ന്യൂഡൽഹി: ഭാവിയിലെ പ്രതിസന്ധി മുന്നിൽ കണ്ടിട്ടും വാക്‌സിൻ ആഫ്രിക്കയിലെ കോടാനുകോടി സാധാരണക്കാർക്കാർ കയറ്റി അയച്ച രാജ്യമാണ് ഇന്ത്യ. ആഗോള തലത്തിൽ തന്നെ കൈയടി നേടിയ സംഭവം. അതുകൊണ്ട് തന്നെ ഇന്ത്യ പ്രതിസന്ധിയിലേക്ക് പോകുമ്പോൾ സുമനസ്സുകൾക്കും അതു നൊമ്പരമാകുകയാണ്. വിവിധ ലോകരാജ്യങ്ങളും സംഘടനകളും ആഗോള വ്യക്തിത്വങ്ങളും ഈ പ്രതിസന്ധിയിൽ ഇന്ത്യയെ ചേർത്തു നിർത്തുകയാണ്.

ഓക്‌സിജൻ, മരുന്നുകൾ, ആശുപത്രി ഉപകരണങ്ങൾ തുടങ്ങിയവയാണു വിവിധ രാജ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിൽ ഇവ ഇന്ത്യയിലെത്തും. ഓസ്‌ട്രേലിയ, ചൈന, ജർമനി, റഷ്യ, യുഎഇ, യുകെ, യുഎസ് തുടങ്ങി 15ഓളം രാജ്യങ്ങളാണു സഹായ സന്നദ്ധത അറിയിച്ചത്. തിങ്കളാഴ്ച വ്യോമസേനയുടെ സി -17 വിമാനം ദുബായിൽനിന്ന് ആറു ക്രയോജനിക് ഓക്‌സിജൻ കണ്ടെയ്‌നറുകൾ എത്തിച്ചു. ചൊവ്വാഴ്ച അദാനി ഗ്രൂപ്പിന് ആറെണ്ണം കൂടി എയർലിഫ്റ്റ് ചെയ്യും. ഒരു ജർമൻ കമ്പനി ഈ ആഴ്ച അവസാനം 24 കണ്ടെയ്‌നറുകൾ കയറ്റി അയയ്ക്കും.

ഓക്‌സിജൻ, നോൺ-ഇൻവാസിവ് വെന്റിലേറ്ററുകൾ, മരുന്നുകൾ, പിപിഇ കിറ്റുകൾ എന്നിവ അയയ്ക്കുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു. ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ കൂടുതൽ സഹായങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കും. വിദേശ സഹായം അഭ്യർത്ഥിച്ചിട്ടില്ലെന്നു സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. വരുന്ന പലതും വാണിജ്യാവശ്യങ്ങളുടെ ഭാഗമാണ്. യൂറോപ്യൻ യൂണിയനും റഷ്യയും ഉൾപ്പെടെ ചിലർ ഗ്രാന്റ് രൂപത്തിൽ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

വിദേശ സഹായം സ്വീകരിക്കരുതെന്ന ഇന്ത്യയുടെ ദീർഘകാല നയം ഇപ്പോഴും നിലവിലുണ്ട്. വാഗ്ദാനങ്ങളും സംഭാവനകളും കൂടുതലും ഇന്ത്യൻ റെഡ് ക്രോസ് വഴിയാണു നടത്തുന്നത്, സർക്കാർ വഴിയല്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ആരോഗ്യസംരക്ഷണ ഉപകരണ നിർമ്മാണ കമ്പനിയായ സ്പൈസ് ഹെൽത്തിനായി ഹോങ്കോങ്ങിൽനിന്ന് 800 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ പുറപ്പെട്ടു. അതുകൊണ്ട് തന്നെ ഈ സഹായങ്ങൾ ഇന്ത്യയിലെത്തും.

രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കോവിഷീൽഡ് വാക്സിൻ ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയതിന് പിന്നാലെയാണിത്. ബൈഡനുമായി നടത്തിയ സംഭാഷണം ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇരു രാജ്യങ്ങളിലെയും കോവിഡ് സ്ഥിതിഗതികൾ വിശദമായി ചർച്ചചെയ്തു. ഇന്ത്യയ്ക്ക് അമേരിക്ക നൽകുന്ന പിന്തുണയ്ക്ക് ബൈഡനോട് നന്ദി പറഞ്ഞുവെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്.

