- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ ഉൾപ്പെടെയുള്ള രാസ അത്യാഹിതങ്ങൾ ഒഴിവാക്കാൻ ജാഗ്രത നിർദ്ദേശം; കോവിഡ് മരണത്തിന് കീഴടങ്ങിയ ഒന്നേകാൽ വയസ്സുകാരിയും നൊമ്പരം; ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം അനുദിനം കൂടുന്നു; അതിരപ്പള്ളിയിലെ ടെസറ്റ് പോസിറ്റീവിറ്റി നിരക്ക് ആശങ്കാജനകം; കോവിഡ് കേരളത്തെ ഭയപ്പെടുത്തുമ്പോൾ
തിരുവനന്തപുരം: കോവിഡിൽ കേരളം നേരിടുന്നത് സമാനകളില്ലാത്ത പ്രതിസന്ധി. ലോക് ഡൗൺ കർശനമാക്കി രോഗ വ്യാപനം തടയാനാണ് പദ്ധതി. അതിലും പിഴച്ചാൽ വലിയ വില കേരളം കൊടുക്കേണ്ടി വരും. കോവിഡ് മരണ നിര്ക്കും കേരളത്തിൽ ഉയരുമെന്നാണ് സൂചന. കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം സംസ്ഥാനത്തു വർധിക്കുന്നു. കോവിഡ് ഇതര രോഗങ്ങളുമായി ഗുരുതരാവസ്ഥയിലാകുന്നവരുടെ ചികിത്സയ്ക്കും പ്രതിസന്ധിയുണ്ട്.
ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം 1249 പേർ വെന്റിലേറ്ററിന്റെ സഹായത്താലാണു കോവിഡിനോടു പൊരുതുന്നത്. 2528 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനാൽ ഐസിയു, വെന്റിലേറ്റർ ക്ഷാമം വരുംദിവസങ്ങളിൽ രൂക്ഷമാകുമെന്നാണ് ആശങ്ക. ഇത് വലിയ പ്രതിസന്ധിയായി മാറും. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 2857 ഐസിയു കിടക്കകളും 2293 വെന്റിലേറ്ററുകളുമാണുള്ളത്.
5 ദിവസത്തിനിടെ വെന്റിലേറ്ററിലാകുന്ന രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചു. ഓക്‌സിജൻ കിടക്കകളുടെയും ഐസിയുവിന്റെയും ക്ഷാമവും പ്രശ്‌നമാണ്. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പിന്റെ സംസ്ഥാനതല സമിതി സ്ഥിരീകരിക്കാൻ വൈകുന്നതിനാൽ ദിവസേനയുള്ള കണക്കുകളിൽ പ്രതിഫലിക്കുന്നില്ല. ഇന്നലെ സ്ഥിരീകരിച്ച 68 പേരുടെ പട്ടികയിൽ ഏപ്രിൽ 30 മുതലുള്ള മരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചെങ്ങന്നൂർ ആലാ കോണത്തേത്ത് രാജേഷ് -ശിൽപ ദമ്പതികളുടെ മകൾ അരുണിമ (കിച്ചു ഒന്നേകാൽ വയസ്സ്) കോവിഡ് ബാധിച്ചു മരിച്ചതും ആശങ്കയാണ്. യുവാക്കളും കുട്ടികളും വൈറസിന് കീഴടങ്ങുന്നുവെന്നതിന് തെളിവാണ് ഇത്. അരുണിമ പനി ബാധിച്ചു തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞദിവസം രാവിലെ മരിച്ചത്. തുടർന്നു നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം ചെറിയനാട് പൊതുശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തി. ഇരട്ട സഹോദരി അനഘ. കുടുംബാംഗങ്ങളിൽ മറ്റാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും സംസ്ഥാന ശരാശരിയെക്കാൽ കൂടുതലാണ്. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവുമുയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) തൃശൂർ അതിരപ്പള്ളി പഞ്ചായത്തിലാണ് രേഖപ്പെടുത്തിയത്. 83.33 ശതമാനമാണ് ഇവിടെ ടിപിആർ. ഗുരുവായൂർ നഗരസഭ, വാടാനപ്പിള്ളി, ചൊവ്വന്നൂർ, കടപ്പുറം പഞ്ചായത്തുകളിൽ 60ന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇവിടെ എല്ലാം പൊലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ ഉൾപ്പെടെയുള്ള രാസ അത്യാഹിതങ്ങൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മിക്ക ആശുപത്രികളും ഓക്സിജൻ ഉപയോഗിച്ചുവരുന്നു. പൈപ്പുകൾ, ഹോസുകൾ, വാൽവുകൾ തുടങ്ങിയവയിലൂടെ ഓക്സിജൻ വിതരണ സംവിധാനങ്ങളിലെ ചോർച്ച, അന്തരീക്ഷത്തിലെ മെഡിക്കൽ ഓക്സിജൻ, അനുചിതമായ വൈദ്യുതീകരണം, അനുചിതമായ ഉപകരണങ്ങളുടെ പ്രവർത്തനം എന്നിവയാണ് പ്രധാന അപകട ഘടകങ്ങൾ. ഇതൊഴിവാക്കി രോഗികളുടേയും ജീവനക്കാരുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാണ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സർക്കാർ, സ്വകാര്യ ആശുപത്രികൾ നിബന്ധനകൾ കർശനമായി പാലിക്കേണ്ടതാണ്.
