- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയക്കാർക്ക് എന്തുമാകാം എന്നാണോ? യൂത്ത് കോൺഗ്രസുകാരെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി വെട്ടിക്കൊല്ലാൻ ശ്രമിച്ച ഡിവൈഎഫ്ഐ സഖാക്കൾക്ക് ജാമ്യം ലഭിക്കാൻ പൊലീസിന്റെ കള്ളക്കളി; പ്രതികൾ ഉപയോഗിച്ച ആയുധം മാറ്റിയ കഴക്കൂട്ടം പൊലീസിന് ജില്ലാ കോടതിയുടെ രൂക്ഷ വിമർശനം
തിരുവനന്തപുരം: അസുഖ ബാധിതരായ മാതാപിതാക്കൾക്ക് ഉച്ചഭക്ഷണം വാങ്ങാനെത്തിയ യൂത്ത് കോൺഗ്രസുകാരനായ യുവാവിനെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി മാരകമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ ക്കാർക്കും ജാമ്യം ലഭിക്കാൻ ആയുധം മാറ്റിയ തുമ്പ പൊലീസിനും തലസ്ഥാന ജില്ലാ കോടതിയുടെ രൂക്ഷ വിമർശനം. വധശ്രമ കേസിൽ റിമാന്റിൽ കഴിയുന്ന രണ്ടു ഡിവൈഎഫ്ഐ ക്കാരുടെ ജാമ്യഹർജി തള്ളിയ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. കൃഷ്ണകുമാർ പൊളിറ്റീഷ്യൻസ് ആയതിനാൽ എന്തുമാകാമെന്നാണോയെന്ന് ചോദിച്ചു.
ജാമ്യ ഹർജി പരിഗണിക്കവേ രാഷ്ട്രീയ കേസെന്ന ലാഘവത്തോടെ പ്രതികൾ വാദിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. റിമാന്റിലായി 14 ദിവസവമേ ആയുള്ളുവെന്ന് നിരീക്ഷിച്ച കോടതി ഗൗരവമേറിയ കൃത്യം ചെയ്ത പ്രതികൾ കുറച്ചു ദിവസം അകത്തു കിടക്കട്ടെയെന്നും നിരീക്ഷിച്ചു. പരിക്കേറ്റയാളുടെ എഫ് ഐ എസിൽ (പ്രഥമ വിവര മൊഴി) രേഖപ്പെടുത്തിയ ആയുധമായ വെട്ടുകത്തി പ്രതികൾക്ക് എളുപ്പ ജാമ്യം ലഭിക്കാനായി വെട്ടുകത്തിക്ക് പകരം തടിക്കഷണമാക്കി മാറ്റി റിമാന്റ് റിപ്പോർട്ട് തിരുത്തിയ തുമ്പ പൊലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു.
പൊതുസേവകരായ പൊലീസ് റിമാന്റ് റിപ്പോർട്ടിൽ വെള്ളം ചേർത്ത് ആയുധം മാറ്റിയെന്ന കാരണം പ്രതിക്ക് ജാമ്യത്തിനുള്ള അർഹതയായി അംഗികരിക്കാനാവില്ല. വൂണ്ട് സർട്ടിഫിക്കറ്റ് പരിശോധിച്ചതിൽ യുവാവിന് തലയുടെ പല ഭാഗത്തും കാലിലെ അസ്ഥികൾക്കും ശരീരത്തിലും മാരകമായ പരിക്കേറ്റിട്ടുണ്ട്. പ്രതികളെ കൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഉള്ളതായും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി. പ്രതികൾ അഞ്ചിലേറെ ആക്രമണ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളാണെന്നും പൊലീസ് സ്റ്റേഷൻ ഹിസ്റ്ററി ഷീറ്റിൽ (കേ ഡി ലിസ്റ്റ് ) ഉൾപ്പെട്ടവരാണെന്നും നിരീക്ഷിച്ചു.
പൊലീസിനെ സ്വാധീനിച്ച് തങ്ങൾക്കെതിരായി എടുത്ത കള്ളക്കേസാണെന്ന പ്രതികളുടെ വാദവും കോടതി തള്ളി. ഭരണകക്ഷിയുടെ യുവജന സംഘടനയായ ഡിവൈഎഫ്ഐക്കാർക്കെതിരെ പൊലീസിനെ സ്വാധീനിച്ച് എങ്ങനെ കള്ളക്കേസെടുക്കാൻ സാധിക്കുമെന്നും കോടതി ചോദിച്ചു. ഒന്നും രണ്ടും പ്രതികളും ഡി വൈ എഫ് ഐ പ്രവർത്തകരുമായ ആദർശ്, ഷാ എന്നിവരുടെ ജാമ്യഹർജികളാണ് കോടതി തള്ളിയത്. ഇവർ മുൻകൂർ ജാമ്യം ലഭിക്കില്ലെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സി പി എം നേതൃത്വം പോലുസുമായുണ്ടാക്കിയ രഹസ്യ ധാരണയിൽ മുൻ നിശ്ചയപ്രകാരം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ദിനം തുമ്പ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കുളത്തൂർ സ്വദേശികളായ മനേഷ് , ഷൈജു എന്നിവരാാണ് മൂന്നും നാലും പ്രതികൾ.
2021 മെയ് 14 ഉച്ചക്ക് കുളത്തൂർ ജംഗ്ഷനിലാണ് കേസിനാസ്പദമായ ദാരുണമായ സംഭവം നടന്നത്. അസുഖബാധിതരായ മാതാപിതാക്കൾക്ക് ഹോട്ടലിൽ നിന്ന് ഉച്ച ഭക്ഷണം വാങ്ങാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ കുളത്തൂർ ഗുരു നഗർ പുതുവൽ മണക്കാട് വീട്ടിൽ രമേശൻ മകൻ രതീഷിനെ (27) യാണ് ഓട്ടോയിൽ നിന്ന് വലിച്ചിറക്കി വെട്ടുകത്തി കൊണ്ട് തലയിലും കാലിലുമടക്കം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ദൃശ്യങ്ങൾ ഡിഫിക്കാർ മൊബൈലിൽ പകർത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രതീഷിനെ കഴക്കൂട്ടം സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ലോക് ഡൗണും കർശന നിയന്ത്രണങ്ങളും നിലനിൽക്കേ പൊലീസ് കാവലിൽ പട്ടാപ്പകൽ നടന്ന അക്രമം പരക്കെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുറച്ചു കാലമായി പ്രദേശത്ത് നില നിൽക്കുന്ന സമാധാന അന്തരീക്ഷം സി പി എം സംഘം തകർക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. സി പി എം നേതാക്കളുടെ അറിവും സമ്മതത്തോടും ഒത്താശയോടും കൂടിയാണ് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികളെ വിചാരണയിൽ രക്ഷപ്പെടുത്താനായി ചെയ്യുന്ന വെള്ളം ചേർക്കലുകൾ പ്രതിയെ വെറുതെ വിടാനുള്ള കാരണമാകരുതെന്ന് സുപ്രീം കോടതി വിധി ന്യായങ്ങളുണ്ട്.