ചൈനയും സഹായ വാഗ്ദാനം നൽകുന്നു. കോവിഡിനെ തുടർന്നു ചൈന വഴിയുള്ള കയറ്റുമതി തടസ്സപ്പെട്ടിട്ടുണ്ട്. കോവിഡ് ഭയന്ന് ഇന്ത്യയിലേക്കുള്ള ചരക്കു വിമാനങ്ങൾ സസ്‌പെൻഡ് ചെയ്ത തീരുമാനം പുനഃപരിശോധിക്കുമെന്നു ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. 'ഇന്ത്യ പ്രത്യേകം ആവശ്യങ്ങൾ ഉന്നയിക്കുകയാണെങ്കിൽ, മികച്ച രീതിയിൽ സഹായവും പിന്തുണയും നൽകാൻ തയാറാണ്' ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെബിൻ പറഞ്ഞു.

കണ്ടെയ്‌നറുകൾ, കോൺസെൻട്രേറ്ററുകൾ, ജനറേറ്ററുകൾ എന്നിവയുൾപ്പെടെ ഓക്‌സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങളും കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളായ റെംഡെസിവിർ, ടോസിലിസുമാബ് എന്നിവയും വേഗം എത്തിക്കാൻ ഇന്ത്യയും ശ്രമിക്കുന്നുണ്ട്. യുഎസ് കമ്പനിയിൽനിന്നു നേരിട്ട് റെംഡിസിവിർ മരുന്ന് വാങ്ങാമെന്ന പ്രതീക്ഷയിലാണു ന്യൂഡൽഹി. കോവിഡ് ഗുരുതരമായി ബാധിച്ച സ്ഥലങ്ങളിലൊന്നാണ് ഡൽഹി.

ഇന്ത്യയ്ക്ക് പിന്തുണയുമായി ഗൂഗിളും മൈക്രോസോഫ്റ്റും രംഗത്ത് വരുന്നു. അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും ബോധവൽക്കരണ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായമെത്തിക്കുമെന്ന് ഇരുകമ്പനികളുടെയും ഇന്ത്യക്കാരായ സിഇഒമാർ അറിയിച്ചു. 10,000 ഓക്‌സിജൻ കോൺസൻട്രേറ്ററുകളും ബിപാപ് മെഷിനുകളും അടിയന്തരമായി ഇന്ത്യയിൽ എത്തിക്കുമെന്ന് ഇകൊമേഴ്‌സ് കമ്പനി ആമസോൺ അറിയിച്ചു. ഒട്ടേറെ ഇന്ത്യൻ-അമേരിക്കൻ സംഘടനകളും ധനസമാഹരണ ക്യാംപെയ്‌നുകൾക്കു തുടക്കമിട്ടു കഴിഞ്ഞു.

യൂനിസെഫ്, സന്നദ്ധസംഘടന ഗിവ് ഇന്ത്യ എന്നിവ വഴി 135 കോടി രൂപയുടെ സഹായം എത്തിക്കുമെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തു. ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിൾ ഡോട്ട് ഓർഗിൽ നിന്നുള്ള 20 കോടിയുടെ രണ്ട് ഗ്രാന്റുകളും ഗൂഗിൾ ജീവനക്കാരുടെ സംഭാവനയായ 3.7 കോടി രൂപയും ഇതിൽപ്പെടും. ഇന്ത്യയിലെ കോവിഡ് സ്ഥിതി തന്നെ ഉലച്ചതായി സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ അവസ്ഥ ഹൃദയഭേദകമാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ട്വീറ്റ് ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഓക്‌സിജൻ ഉപകരണങ്ങൾ വാങ്ങുന്നതിനും എല്ലാ സഹായവും നൽകുമെന്നും പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ തങ്ങളുടെ സാങ്കേതിക വൈദഗ്ധ്യം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സഹായിക്കാൻ മുന്നോട്ടുവന്ന യുഎസിനോടുള്ള നന്ദിയും നദെല്ല അറിയിച്ചു.