- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; 18 വയസും അതിന് മുകളിലുള്ളവർക്കും അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് അനുമതി നൽകി; ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചതോടെ കോവാക്സിൻ എടുത്തവരുടെ വിദേശ യാത്രാ തടസ്സങ്ങളും നീങ്ങും
ന്യൂഡൽഹി: ഒടുവിൽ ഇന്ത്യൻ നിർമ്മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് ഒടുവിൽ ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ)യുടെ അംഗീകാരം. 18 വയസും അതിന് മുകളിലുള്ളവർക്കും അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാണ് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ശുപാർശ ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നതോടെ കോവാക്സിൻ എടുത്തവർക്ക് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങും. ഇത് പ്രവാസികൾ അടക്കമുള്ളവർക്ക് ഏറെ ആശ്വാസം പകരുന്ന കാര്യമായി മാറും.
പൂർണ്ണമായും ഇന്ത്യൻ നിർമ്മിതിയായ കോവാക്സിൻ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ചേർന്നാണ് ഉത്പാദിപ്പിച്ചത്. നിലവിൽ വിദേശത്തേക്ക് പോകുന്നവർ ഓക്സ്ഫഡ് സർവലാശാല ഉത്പാദിപ്പിച്ച കോവിഷീൽഡ് വാക്സിൻ എടുക്കുന്നതിനാണ് താത്പര്യം കാണിച്ചിരുന്നത്. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡിന് നേരത്തെ തന്നെ ലോകാരോഗ്യ സംഘടന അനുമതി നൽകിയിട്ടുണ്ട്.
ഏപ്രിൽ 19-നാണ് അനുമതിക്കായി ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമർപ്പിച്ചത്. വാക്‌സിൻ പരീക്ഷണഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതൽ രേഖകൾ ഹാജരാക്കിയിരുന്നു. ബുധനാഴ്ച സംഘടനയുടെ ഉപദേശക സമിതി യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷമാണ് കോവാക്‌സിനുള്ള അടിയന്തര ഉപയോഗത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ നേരത്തെ തന്നെ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അംഗീകാരമുണ്ടായിരുന്നില്ല. അടിയന്തര ഉപയോഗ ലിസ്റ്റിംഗിനുള്ള അംഗീകാരം കോവാക്‌സിന് ലഭിച്ചത് കോവാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മറ്റ് രാജ്യങ്ങളിൽ പ്രവേശിക്കാൻ അനുമതി ലഭിക്കുന്നതിന് സഹായിക്കും.
തെക്കേ അമേരിക്കൻ രാജ്യമായ ഗയാന കഴിഞ്ഞ ദിവസം കോവാക്‌സിന് അംഗീകാരം നൽകിയിരുന്നു. ഓസ്‌ട്രേലിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ കോവാക്‌സിൻ അംഗീകരിച്ചതിനു പിന്നാലെയാണ് തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയും കോവിഡിനെതിരെ കോവാക്‌സിൻ ഫലപ്രദമെന്ന് പറയുന്നത്. മൗറീഷ്യസ്, ഫിലിപ്പൈൻസ്, നേപ്പാൾ, മെക്‌സികോ, ഇറാൻ, ശ്രീലങ്ക, ഗ്രീസ്, എസ്റ്റോണിയ, സിംബാ?വെ തുടങ്ങിയ രാജ്യങ്ങളും നേരത്തെ കോവാക്‌സിന് അനുമതി നൽകിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചതോടെ കോവാക്‌സിൻ സ്വീകരിച്ചവർക്ക് രാജ്യാന്തര യാത്രകൾക്കുള്ള തടസം നീങ്ങുകയാണ്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ലാതിരുന്നതിനാൽ ഇതുവരെ കോവാക്‌സിൻ എടുത്തവരെ പല രാജ്യങ്ങളും 'അൺ വാക്‌സിനേറ്റഡ്' ഗണത്തിൽ പെടുത്തിയിരുന്നു. ഇതാണ് വിദേശയാത്ര ബുദ്ധിമുട്ടിലാക്കിയിരുന്നത്.