- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്; 24 മണിക്കുൂറിനിടെ 3.8 ലക്ഷത്തിലെത്തി; 3569 മരണങ്ങളും റിപ്പോർട്ടു ചെയ്തതോടെ മഹാദുരന്തം നേരിട്ട് രാജ്യം; കോവിഡിനെ തോൽപ്പിച്ചെന്ന് പറഞ്ഞ രാജ്യത്തേക്ക് ഇപ്പോൾ വിദേശ രാജ്യങ്ങളുടെ സഹായപ്രവാഹം; ശക്തമായ ഭാഷയിൽ ഇടപെട്ട് കോടതികളും
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് കേസുകൾ പിടിവിട്ട് കുതിക്കുമ്പോൾ മഹാദുരന്തത്തിലാണ് രാജ്യം. 24 മണിക്കൂറിനിടെ 3.8 ലക്ഷംപേർക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ ദിവസം നാല് ലക്ഷത്തിലേക്ക് കുതിക്കുകയാണ്. 3569 കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ടു ചെയ്തു. ഇതോടെ ഇപ്പോൾ രാജ്യത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നത് 30 ലക്ഷത്തോളം പേരാണ്.
മൂന്ന് മാസത്തിനിടെ കോവിഡ് ഇന്ത്യയിൽ കവർന്നതു 2 ലക്ഷത്തിൽപരം ജീവനാണെന്നതും ഞെട്ടിക്കുന്ന വിവരങ്ലാണ്. രാജ്യത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്തതു കഴിഞ്ഞവർഷം മാർച്ച് 12ന്. പത്തു വർഷം കൊണ്ട് എച്ച്1എൻ1 മൂലം മരിച്ചവരുടെ 17 മടങ്ങായി ഇന്ത്യയിൽ കോവിഡ് മരണം. ഔദ്യോഗികമായി രേഖപ്പെടുത്തിയതു മാത്രമാണിത്.
റിപ്പോർട്ട് ചെയ്യപ്പെടാതെ പോയതും കോവിഡ് അനുബന്ധ ബുദ്ധിമുട്ടുകളെ തുടർന്നു മരിച്ചവരുടെയും കൂടി ചേരുമ്പോൾ എണ്ണം ഇനിയും ഉയരും. കഴിഞ്ഞവർഷം ജനുവരി 30ന് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തെങ്കിലും മാർച്ച് 12നു കർണാടകയിൽ സൗദിയിൽ നിന്നു മടങ്ങിയെത്തിയ വയോധികനാണ് ഇന്ത്യയിൽ കോവിഡിനു മുന്നിൽ ആദ്യം കീഴടങ്ങിയത്.
ഓക്സിജൻ കിട്ടാതെ മീററ്റിൽ 7 കോവിഡ് ബാധിതർ മരിച്ചു
ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുമ്പോൾ, മീററ്റിലെ ആശുപത്രികളിൽ 7 കോവിഡ് ബാധിതർ ഓക്സിജൻ ലഭിക്കാതെ മരിച്ചു. ഇതിൽ 3 പേർ ആനന്ദ് ഹോസ്പിറ്റലിലും 4 പേർ സർക്കാർ കെഎംസി ആശുപത്രിയിലുമാണ് മരിച്ചത്.
ദിവസവും 400 സിലിണ്ടറുകളാണ് ആനന്ദ് ഹോസ്പിറ്റലിന് വേണ്ടതെന്നും എന്നാൽ 90 വീതമാണ് ലഭിക്കുന്നതെന്നും മെഡിക്കൽ സൂപ്രണ്ട് സുഭാഷ് യാദവ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഓക്സിജൻ തീർന്നതോടെ രോഗികളുടെ ബന്ധുക്കൾ ഓക്സിജൻ സംഘടിപ്പിക്കാനായി നെട്ടോട്ടമായി. 110 കിലോമീറ്റർ അകലെ ഹരിയാനയിലെ കർണാലിൽ നിന്ന് 25,000 രൂപയ്ക്ക് ഒരു സിലിണ്ടർ ഓക്സിജൻ വാങ്ങി എത്തിച്ചെങ്കിലും അമ്മയെ രക്ഷിക്കാനായില്ലെന്ന് മുഹമ്മദ് കാസിം എന്നയാൾ പറഞ്ഞു.
സർക്കാറിനെതിരെ വടിയെടുത്ത് കോടതികളും
കോവിഡ് പ്രതിസന്ധിയും വാക്സിനേഷൻ അനിശ്ചിതത്വവും രാജ്യത്തെ ഹൈക്കോടതികളിലേക്കു പരാതികളായി എത്തുന്നു. വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടെങ്കിലും ഹൈക്കോടതികളിലെ കേസുകൾ തുടരുന്നതിൽ വിലക്കില്ലെന്നു കഴിഞ്ഞദിവസം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. നിലവിൽ രാജ്യത്തെ 11 ഹൈക്കോടതികളാണു കോവിഡുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത്. അതിഥി തൊഴിലാളികളുടെ ബുദ്ധിമുട്ടു മുതൽ, മരുന്നുക്ഷാമം വരെയുള്ള വിഷയങ്ങളിൽ ഇന്നലെ ചില ഹൈക്കോടതികളിലെ ഇടപെടലുകൾ:
കേന്ദ്ര സർക്കാരിന് ആളുകൾ മരിക്കണമെന്നാണോ എന്ന് ഡൽഹി ഹൈക്കോടതി ചോദിച്ചു. റെംഡിസിവിർ ക്ഷാമത്തിനിടെ, കോവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ സർക്കാർ മാറ്റം വരുത്തിയതു ചോദ്യം ചെയ്താണു കോടതി പരാമർശം. ഇതു ശരിയല്ല. ആലോചനയില്ലാത്ത തീരുമാനമാണ് സർക്കാരിന്റേത്. ജസ്റ്റിസ് പ്രതിഭ എം. സിങ് അധ്യക്ഷയായ ബെഞ്ച് ചോദിച്ചു.
