ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ബ്രിട്ടണിൽ 70 ശതമാനത്തിൽ കൂടുതൽ വേഗതയിൽ വ്യാപിക്കുന്ന കോവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.നിരവധി യൂറോപ്യൻ രാജ്യങ്ങളും, കാനഡ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടണിൽ നിന്നുള്ള വിമാനസർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ പൂർണ ജാഗ്രതയിലാണെന്നും, മുൻകരുതലുകൾ സ്വീകരിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.

പേടിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ അവശ്യമുൻകരുതലുകളും എടുത്തിട്ടുണ്ട്. സർക്കാർ പൂർണ ജാഗ്രതയിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബ്രിട്ടണിൽ നിന്നുള്ള വിമാനസർവീസുകൾ നിർത്തിവെക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആവശ്യത്തിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ഇറ്റലി, ഫ്രാൻസ്, ജർമനി, അയർലൻഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടനിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്. സമയം പ്രഖ്യാപിച്ചിട്ടില്ല. സമാന വൈറസിന്റെ സാന്നിധ്യം രാജ്യത്തുനടത്തിയ പരിശോധനയിലും ചിലരിൽ കണ്ടെത്തിയതോടെയാണ് നെതർലൻഡ്സിന്റെ നടപടി. വൈറസിന്റെ അപകടനില കൈകാര്യം ചെയ്യുന്നതിൽ യൂറോപ്യൻ യൂണിയനോട് ചേർന്നുപ്രവർത്തിക്കുമെന്നും ഡച്ച് സർക്കാർ അറിയിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിൽ നെതർലാൻഡ്സിലും ജർമനിയിലും ജനുവരി ഒന്നുവരെ പുതിയ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുമുണ്ട്.കോവിഡ് സാഹചര്യത്തിൽ രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാർ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തേ ആഹ്വാനം ചെയ്തിരുന്നു. കോവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് അനിയന്ത്രിതമാം വിധം പടർന്നുവെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ബ്രിട്ടിഷ് ആരോഗ്യസെക്രട്ടറി മറ്റ് ഹാൻകോക്ക് രണ്ടുദിവസംമുമ്പ അറിയിച്ചിരുന്നു.

70 ശതമാനത്തോളം വ്യാപനശേഷി കൂടുതലുള്ള വൈറസിനെ കണ്ടെത്തിയതോടെ ബ്രിട്ടനിൽനിന്നുള്ള ലോറി സർവ്വീസുകൾ 48 മണിക്കൂർ നേരത്തേക്ക് ഫ്രാൻസ് നിരോധിച്ചിരിക്കുകയാണ്. ഇതോടെ ബ്രിട്ടനിലെ ഒട്ടുമിക്ക സൂപ്പർമാർക്കറ്റുകളും ഉടൻ തന്നെ കാലിയായേക്കാം. ഫ്രാൻസിൽ നിന്നുള്ള ലോറി സർവ്വീസുകൾക്ക് ബ്രിട്ടനിൽ പ്രവേശിക്കാൻ സാധിക്കുമെങ്കിലും യൂറോപ്യൻ ഡ്രൈവർമാർ ബ്രിട്ടനിലേക്ക് പോകുവാൻ മടിക്കുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുതിയ കൊറോണയുടെ സാന്നിദ്ധ്യം അവരെ ബ്രിട്ടനിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയുന്നു. ക്രിസ്ത്മസ്സ് കുടുംബത്തോടൊപ്പം ആഘോഷിക്കുവാൻ സാധിച്ചില്ലെങ്കിലോ എന്ന ഭയമാണ് അവരെ പിന്തിരിപ്പിക്കുന്നത്.

ഇതോടെ, ബ്രിട്ടനിലെ സൂപ്പർമാർക്കറ്റുകളിലെല്ലാം ഒഴിഞ്ഞ ഷെൽഫുകളായിരിക്കും കാണാൻ സാധിക്കുക എന്ന കാര്യം ഏതാണ്ട് ഉറപ്പായി. യൂറോ ടണൽ ലേ ഷട്ടിൽ ഇന്നലേ രാത്രി ബ്രിട്ടനും ഫ്രാൻസിനുമിടയിലുള്ള ഗതാഗതം നിർത്തിവച്ചു. ഇന്നലെ രാത്രി 9.24 നുള്ള അവസാന ഷട്ടിൽ യാത്ര അവസാനിച്ച ഉടനെയായിരുന്നു ഇത്. അതുപോലെ ലണ്ടൻ, ബ്രസ്സൽസ് നഗരങ്ങൾക്കിടയിലെ ട്രെയിൻ സർവ്വീസ് യൂറോസ്റ്റാർ നിർത്തിവച്ചു. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നും ലണ്ടനിലേക്കുള്ള സർവ്വീസും നിർത്തി വച്ചിട്ടുണ്ട്.

