- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്റിജൻ പരിശോധനയിൽ നെഗറ്റീവ്; തൊട്ടടുത്തു തന്നെ വാക്സിൻ എടുക്കാൻ ക്യൂ നിൽക്കവേ കുഴഞ്ഞു വീണ് മരിച്ചു; മരണാനന്തര പരിശോധനാ ഫലം പോസിറ്റീവ്: നമ്മുടെ പരിശോധനാ ഫലങ്ങളെ എങ്ങനെ വിശ്വസിക്കും?
പത്തനംതിട്ട: കോവിഡ് ആന്റിജൻ പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടതിനെ തുടർന്ന് വാക്സിനെടുക്കാൻ കാത്തു നിൽക്കവേ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു.
ഓമല്ലൂർ മഞ്ഞിനിക്കര തൈക്കുറ്റിമുക്ക് കുറ്റിയിൽ തെക്കേതിൽ ജോർജ് ജോൺ (ജോണി - 69) ആണ് മരിച്ചത്. ഓമല്ലൂർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നലെയാണ് സംഭവം. രാവിലെ ഇവിടെആന്റിജൻ പരിശോധന കഴിഞ്ഞ് ഫലം നെഗറ്റീവ് ആണെന്ന് റിപ്പോർട്ട് കിട്ടിയ ശേഷം വാക്സിൻ സ്വീകരിക്കാൻ ക്യൂവിൽ നിൽക്കുമ്പോഴാണ് ജോൺ കുഴഞ്ഞു വീണത്. ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണാനന്തര പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: അമ്മിണി. മക്കൾ: വിനു, ബിൻസി, റിൻസി. മരുമക്കൾ: ജിൻസി, ജിബിൻ, ഫാ. ഈശോ.
മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് ഇവിടെ വാക്സിൻ നൽകുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. സാമൂഹിക അകലം പാലിക്കാറില്ലന്നും, പ്രായമായവർക്ക് ഇരിക്കാൻ കസേരയോ മറ്റ് സൗകര്യങ്ങളോ ഇല്ല. വാർഡ് അടിസ്ഥാനത്തിലാണ് വാക്സിൻ വിതരണം എന്നു പറയുമ്പോഴും അത് പാലിക്കപ്പെടാറില്ലന്ന് നാട്ടുകാർ പറയുന്നുയ
അറുപത് വയസ് കഴിഞ്ഞ വർക്ക് പ്രത്യേക പരിഗണന നൽകി വാക്സിൻ എടുക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. നമ്മുടെ കോവിഡ് പരിശോധനാ ഫലങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നതാണ് ഈ സംഭവം തെളിയിക്കുന്നത്. സർക്കാർ ആശുപത്രികളിലെ പല ഫലങ്ങളും ആശയക്കുഴപ്പം ഉണ്ടാക്കുന്നവയാണ്.
കഴിഞ്ഞ മാസം മെഴുവേലി പിഎച്ച്സിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആറു പേർക്ക് കോവിഡ് പോസിറ്റീവാണെന്ന് ഫലം വന്നിരുന്നു. ഇതിൽ ഒരാളെ കോവിഡ് രോഗികൾക്കൊപ്പം മൂന്നു ദിവസം പാർപ്പിക്കുകയും ചെയ്തു. അതിന് ശേഷം തങ്ങൾ നൽകിയ റിപ്പോർട്ട് തെറ്റാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ തന്നെ അറിയിച്ചിരുന്നു.
ചെന്നീർക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കോവിഡ് പോസിറ്റീവാണെന്ന് ഫലം കിട്ടിയ വാര്യാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർക്ക് സ്വകാര്യ ലാബിൽ നെഗറ്റീവാണെന്ന് റിപ്പോർട്ട് കിട്ടി. സംശയ ദൂരീകരണത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പരിശോധിച്ചപ്പോഴും ഫലം നെഗറ്റീവ് ആയിരുന്നു.
പത്തനംതിട്ട ജില്ലയിൽ വാക്സിൻ എടുത്തവർക്ക് രോഗം ബാധിച്ചത് വളരെ കൂടുതലാണെന്ന് കേന്ദ്രസംഘം കണ്ടെത്തിയിരുന്നു. എന്നാൽ വെറും 258 പേർക്ക് മാത്രമാണ് ബ്രേക്ക് ത്രൂ ഇൻഫക്ഷൻ ഉണ്ടായത് എന്നാണ് ഡിഎംഓ അറിയിച്ചത്. കേന്ദ്രം പുറത്തു വിട്ട കണക്ക് സംബന്ധിച്ച് ആരോഗ്യമന്ത്രി പിന്നീട് വിശദീകരണം നൽകിയിരുന്നു. കോവിഡ് രോഗാണു വാഹകരായി പോയി വാക്സിൻ എടുത്തവർക്കാണ് പിന്നാലെ കോവിഡ് സ്ഥിരീകരിച്ചത് എന്നായിരുന്നു വിശദീകരണം.
ഒരു ഡോസ് വാക്സിൻ എടുത്താൽ സംരക്ഷണം ഉണ്ടാകില്ലെന്നും രണ്ടു ഡോസും എടുത്ത് 15 ദിവസം കഴിഞ്ഞവർക്ക് മാത്രമാണ് പൂർണ സംരക്ഷണം ലഭിക്കുകയെന്നും ആരോഗ്യ വിദ്ഗധർ പറയുന്നു. ഇത്തരക്കാരായ 258 പേർക്ക് മാത്രമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ശേഷിച്ചവരെല്ലാം വാക്സിൻ എടുത്തതിന് തൊട്ടുപിന്നാലെ രോഗം വന്നവരാണെന്നും പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്