തിരുവനന്തപുരം: തലസ്ഥാനത്തെ അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി പേപ്പർ ലെസ് (ഡിജിറ്റൽ കോടതി) ആക്കുന്നു. ഇത് സംബന്ധിച്ച സാങ്കേതിക ജോലികൾ പുരോഗമിച്ചു വരികയാണ്. ഇ - കോർട്ട് ഫയലിംഗിൽ കോടതി ജീവനക്കാർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. പെറ്റിക്കേസടക്കമുള്ള കേസ് റെക്കോർഡ് ഫയലുകളുടെ കൂമ്പാര ബാഹുല്യത്താലുള്ള കോടതികളിലെ സ്ഥലപരിമിതിക്ക് പരിഹാരമെന്ന നിലക്കാണ് സംസ്ഥാനമൊട്ടുക്കുള്ള നീതിന്യായ കോടതികൾ ഡിജിറ്റൽ കോടതിയാക്കുന്നത്.

ഇത് നടപ്പിലാകുന്നതോടെ തൊണ്ടി റൂം , റെക്കോർഡ് റൂം എന്നിവ മാത്രമാവും കോടതിയിൽ ഫിസിക്കലായുണ്ടാവുക. സ്ഥല പരിമിതിയാൽ ഇപ്പോൾ പല കോടതികളിലും തൊണ്ടി മുതലുകൾ തുറന്ന കോടതിയിലെ ഹാളിലാണ് സൂക്ഷിക്കുന്നത്. തലസ്ഥാനത്തെ വഞ്ചിയൂർ ജില്ലാ കോടതി സമുച്ചയം ബ്രിട്ടീഷ് , രാജ ഭരണകാലത്തേ നിലവിൽ ഉള്ളതാണ്. ആദ്യ കാലത്ത് ഹൈക്കോടതി ബെഞ്ചായി പ്രവർത്തിച്ചിരുന്നതുമാണ്. ബ്രിട്ടീഷുകാർക്ക് നാട്ടിൽ പോകുന്നതിനാണ് കോടതികൾക്ക് മദ്ധ്യ വേനലവധി ഏപ്രിൽ 15 - മെയ് 31 വരെ ഒന്നര മാസക്കാല അവധി പ്രാബല്യത്തിലാക്കിയത്. ആ അവധി ഇപ്പോഴും രാജ്യത്തെ സിവിൾ കോടതികൾ തുടർന്നു വരുന്നു.

അതേ സമയം സ്വതന്ത്ര ഇന്ത്യക്ക് ശേഷം ജില്ലകളിലും താലൂക്കുകളിലും രൂപീകരിച്ച ഇടുങ്ങിയ കോടതി മുറിയിലെ സ്ഥല പരിമിതി കാരണം സംസ്ഥാനത്തെ പല കോടതികളിലും അഭിഭാഷകർക്കും കക്ഷികൾക്കും ജീവനക്കാർക്കും നിന്നു തിരിയാൻ പറ്റാത്ത അവസ്ഥയിലാണ്. ഇനി മുതൽ സ്വകാര്യ ഹർജികൾ , പൊലീസ് എഫ് ഐ ആർ , റിമാന്റ് റിപ്പോർട്ട് , അഡീഷണൽ റിപ്പോർട്ട് , കുറ്റപത്രം തുടങ്ങിയ എല്ലാ കേസ് റെക്കോർഡുകളും ഇ കോർട്ട് , ഇ ഫയലിങ് രീതിയിൽ അപ് ലോഡ് ചെയ്താൽ മതിയാകും. കക്ഷികൾ സമർപ്പിക്കുന്ന പകർപ്പപേക്ഷകളും ഓൺലൈൻ ആയി അപേക്ഷിച്ചാൽ മതിയാകും. റെക്കോർഡുകൾക്കുള്ള പകർപ്പിന് ഒരു പേജിന് നിശ്ചിത നിരക്കിലുള്ള കോർട്ട് ഫീ ഓൺലൈനിലോ ട്രഷറിയിലോ അടക്കണം. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയും എറണാകുളം കോലഞ്ചേരി മജിസ്‌ട്രേട്ട് കോടതിയിലുമാണ് ആദ്യ പരീക്ഷണം നടത്തിയത്. ജീവനക്കാർക്ക് പരിശീലനം നൽകിക്കഴിഞ്ഞു.

അഭിഭാഷകർക്കുള്ള ഫിസിക്കൽ അവയർനെസ് പ്രോഗ്രാമിന്റെ ഭാഗമായി ഒരു ക്ലാസ് തിരുവനന്തപുരം പ്രിൻസിപ്പൽ അസി.സെഷൻസ് ജഡ്ജിയും സബ് ജഡ്ജിയുമായ ഷിബു ഡാനിയേൽ എടുത്തു. തിരുവനന്തപുരം ബാർ അസോസിയേഷനിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ട്രെയിനിങ് നൽകിയത്.