- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവിഹിത ബന്ധമുള്ള സ്ത്രീകൾ നല്ല അമ്മയാവില്ലെന്ന് എങ്ങനെ പറയാനാവും? പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയുടെ സ്വഭാവ മഹിമയ്ക്കു മേൽ ഇത്തരം ആക്ഷേപങ്ങൾ പതിവാണ്: പഞ്ചാബ് ഹൈക്കോടതി
ചണ്ഡിഗഢ്: ഒരു സ്ത്രീക്കു വിവാഹേതര ബന്ധമുണ്ട് എന്നത് അവർ നല്ല അമ്മയാവില്ലെന്ന നിഗമനത്തിൽ എത്താൻ കാരണമല്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. കുട്ടിയുടെ സംരക്ഷണം അമ്മയെ ഏൽപ്പിക്കുന്നതിന് ഇത്തരം വാദങ്ങൾ തടസ്സമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഫത്തേഗഢ് സാഹിബ് സ്വദേശിയായ യുവതി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അനുപിന്ദർ സിങ് ഗരേവാൾ ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയുടെ സ്വഭാവ മഹിമയ്ക്കു മേൽ ഇത്തരം ആക്ഷേപങ്ങൾ പതിവാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയിലുള്ള മുൻ ഭർത്താവിന്റെ കൂടെയുള്ള നാലര വയസ്സുകാരിയായ മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ഹർജി നൽകിയത്. ഇതിനെ എതിർത്ത മുൻ ഭർത്താവ് യുവതിക്കു ബന്ധുവുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചു. ഇതു തള്ളിയ കോടതി കുട്ടിയെ വിട്ടുകൊടുക്കാൻ നിർദേശിക്കുകയായിരുന്നു.
സ്ത്രീകളുടെ സ്വഭാവ മഹിമയുടെ നേരെ ഇത്തരം ആക്ഷേപങ്ങൾ പാട്രിയാർക്കൽ ആയ സമൂഹത്തിൽ പതിവാണ്. സ്ത്രീക്ക് ഇത്തരം ഒരു ബന്ധം ഉണ്ടെങ്കിൽ തന്നെ അവർ നല്ല അമ്മയാവില്ല എന്ന നിഗമനത്തിൽ എത്താനാവില്ല. അതുകൊണ്ട് ഇത്തരമൊരു കേസിൽ യുവതിയുടെ മറ്റു ബന്ധങ്ങൾ പരിശോധിക്കേണ്ട കാര്യം തന്നെയില്ലെന്ന് കോടതി പറഞ്ഞു.
സ്വഭാവ രൂപീകരണം നടക്കുന്ന പ്രായത്തിൽ കുട്ടിക്ക് അമ്മയുടെ സ്നേഹവും പരിചരണവും സാമീപ്യവും വേണം. ഹിന്ദു രക്ഷാകർതൃ നിയമത്തിലെ വകുപ്പ് ആറ് അനുസരിച്ച് അമ്മ കുട്ടിയുടെ സ്വാഭാവിക രക്ഷിതാവ് ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മറുനാടന് ഡെസ്ക്