ഡോക്ടർ നിർദേശിച്ച 6 റെംഡിസിവിർ കുത്തിവയ്പിൽ നാലെണ്ണം മാത്രമേ കിട്ടിയുള്ളുവെന്നു ചൂണ്ടിക്കാട്ടി കോവിഡ് ബാധിതനായ അഭിഭാഷകൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അതിഥിത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടൽ തേടിയുള്ള മറ്റൊരു ഹർജിയിൽ ഡൽഹി സർക്കാരിനു ഹൈക്കോടതി നോട്ടിസ് അയച്ചു. മെയ് നാലിന് ഹർജി വീണ്ടും പരിഗണിക്കും. സീനിയർ അഭിഭാഷകൻ രാജശേഖർ റാവുവിനെ അമിക്കസ് ക്യൂറിയായി നിയോഗിക്കുകയും ചെയ്തു.
ആന്റിവൈറൽ കുത്തിവയ്പായ റെംഡിസിവിർ നേരിട്ടു നൽകുന്നതിനെതിരെ ബോംബെ ഹൈക്കോടതി. ഇതു ചെയ്യുന്ന വ്യക്തികളും സ്വകാര്യ കമ്പനികളും നിയമനടപടി നേരിടേണ്ടി വരുമെന്നു ചീഫ് ജസ്റ്റിസ് ദിപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ കോവിഡ് പ്രതിരോധ നടപടികളിലെ പാളിച്ച സംബന്ധിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ബിജെപി നേതാവ് 10,000 റെംഡിസിവിർ വിതരണം ചെയ്തതു സംബന്ധിച്ച പത്രവാർത്ത കോടതി ചൂണ്ടിക്കാട്ടി. വാക്സീൻ വില രാജ്യത്താകെ 150 രൂപയാക്കണമെന്ന ഹർജിയും ബോംബെ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നൽകുന്ന സന്ദേശങ്ങളുടെ പേരിൽ നടപടിയെടുക്കാനുള്ള യുപി സർക്കാർ തീരുമാനത്തിനെതിരെ അലഹാബാദ് ഹൈക്കോടതിയിൽ ഹർജി. സാമൂഹിക പ്രവർത്തകനായ സാകേത് ഗോഖലെയാണു കോടതിയെ സമീപിച്ചത്. ഓക്സിജൻ, റെംഡിസിവിർ എന്നിവയുടെ വിതരണത്തിൽ രാജസ്ഥാനോടു വിവേചനം കാട്ടുന്നുവെന്ന പരാതിയിൽ രാജസ്ഥാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനു നോട്ടിസ് അയച്ചു. എത്ര വീതം ഓക്സിജനും റെംഡിസിവിറും നൽകിയെന്നതിൽ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലേക്ക് സഹായ പ്രവാഹം
ഇന്ത്യ അതീവ പരിതാപകരമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ രാജ്യത്തെ സഹായിക്കാൻ ലോകരാഷ്ട്രങ്ങൾ ഒരുമിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. കോവിഡ് ദുരിതമനുഭവിക്കുന്ന ഇന്ത്യയിലേക്ക് വിദേശ രാജ്യങ്ങളുടെ സഹായം തുടരുന്നു. വാക്സീൻ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ എന്നിവ ഉടൻ അയയ്ക്കുമെന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 256 ഓക്സിജൻ സിലിണ്ടറുകളുമായി സിംഗപ്പൂർ വ്യോമസേനാ വിമാനം ഇന്ത്യയിലെത്തി.
വരും ദിവസങ്ങളിൽ ഓക്സിജൻ കോൺസൻട്രേറ്ററുകൾ അയയ്ക്കുമെന്ന് തയ്വാൻ വ്യക്തമാക്കി. ഹോങ്കോങ്ങിൽ നിന്നു 1000 എണ്ണം ഇന്നലെയെത്തി. ഇന്ത്യയ്ക്കാവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്നു ദക്ഷിണ കൊറിയ അറിയിച്ചു. മറ്റു രാജ്യങ്ങളെ ഇന്ത്യ സഹായിച്ചതു പോലെ ഇന്ത്യയെ സഹായിക്കേണ്ട സമയമാണിതെന്ന് ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിനുള്ള ഉപകരണങ്ങൾ തടസ്സമില്ലാതെ എത്തിക്കാനുള്ള വിതരണ ശൃംഖല സജ്ജമാക്കാമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ വാഗ്ദാനം ഇന്ത്യ നിരസിച്ചു. ഇന്ത്യയ്ക്ക് കാര്യക്ഷമമായ ശൃംഖലയുണ്ടെന്നു മറുപടി ലഭിച്ചതായി യുഎൻ ഡപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് വ്യക്തമാക്കി.