കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സംഘത്തിൽ ആയിരത്തിലേറെ ദമ്പതികൾ ഉൾപ്പെട്ടിരുന്നതായി പൊലീസിന്റെ കണ്ടെത്തൽ. കോട്ടയം കറുകച്ചാലിൽ പിടിയിലായ സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. മൂന്ന് ജില്ലകളിൽ നിന്നുള്ള ഏഴ് പേരാണ് ഇന്ന് പിടിയിലായത് . കപ്പിൾ ഷെയറിങ് ' എന്ന പേരിൽ മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ നിർമ്മിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്.

ഏഴു പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ചങ്ങാനാശേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട് കപ്പിൾ സ്വാപ്പിങ് എന്ന തരത്തിൽ ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇവർ ഇത്തരത്തിലുള്ള കൈമാറ്റം നടത്തിയിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവർ ഉപയോഗിച്ചിരുന്നത് വ്യാജ സോഷ്യൽ മീഡിയ ഐഡികൾ ആയതുകൊണ്ട് തന്നെ കണ്ടു പിടിക്കാൻ പ്രയാസമുണ്ടെന്ന് പൊലീസ് പറയുന്നു.

പ്രതികളിൽ ഒരാളുടെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കുടുംബവുമായി ബന്ധപ്പെട്ട കേസായതുകൊണ്ട് തന്നെ കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും നിലവിൽ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ പേരെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

സമൂഹ മാധ്യമങ്ങൾ വഴി സമാന താൽപ്പര്യമുള്ള ആളുകളെ കണ്ടെത്തി ഗ്രൂപ്പുകളാക്കി അതിൽ പങ്കാളികളെ കൈമാറ്റം ചെയ്യുന്നതാണ് കപ്പിൾ സ്വാപ്പിങിലൂടെ ചെയ്തിരുന്നത്. പരാതിക്കാരിയായ വീട്ടമ്മയെ ഭർത്താവ് വളരെ നിർബന്ധ പൂർവ്വം ഇത്തരം വൈകൃതങ്ങൾക്ക് പ്രേരിപ്പിക്കുയായിരുന്നു. ഒടുവിൽ സഹികെട്ടായിരുന്നു വീട്ടമ്മ പൊലീസിൽ പരാതി നൽകുന്നത്.

വലിയ സംഘമാണ് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്. 25 ഓളം പേർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

ഭർത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം തന്നെ നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെയാണ് ഇവർ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. സംസ്ഥാന വ്യാപകമായി അന്വേഷണം വിപുലപ്പെടുത്താനാണ് പൊലീസ് നീക്കം.

മെസ്സഞ്ചർ, ടെലഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ കൂടിയും പ്രത്യേക ഗ്രൂപ്പുകൾ വഴിയുമായിരുന്നു ഇടപാട്. ഇതിന് പണവും ഈടാക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്. പല ഉന്നതർക്കും ഇതിൽ പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്ണ് കറുകച്ചാൽ പൊലിസിന്റെ പിടിയിലായത്. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികൾ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുമാണ് ചെയ്യുന്നത്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവർത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു.

ഈ ഗ്രൂപ്പുകളിലെല്ലാം സീക്രട്ട് ചാറ്റുകളിലൂടെയാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നതെന്നും ഭാര്യമാരെ കൈമാറുന്നവർക്ക് പണം നൽകുന്നതടക്കം നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. രണ്ട് വീതം ദമ്പതികൾ പരസ്പരം ആദ്യം കാണും. പിന്നീട് ഇടയ്ക്കിടെ കണ്ട് സൗഹൃദം പുതുക്കും. അതിന് ശേഷം പല സ്ഥലങ്ങളിൽ വച്ച് പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് രീതിയെന്ന് പൊലീസ് പറയുന്നു.

ഒരേസമയം നാല് പേരുമായി ബന്ധപ്പെടാൻ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവർത്തനങ്ങളുണ്ട്. ഗ്രൂപ്പിൽ വിവാഹം കഴിക്കാത്തവരും ഉണ്ട്. ഇത്തരം ആളുകളിൽ നിന്ന് പണം ഈടാക്കി ഭാര്യമാരെ കാഴ്ച വയ്ക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരസ്യമായി തന്നെയായിരുന്നു ഈ ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കേരളം മുഴുവൻ ഇവർക്ക് കണ്ണികളുണ്ടെന്നും പിന്നിൽ വമ്പൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വ്യാപ്തി വലിയ തോതിലായതിനാൽ കൂടുതൽ അന്വേഷണം വേണമെന്ന തീരുമാനത്തിലാണ് പൊലീസ്.

നേരത്തെ കായംകുളത്തും സമാനകേസുകളിൽ നാലുപേർ പിടിയിലായിരുന്നു. 2019-ലായിരുന്നു ഈ സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നൽകിയ പരാതിയിലാണ് അന്നും പൊലീസ് അന്വേഷണം നടത്തിയത്. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി രണ്ടുപേരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും വീണ്ടും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി.

കായംകുളത്ത് പിടിയിലായ യുവാക്കൾ ഷെയർ ചാറ്റ് എന്ന ആപ്പ് വഴിയാണ് പരസ്പരം പരിചയപ്പെട്ടത്. പിന്നീട് വൈഫ് സ്വാപ്പിങ്ങിന്(ഭാര്യമാരെ കൈമാറൽ) താത്പര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ഓരോരുത്തരുടെയും വീടുകളിലെത്തിയാണ് ഇവർ ഭാര്യമാരെ കൈമാറിയിരുന്നത്.