ഈ മാർഗനിർദ്ദേശങ്ങൾ പ്രകാരം ബയോ മെഡിക്കൽ എഞ്ചിനീയർമാർ ടെക്നിക്കൽ ഏജൻസിയുടെ സഹായത്തോടെ ആശുപത്രികളുടേയും ഐ.സി.യു.കളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഒരു നിശ്ചിത കാലയളവിൽ ടെക്നിക്കൽ ഓഡിറ്റ് നടത്തേണ്ടതാണ്. അത്യാഹിതം സംഭവിക്കാതിരിക്കാൻ അപകട സാധ്യതയുള്ളവ കണ്ടെത്തി പരിഹരിക്കേണ്ടതാണ്. ഐ.സി.യു.കൾ, ഓക്സിജൻ വിതരണമുള്ള വാർഡുകൾ, ഓക്സിജന്റെയും രാസവസ്തുക്കളുടേയും സംഭരണം, ഗതാഗത സംവിധാനങ്ങൾ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തേണ്ടതാണ്. എർത്തിങ് ഉൾപ്പെടെയുള്ള വൈദ്യുത സംവിധാനങ്ങൾ, ഉപകരണങ്ങൾ എന്നിവ പരിശോധിച്ച് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതാണ്. ഇതോടൊപ്പം ജീവനക്കാർക്ക് മികച്ച പരിശീലനവും നൽകേണ്ടതാണ്.
അപകടം ഉണ്ടായാൽ അത് തരണം ചെയ്യുന്നതിന് ഓരോ ആശുപത്രിയിലും ഇൻസിഡന്റ് റെസ്പോൺസ് ടീം സജ്ജമാക്കണം. അപകടമുണ്ടായാൽ പലായനം ചെയ്യാനുള്ള പദ്ധതി നേരത്തേ തയ്യാറാക്കണം. അടിസ്ഥാന ഫയർ സേഫ്റ്റി ഉപകരണങ്ങൾ, ഐ.സി.യു. പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ ഇടയ്ക്കിടെ വായു പുറത്ത് പോകാനുള്ള ക്രോസ് വെന്റിലേഷൻ, മെക്കാനിക്കൽ വെന്റിലേഷൻ തുടങ്ങിയവ സ്ഥാപിക്കേണ്ടതാണ്. തീപിടുത്ത സാധ്യതയുള്ള കർട്ടൻ തുടങ്ങിയ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം. ഫയർ ആൻഡ് സേഫ്റ്റി കമ്മിറ്റി അപകട സാധ്യതകൾ തിരിച്ചറിഞ്ഞ് അത് പരിഹരിക്കുകയും വേണം.
എത്രയും വേഗം എല്ലാ ആശുപത്രികളും ഇൻസിഡന്റ് റെസ്പോൺസ് ടീം രൂപീകരിച്ച് ജില്ലാ കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. തീപിടുത്തം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ആശുപത്രികൾ സജ്ജമാക്കേണ്ടതാണ്. ആശുപത്രിക്കുള്ളിൽ പുകവലി, രോഗീ പരിചരണത്തിനുള്ള വെള്ളം തിളപ്പിക്കുക, ചൂടാക്കുക, പാചകം എന്നിവ ഒഴിവാക്കേണ്ടതാണ്. മോക്ക് ഡ്രില്ലുകൾ നടത്തണം. കൂടാതെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അവബോധം നൽകേണ്ടതാണ്.
ഐ.സി.യുവിനുള്ളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ശസ്ത്രക്രിയ നടത്തുന്നെങ്കിൽ ഫയർ ആൻഡ് സേഫ്റ്റി മാനദന്ഡങ്ങൾ അനുസരിച്ച് മാത്രമേ അത്തരം ശസ്ത്രക്രിയകൾ നടത്താൻ പാടുള്ളു.
മറുനാടന് മലയാളി ബ്യൂറോ