- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
പയ്യന്നൂർ: പയ്യന്നൂരിൽ വാടകകെട്ടിടത്തിൽ ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കൾ മരിച്ചു. കാസർഗോഡ് വെസ്റ്റ് എളേരിയിലെ എളേരിത്തട്ട് സ്വദേശിയും കുറച്ചു വർഷങ്ങളായി ചീമേനി നെടുംമ്പയിലെ താമസക്കാരനുമായ ടി.രവിയുടെ മകൻ വളപ്പിൽ ഹൗസിൽ വി.കെ.ശിവപ്രസാദും (28) ഏഴിലോട് പുറച്ചേരിയിലെ രാജൻ-ഷീന ദമ്പതികളുടെ മകൾ പയ്യന്നൂർ കോളേജിലെ ഹിന്ദി ബിരുദ വിദ്യാർത്ഥിനിയുമായ എം.ഡി.ആര്യ(21)യുമാണ് കണ്ണൂർ മെഡിക്കൽ കോളേജിലെ ചികിത്സക്കിടയിൽ മരിച്ചത്.
പ്രണയം വിവാഹത്തിൽ കലാശിക്കാത്തതിനെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന സൂചനകളെങ്കിലും യുവതിയെ ബലമായി തീകൊളുത്തിയതാണോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ 19ന് വൈകുന്നേരം നാലോടെ പയ്യന്നൂർ പഴയ ബസ്റ്റാന്റിന് സമീപത്തെ വാടക കെട്ടിടത്തിലാണ് കമിതാക്കളുടെ ആത്മഹത്യാശ്രമമുണ്ടായത്. സാരമായി പൊള്ളലേറ്റതിനെ തുടർന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി ഏഴോടെ ആര്യയും ഇന്നുപുലർച്ചെ ഒന്നരയോടെ ശിവപ്രസാദും മരിക്കുകയായിരുന്നു.
19ന് ഹിന്ദിയുടെ പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് മൂന്നരയോടെ പരീക്ഷാഹാളിൽനിന്നും പുറത്തിറങ്ങിയതായിരുന്നു ആര്യ. ശിവപ്രസാദ് കൊണ്ടുവന്ന ഈ കാറിലാണ് വാടക വീട്ടിലെത്തിയതും തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചതും. മറ്റൊരു യുവാവുമൊത്തുള്ള ആര്യയുടെ വിവാഹ നിശ്ചയം നടക്കാനിരിക്കേയാണ് സംഭവം.
ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെയെന്നും മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്ത് സംഭവ സ്ഥലത്തുനിന്നും പൊലീസിന് ലഭിച്ചിരുന്നു. ശിവപ്രസാദ് എഴുതിയതെന്ന് കരുതുന്ന കത്തിൽ ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലയെന്നും ഞങ്ങളോട് എല്ലാവരും ക്ഷമിക്കണമെന്നുമുണ്ട്.
എന്നാൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തിച്ച ശേഷം അബോധാവസ്ഥയിലാകുന്നതിന് മുമ്പ് എന്നെ ചതിച്ചതാണ് എന്നാണ് യുവതി പറഞ്ഞിരുന്നു.ഈ വാക്കുകളിലെ ദുരൂഹതകളുടെ ചുരുളുകളഴിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടയിലാണ് മരണമൊഴിപോലും നൽകാതെയുള്ള ഇവരുടെ മരണം.
മറുനാടന് മലയാളി ബ്യൂറോ