയും തട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആറ് ജീവനക്കാരെ തിരുവനന്തപുരം കോർപ്പറേഷൻ സസ്‌പെന്റ് ചെയ്‌തെങ്കിലും നേമം സോണൽ ഓഫീസിന്റെ ചാർജുള്ള സൂപ്രണ്ട് ശാന്തിയെ സിപിഎം സംരക്ഷിക്കുന്നതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കോർപ്പറേഷൻ ജീവനക്കാരുടെ സിപിഎം അനുകൂല സംഘടനയായ കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ് ശാന്തി.
അഴിമതി നടത്തിയ ജീവനക്കാർക്കെതിരെ പരാതി നൽകാൻ പോലും കോർപ്പറേഷൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി ആരോപിക്കുന്നു. ബിജെപി നൽകിയ പരാതിയിൽ എഫ്‌ഐആർ ഇടാതിരിക്കാൻ സിപിഎം നേതാക്കൾ ഇടപെട്ടതായും ഇവർ പറയുന്നു. ഒടുവിൽ ബിജെപി കോർപ്പറേഷൻ ഓഫീസിൽ രാപ്പകൽ സമരം ആരംഭിച്ച ശേഷമാണ് എഫ്‌ഐആർ ഇടാൻ പൊലീസ് തയ്യാറായത്.
കോർപ്പറേഷനുമായി ബന്ധമുള്ള ബാങ്കുകളുടെ ശാഖകളിലൂടെ ടാക്‌സ് കളക്ടർമാരുടെ കൂടി സഹായത്തോടെയാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. ടാക്‌സ് കളക്ടർമാർ രണ്ടരലക്ഷം പിരിച്ചാൽ അതിൽ 25000 മാത്രം അടയ്ക്കുകയും ബാക്കി പണം സോണൽ ഓഫീസിലെ ജീവനക്കാർ പങ്കിട്ടെടുക്കുന്നതുമാണ് പതിവ്. എല്ലാമാസവും കൃത്യമായ പങ്ക് കോർപ്പറേഷനിലെയും ബാങ്കിലെയും ഉന്നതർക്ക് എത്തുന്നതായും സൂചനകളുണ്ട്.
ഈ കോവിഡ്കാലത്ത് അന്നന്നത്തെ ചെലവിന് പോലും വകയില്ലാത്ത പട്ടിണി പാവങ്ങളാണ് കുടിശിക നോട്ടീസ് ലഭിച്ചിട്ടുള്ളതിൽ അധികവും. അതിൽ ബഹുഭൂരിപക്ഷംപേരും ഈ വർഷത്തെ അടക്കം കരം കൃത്യമായി അടച്ചവരാണ്. അതിന്റെ രസീതുകളും അവരുടെ പക്കലുണ്ട്. ചുവരിന് സിമന്റ് പൂശാനോ മേൽക്കൂര ഒന്ന് നന്നാക്കി പണിയാനോ പോലും വരുമാനമില്ലെങ്കിലും കരം കൃത്യമായി അടച്ചിരുന്ന ശോഭനകുമാരിയും എല്ലാവർഷവും പാളയം സാഫല്യം കോംപ്ലക്‌സിലെ ജനസേവന കേന്ദ്രത്തിലെത്തികരം അടച്ചിരുന്ന ജയശങ്കറുമൊക്കെ ഈ ക്രമക്കേടിന്റെ ഇരകളാണ്.
മറുനാടന് മലയാളി ബ്യൂറോ