തിരുവല്ല: മധ്യതിരുവിതാംകൂറിലെ മിനി ഗൾഫ് എന്നറിയപ്പെടുന്ന കുമ്പനാട്ടെ എസ്‌ബിഐ പ്രധാന ശാഖയിൽ മുഴുവൻ ജീവനക്കാർക്കും കോവിഡ്. ബാങ്ക് ഇന്നലെ മുതൽ അടച്ചു. തിങ്കളാഴ്ചയോടെ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

കഴിഞ്ഞയാഴ്ച തിരുവല്ലയിലെ റീജണൽ ഓഫീസിലെ മീറ്റിങിൽ പങ്കെടുത്ത ജീവനക്കാർക്കാണ് ആദ്യം കോവിഡ് പോസിറ്റീവായത്. തൊട്ടുപിന്നാലെ സഹപ്രവർത്തകരിലേക്കും രോഗം പകർന്നു. ചീഫ് മാനേജർ അടക്കം ഒമ്പതു പേരാണ് ഈ ശാഖയിലുള്ളത്. അവർക്ക് മുഴുവൻ പോസിറ്റീവാണ്. ചെസ്റ്റ് ബാങ്കായതിനാൽ ഇവിടെ നിന്നുമാണ് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നത്.

ഇത് വാങ്ങുന്നതിന് നിരവധി ആളുകൾ കഴിഞ്ഞ ദിവസങ്ങളിൽ ബാങ്കിൽ എത്തിയിരുന്നു. ഇവരും ആശങ്കയിലാണ്. കോയിപ്രം പഞ്ചായത്തിലെ കുമ്പനാട് ജങ്ഷനിലാണ് ശാഖ സ്ഥിതി ചെയ്യുന്നത്. മിനി ഗൾഫ് എന്ന് അറിയപ്പെടുന്ന കുമ്പനാട്ടിൽ ഏറ്റവുമധികം വിദേശ പണത്തിന്റെ ഇടപാട് നടക്കുന്നതും എസ്‌ബിഐ ശാഖയിലാണ്. ദിവസേന നൂറകണക്കിനാൾക്കാരാണ് ഇടപാടുകൾക്കായി ബാങ്കിലെത്തുന്നത്. ഇവിടെ എത്തിയവർക്കും രോഗം പകരാനുള്ള സാധ്യത ഏറെയാണ്.

അതിനാലാണ് ശാഖ താൽക്കാലികമായി അടച്ചത്. ഇടപാടുകാർക്ക് കുടി കോവിഡ് സ്ഥിരീകരിക്കുന്നതോടെ ബാങ്ക് കേന്ദ്രീകരിച്ച് ക്ലസ്റ്റർ രൂപം കൊള്ളും. പത്തനംതിട്ടയിലെ മുത്തൂറ്റ് നഴ്സിങ് കോളജ് കേന്ദ്രീകരിച്ച് ഇന്നലെ ഓമിക്രോൺ ക്ലസ്റ്റർ രൂപം കൊണ്ടിരുന്നു. 15 കുട്ടികൾക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. അതിൽ ഒരാൾക്ക് മാത്രമാണ് ഓമിക്രോൺ. എല്ലാവരും വീടുകളിൽ ചികിൽസയിലാണ്.