- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിനേഷൻ: സംസ്ഥാനങ്ങൾ വിലകൊടുത്തു വാങ്ങുന്ന വാക്സിനും ക്വോട്ട നിശ്ചയിച്ച് കേന്ദ്രസർക്കാർ; വാക്സിൻ നയത്തിന് വിരുദ്ധമെന്നും റിപ്പോർട്ട്
ന്യൂഡൽഹി: കോവിഡ് വാക്സിൻ നിർമ്മാതാക്കളിൽനിന്ന് സംസ്ഥാനത്തിന് എത്ര വാക്സിൻ വാങ്ങാം എന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ക്വോട്ട നിശ്ചയിച്ചതായി റിപ്പോർട്ട്. കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള വാക്സിൻ നയത്തിന് വിരുദ്ധമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്വകാര്യ കമ്പനിയിൽനിന്ന് വാക്സിൻ വാങ്ങുന്നതിന് ഡൽഹി സർക്കാരിന് ക്വോട്ട നിശ്ചയിച്ചതായാണ് എൻഡി ടിവി റിപ്പോർട്ട് ചെയ്തത്. മെയ് 17ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡൽഹി സർക്കാരിന് അയച്ച കത്ത് പ്രകാരം, ഡൽഹി വാങ്ങുന്ന കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ അളവ് കേന്ദ്രം നിയന്ത്രിക്കുമെന്ന് വ്യക്തമാക്കുന്നു.
ഇതു പ്രകാരം, ജൂൺ മാസത്തിൽ ഡൽഹി സർക്കാരിന് മൂന്ന് ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 92,000 ലക്ഷം ഡോസ് കോവാക്സിനും കമ്പനികളിൽനിന്ന് വാങ്ങാം. 45 വയസിന് മുകളിലുള്ളവർക്ക് കേന്ദ്രം അനുവദിച്ചിരിക്കുന്ന സൗജന്യ വാക്സിന്റെ എണ്ണവും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രിൽ 26ന് 67 ലക്ഷം ഡോസ് വാക്സിന് ഓർഡർ നൽകിയതായി ഡൽഹി സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരെ വളരെ കുറഞ്ഞ അളവ് വാക്സിൻ മാത്രമാണ് ലഭിച്ചതെന്നും വാക്സിൻ ക്ഷാമം മൂലം പല വാക്സിനേഷൻ കേന്ദ്രങ്ങളും ഡൽഹി സർക്കാർ അടച്ചുപൂട്ടിയതായും റിപ്പോർട്ടുണ്ടായിരുന്നു.
സംസ്ഥാനങ്ങൾ നേരിട്ടു വാങ്ങുന്ന വാക്സിനുകൾക്ക് ക്വോട്ട നിശ്ചയിക്കാനുള്ള നീക്കത്തേക്കുറിച്ച് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ കേരള ഹൈക്കോടതിൽ നൽകിയ സത്യവാങ്മൂലത്തിലും സൂചനയുണ്ടായിരുന്നതായി എൻഡിടിവി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ സംസ്ഥാനങ്ങളിലുമുള്ള 18-44 പ്രായപരിധിയിലുള്ളവരുടെ ജനസംഖ്യയ്ക്ക് അനുസരിച്ച് സംസ്ഥാനങ്ങൾ നേരിട്ടു വാങ്ങുന്ന വാക്സിൻ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
ഏപ്രിൽ 21ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വാക്സിൻ നയം പ്രകാരം സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികൾ ഉൽപാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം വാക്സിൻ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വിലകൊടുത്ത് വാങ്ങാം.
വാക്സിൻ വാങ്ങുന്നതിൽ സംസ്ഥാനങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം അനുവദിക്കുന്നതിനാണ് കേന്ദ്ര സർക്കാരിലൂടെ അല്ലാതെ നേരിട്ട് വാക്സിൻ വാങ്ങുന്നതിന് അനുവദിക്കുന്നതെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ഭാഷ്യം. ഈ നയത്തിന് കടകവിരുദ്ധമാണ് ക്വോട്ട നിശ്ചയിക്കുന്ന പുതിയ നിലപാടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.