തിരുവല്ല: ദിനംപ്രതി നിരവധി കേസുകൾ കൈകാര്യം ചെയ്യുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും. ചിലയിടങ്ങളിൽ അവർ എത്തുമ്പോൾ തന്നെ പ്രശ്നം പകുതി തീരാറുണ്ട്. എന്നാൽ പ്രശ്നം തീർക്കാൻ പോകുന്ന പൊലീസുകാരും രാഷ്ട്രീയക്കാരും പുലിവാൽ പിടിക്കുന്ന സന്ദർഭങ്ങളും കുറവല്ല. പൊതുവേ 'തലവേദനകേസുകൾ' എന്ന് അവർ വിശേഷിപ്പിക്കുന്ന ഒരു അനുഭവമാണ് തിരുവല്ല പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും വാർഡ് കൗൺസിലർക്കും ഉണ്ടായിരിക്കുന്നത്. ആ തർക്കത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

തിരുവല്ല കറ്റോട് കളപ്പുരയ്ക്കൽ വീട്ടിൽ കുടുംബ ഭാഗം വയ്ക്കലിന്റെ ഭാഗമായി സഹോദരഭാര്യമാരായ രജനിയും അമ്മാളും തമ്മിൽ ഉണ്ടായ തർക്കം രമ്യമായി പരിഹരിക്കാനാണ് തിരുവല്ല മുൻസിപ്പാലിറ്റിയിലെ 11-ാം വാർഡ് കൗൺസിലർ സണ്ണിയും തിരുവല്ല പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാജനും എത്തിയത്. രജനിയും അമ്മാളുവും തമ്മിലുള്ളത് അതിർത്തിതർക്കമാണ്. കുടുംബ വസ്തു വീതം വെച്ചപ്പോൾ വീടിന്റെ അതിർത്തി കക്കൂസിന്റെ നടുവിലായി. അത് പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട വാക്കു തർക്കം പരിഹരിക്കാനാണ് ഇരുവരുടേയും വരവ്.

ഇരുകക്ഷികളും സ്ത്രീകളായതിനാലും ഇരുവരുടെയും ഭർത്താക്കന്മാർ മരിച്ചതിനാൽ കുടുംബത്തിൽ മറ്റ് പുരുഷന്മാരാരും ഇല്ലാത്തതിനാലും പ്രശ്നം സംസാരിച്ച് തീർക്കാവുന്നതെ ഉള്ളു എന്ന ധാരണയിലാണ് എസ്ഐയും കൗൺസിലറും സംഭവസ്ഥലത്ത് എത്തുന്നത്. അതുകൊണ്ടുതന്നെ എസ്ഐയ്ക്കൊപ്പം വനിതാ പൊലീസുകാരാരും ഉണ്ടായിരുന്നില്ല. എന്നാൽ അവിടെ എത്തിയ ഇരുവരും അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങൾ അയൽക്കാരിലൊരാൾ വീഡിയോ എടുത്തത് അതിവേഗത്തിൽ വൈറലാകുകയായിരുന്നു.

പ്രശ്ന പരിഹാരത്തിനായി എത്തിയ വാർഡ് കൺസിലർ സണ്ണിയുടെ ഫോൺ പിടിച്ചുവാങ്ങി ദൂരെയെറിഞ്ഞ അമ്മാൾ അദ്ദേഹത്തെ തള്ളിയിടുകയും ഒടുവിൽ കട്ടയെടുത്ത് എറിഞ്ഞ് ഓടിക്കുകയുമായിരുന്നു. കൗൺസിലർ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുമ്പോളും വനിതാ പൊലീസ് ഇല്ലാത്തതിനാൽ നിസഹായനായി നോക്കി നിൽക്കാനെ എസ്‌ഐയ്ക്ക് സാധിച്ചുള്ളു. ഇതിനിടെ എസ്‌ഐയെ തള്ളിയിടുകയും അദ്ദേഹത്തിന്റെ ഫോൺ പിടിച്ചുവാങ്ങാനും അമ്മാൾ ശ്രമിക്കുന്നുണ്ട്.

അമ്മാളിന്റെ അക്രമാസക്തമായ പ്രതിരോധത്തിന് മുന്നിൽ ഇടിച്ചിട്ട കക്കൂസ് പുനഃനിർമ്മിക്കാൻ കഴിയാതെ ഇപ്പോളും തൽസ്ഥിതിയിൽ തന്നെ കിടക്കുകയാണ്. സംഭവശേഷം അമ്മാൾ അടുത്തുള്ള ആശുപത്രിയിൽ ചികിൽസ തേടിയതായാണ് റിപ്പോർട്ടുകൾ.

https://fb.watch/74Txo4bqWq/