അതേസമയം, അമേരിക്കയും ബ്രിട്ടനിലെ പുതിയ സംഭവ വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. പുതിയ വൈറസിന്റെ കാര്യത്തിൽ ആശങ്കയുണ്ടെങ്കിലുംബ്രിട്ടനിലേക്കുള്ള യാത്രാ നിരോധനത്തെ കുറിച്ച് ഇപ്പോൾ ആലോചനയില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയത്. ഈ പുതിയ ഇനം വൈറസ് അമേരിക്കയിൽ പ്രവേശിച്ചുവോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.
നിർത്തിവച്ച സർവീസുകൾ ഡിസംബർ 23 ന് തുടങ്ങാൻ കഴിയുമെന്നാണ് യൂറോസ്റ്റാർ അവരുടെ വെബ്സൈറ്റിലൂടെ വ്യക്തമാക്കിയത്. ഫ്രാൻസും, ബെൽജിയവും ബ്രിട്ടനുമായുള്ള അതിർത്തികൾ അടച്ചതിനെ തുടർന്നാണ് സർവീസുകൾ നിർത്തി വച്ചതെന്നും അവർ പറയുന്നു. തെക്കൻ ഇംഗ്ലണ്ടിൽ മ്യുട്ടേഷൻ സംഭവിച്ച പുതിയ ഇനം വൈറസിനെ കണ്ടെത്തിയതോടെ ടയർ-4 നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു അതിർത്തികൾ അടച്ചത്.

നെതർലൻഡ്സാണ് ബ്രിട്ടനിലേക്കുള്ള യാത്രാനിരോധനം ആദ്യമായി പ്രഖ്യാപിച്ചത്.ഇത് ജനുവരി 1 വരെ തുടാരുമെന്ന് സർക്കാർ വ്യക്തമാക്കി. ബ്രിട്ടനിൽ നിന്നും ഫ്രാൻസിലേക്കുള്ള യാത്രകൾ എല്ലാം 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ചിരിക്കുന്ന കാര്യം ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സാണ് അറിയിച്ചത്. ഇതിനെ തുടർന്ന് അത്യാവശ്യമില്ലാത്ത വിമാനസർവീസുകൾക്ക് 48 മണിക്കൂർ നേരത്തേക്ക് അയർലൻഡും ഏർപ്പെടുത്തി. ബ്രിട്ടനിൽ നിന്നുള്ള ജലഗതാഗതവും അയർലൻഡ് നിരോധിച്ചിട്ടുണ്ട്. അതേസമയം നോർത്തേൺ അയർലൻഡിൽ നിന്നുള്ളവർക്ക് ഈ നിരോധനം ബാധകമാവുകയില്ല.
ഫെറികൾ വഴിയുള്ള ചരക്ക് ഗതാഗതം തുടരുമെന്നു പറഞ്ഞ അയർലൻഡ് ഗതാഗത വകുപ്പു മന്ത്രി ഈമോൺ റിയാൻ, ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ നിരോധനം രണ്ടു ദിവസം കഴിഞ്ഞു പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കി. അപ്പോഴുള്ള സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷമായിരിക്കും നിരോധനം തുടരണമോ വേണ്ടയോ എന്നുള്ളകാര്യം തീരുമാനിക്കുക.

ചരക്കു ഗതാഗതത്തിനായുള്ള കാർഗോ വിമാനങ്ങൾ ഒഴിച്ച് ബ്രിട്ടനിൽ നിന്നുള്ള ഒരു വിമാനത്തേയും അനുവദിക്കില്ല എന്ന് ജർമ്മനിയും പ്രഖ്യാപിച്ചു. ഡിസംബർ 31 വരെ ഈ നിരോധനം നിലനിൽക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. നിലവിൽ യൂറോപ്യൻ യൂണിയന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ജർമ്മനി നിലവിലെ സാഹചര്യങ്ങൾ ചർച്ചചെയ്യുവാനായി 27 അംഗരാജ്യങ്ങളിലേയുംപ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികളും യോഗത്തിൽ വിലയിരുത്തും.

അതേസമയം ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് കൊറോണാ വൈറസിന്റെ ഈ പുതിയ വകഭേദത്തെ ഡെന്മാർക്കിലും നെതർലാൻഡ്സിലും കണ്ടെത്തിയിട്ടുണ്ട്. ആസ്ട്രേലിയിൽ ഒരു രോഗിയിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായും വ്യക്തമായിട്ടുണ്ട്. ബെൽജിയവും ബ്രിട്ടനിൽ നിന്നുള്ള ട്രെയിൻ വിമാന സർവ്വീസുകൾ 24 മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചു. ബ്രിട്ടനിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിരോധിക്കുന്നതിനോടൊപ്പം, കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ബ്രിട്ടൻ സന്ദർശിച്ചവർക്ക് ഇറ്റലിയിലേക്ക് പ്രവേശനവും വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.

ബ്രിട്ടനിലോ സൗത്ത് ആഫ്രിക്കയിലോ കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ സന്ദർശനം നടത്തിയവർക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് എൽ സാൽവഡോറിലും ഉത്തരവിറങ്ങിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകളും നിരോധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലും പുതിയൊരു ഇനം വൈറസിനെ കണ്ടെത്തിയതിനെ തുടർന്നാണിത്. 24 മണിക്കൂർ നേരമെങ്കിലും ബ്രിട്ടനിൽ കഴിഞ്ഞവർക്ക് തിരിച്ചെത്തിയാൽ 14 ദിവസത്തെ കർശന ക്വാറന്റൈൻ നിർബന്ധമാക്കിക്കൊണ്ട് ചെക്ക് റിപ്പബ്ലിക്കും രംഗത്തെത്തി.