കൊച്ചി: ഇനി ഹൈക്കോടതിയുടെയും ട്രിബ്യൂണലുകളുടെയും ഉത്തരവുകൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്ക് കോടതി ചെലവുകൾ സ്വന്തം പോക്കറ്റിൽ നിന്ന് കൊടുക്കേണ്ടി വരും. എല്ലാം സർക്കാർ ചെലവിൽ നടക്കുമെന്ന് കരുതി കോടതിയലക്ഷ്യം കാട്ടിയാൽ പണി കിട്ടുമെന്ന് ഉറപ്പ്.

കോടതി ഉത്തരവുകൾ നടപ്പാക്കാത്തതിനെ തുടർന്നുള്ള കോടതിയലക്ഷ്യ ഹർജികളിൽ ഒരു ഘട്ടം കഴിഞ്ഞ് ആരോപണ വിധേയരായ സർക്കാർ ഉദ്യോഗസ്ഥർക്കു വേണ്ടി സർക്കാർ അഭിഭാഷകർ ഹാജരാകരുതെന്നു ഹൈക്കോടതി നിർദ്ദേശിച്ചതോടെയാണ് ഇത്. ഉദ്യോഗസ്ഥർ സ്വന്തം നിലയ്ക്ക് അഭിഭാഷകരെ കേസ് നടത്താൻ നിയോഗിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അതായത് സ്വന്തം ഉത്തരവാദിത്തമായി ഇതുമാറുമെന്ന് സാരം.

ഫലത്തിൽ കോടതി ഉത്തരവുകൾ നടപ്പാക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാകും. സർക്കാർ ചെലവിൽ കേസ് വാദിക്കാൻ കഴിയില്ലെന്ന് വരുമ്പോൾ ഉദ്യോഗസ്ഥരുടെ കോടതികളോടുള്ള ഇടപെടലും സുതാര്യമാകും. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കായി സർക്കാർ അഭിഭാഷകർ ഹാജരാകുമ്പോൾ നികുതിദായകരുടെ പണമാണ് ചെലവാകുന്നതെന്നു ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് ബിജു ഏബ്രഹാം എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു.

കോടതിയലക്ഷ്യക്കേസിൽ ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഫയൽ ചെയ്ത ഹർജിയിലെ ഇടക്കാല ഉത്തരവിലാണ് നിർദ്ദേശം. കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടോ മതിയായ സമയം ലഭിച്ചോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനായി പ്രാഥമിക ഘട്ടത്തിൽ ഉദ്യോഗസ്ഥർക്കായി സർക്കാർ അഭിഭാഷകർ ഹാജരാകുന്നത് ഉചിതമായിരിക്കാം. എന്നാൽ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരാണെങ്കിൽപ്പോലും സർക്കാർ അഭിഭാഷകർ ഹാജരാകരുതെന്നു കോടതി നിർദേശിച്ചു.

പോളിടെക്‌നിക്കിൽ അദ്ധ്യാപകനായിരുന്ന പെരുമ്പാവൂർ സ്വദേശി വി എം. രാജശേഖരന് അർഹമായ സ്ഥാനക്കയറ്റത്തിന് അനുസരിച്ചുള്ള ശമ്പളവർധനയും പെൻഷൻ ആനുകൂല്യങ്ങളും നൽകണമെന്ന ഉത്തരവു നടപ്പാക്കിയില്ല എന്നാരോപിച്ചാണ് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. ഇതിനെതിരെ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഉഷ ടൈറ്റസാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇവർ സർവീസിൽ നിന്ന് വിരമിച്ചതിനാൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെതിരെയാണ് ഹർജി നിലവിലുള്ളത്. കേസിൽ സർക്കാർ അഭിഭാഷകന്റെ അഭ്യർത്ഥന പ്രകാരം ഉത്തരവ് നടപ്പാക്കാൻ 10 ദിവസം കൂടി സമയം നൽകി ഡിവിഷൻ ബെഞ്ച് ഹർജി 24ലേക്ക് മാറ്റി. ഈ ഉത്തരവ് ഉദ്യോഗസ്ഥർ നടപ്പാക്കാനാണ് സാധ്യത. ഇല്ലാത്ത പക്ഷം കോടതി അലക്ഷ്യത്തിന് നടപടി നേരിടേണ്ടി വരും.